ശരീരത്തിൽ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത് അനീമിയക്ക് കാരണമാകും. ആരോഗ്യദൃഢമായ ശരീരവും ഉന്മേഷപൂർണമായ മനസും വേണ്ടേ? എങ്കിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 g/dL ആണെന്ന് ഉറപ്പുവരുത്തണമെന്നാണ് പഠനം.
ഇരുമ്പിന്റെ കുറവു മൂലമുണ്ടാകുന്ന വിളര്‍ച്ച (anemia) സ്ത്രീകളേയും കുട്ടികളേയുമാണ് കൂടുതലായി ബാധിക്കുന്നത്. കൃത്യമായ ഭക്ഷണശീലം കൊണ്ട് വേണം ശരീരത്തിൽ ഹിമോഗ്ലോബിന്റെ അളവ് കുറയാതെ പ്രതിരോധിക്കാൻ.
രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കുറവാണ് വിളര്‍ച്ച ഉണ്ടാക്കുന്നത്. ഇവയില്‍ ഓക്‌സിജന്‍ വഹിക്കുന്നതിനു സഹായിക്കുന്ന ഹീമോഗ്ലോബിന്‍ എന്ന പ്രോട്ടീന്റെ നിര്‍മാണത്തിനാണ് ഇരുമ്പ് ആവശ്യമുള്ളത്. ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കൂടുതൽ കഴിക്കുന്നത് അനീമിയയെ പ്രതിരോധിക്കാൻ സഹായിക്കും.
കുട്ടികളെ അനീമിയ ഗുരുതരമായി ബാധിച്ചേക്കാം. കുട്ടികൾക്ക് പഠനത്തിൽ താൽപര്യക്കുറവ് വരാൻ സാധ്യത കൂടുതലാണ്. ക്ഷീണം, ഉത്സാഹക്കുറവ്, പഠനത്തില്‍ പിന്നോട്ടു പോവുക, മിടിപ്പ്, കിതപ്പ് എന്നിവയൊക്കെയാണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങള്‍.
ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കാൻ കൂടുതൽ ശ്രദ്ധിക്കണം. ഇലക്കറികൾ, നെല്ലിക്ക, ഇറച്ചി, കരൾ, മുട്ട, സോയാബീൻ, പരിപ്പ്, കടല, ശർക്കര, ഡ്രെെ ഫ്രൂട്ട്‌സ്, കക്കയിറച്ചി, കടൽ മീനുകൾ, പയർ വർഗങ്ങൾ, ധാന്യങ്ങൾ എന്നിവയാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ.
എന്നാൽ, ഇതുകൊണ്ട് മാത്രം വിളർച്ചയെ പ്രതിരോധിക്കാൻ സാധിക്കില്ല. അയേൺ ഗുളികകൾ കഴിച്ച് ശരീരത്തിൽ ഇരുമ്പിന്റെ അംശം വർധിപ്പിക്കാം. ഐഎഫ്എ ടാബ്‌ലറ്റുകൾ ആരോഗ്യവിദഗ്‌ധരും നിർദേശിക്കുന്നു. ‘വിറ്റാമിൻ സി’ ഭക്ഷണത്തിന്റെ ഭാഗമാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഓറഞ്ച്, മുസമ്പി, മാങ്ങ, പേരക്ക, പപ്പായ, നെല്ലിക്ക, പെെനാപ്പിൾ, നാരങ്ങ, സ്‌ട്രോബെറി, ഇലക്കറികൾ, ഉരുളക്കിഴങ്ങ് എന്നിവയാണ് ‘വിറ്റാമിൻ സി’ അടങ്ങിയ പ്രധാന ഭക്ഷണ പദാർത്ഥങ്ങൾ.