ലോകമാകമാനം പൊതുജനാരോഗ്യത്തിൽ കോവിഡ് വീണ്ടും വെല്ലുവിളി ഉയർത്തുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച് പ്രതിവാരം ലോകമാകമാനം 35 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒമൈക്രോണിന്റെ പുതിയ വകഭേദമായ BF.7, കോവിഡ് പ്രതിരോധ മാർഗങ്ങളും വാക്സിനേഷനും കൂടുതൽ ഊന്നൽ നൽകണമെന്ന് ആരോഗ്യ മേഖലയിലെ അധികാരികളെയും വിദഗ്ധരെയും ഓർമിപ്പിക്കുന്നു.
കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെ്ത സാഹചര്യത്തിൽ ടെസ്റ്റ് നടത്തേണ്ടത് എപ്പോഴാണെന്നും ഏത് ടെസ്റ്റാണ് ചെയ്യേണ്ടതെന്നും അറിഞ്ഞിരിക്കണം.
ആരൊക്കെയാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്?
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) നിർദേശം അനുസരിച്ച്, ആരൊക്കെയാണ് പരിശോധിക്കേണ്ടത്.
- ചുമ, പനി, തൊണ്ടവേദന, രുചി കൂടാതെ/അല്ലെങ്കിൽ മണം ഇല്ലാതിരിക്കുക, ശ്വാസതടസ്സം കൂടാതെ/അല്ലെങ്കിൽ മറ്റ് ശ്വസന ലക്ഷണങ്ങൾ എന്നീ രോഗലക്ഷണങ്ങളുള്ള വ്യക്തികൾ.
- പ്രായമായവർ (60 വയസ്സിനു മുകളിൽ) പ്രമേഹം, രക്താതിമർദ്ദം, വിട്ടുമാറാത്ത ശ്വാസകോശ അല്ലെങ്കിൽ വൃക്കരോഗം, പൊണ്ണത്തടി മുതലായവ പോലുള്ള രോഗാവസ്ഥയുള്ള വ്യക്തികൾ.
- രാജ്യാന്തര യാത്ര നടത്തുന്ന വ്യക്തികൾ
- ഇന്ത്യൻ വിമാനത്താവളങ്ങൾ / തുറമുഖങ്ങൾ / രാജ്യാതിർത്തികൾ എത്തുന്ന രാജ്യാന്തര യാത്രക്കാർ.
ടെസ്റ്റ് നടത്തേണ്ടതിന്റെ പ്രാധാന്യം
കോവിഡിന്റെ ഒരു വകഭേദം ചൈനയിൽ കേസുകളുടെ വർധനവിന് കാരണമായതിനാൽ, പരിശോധന ശക്തമാക്കുകയും ചുമ, ജലദോഷം, പനി എന്നിവയുമായി വരുന്ന എല്ലാവരെയും നിരീക്ഷിക്കുകയും വേണമെന്ന് ഫരീദാബാദിലെ ഫോർട്ടിസ് ആശുപത്രിയിലെ പൾമോണോളജി ഡറക്ടറും മേധാവിയുമായ ഡോ.രവി ശേഖർ ഝാ പറഞ്ഞു.
രോഗലക്ഷണങ്ങൾ എന്തൊക്കെ?
അസാധാരണമായ പനി, ശരീരവേദന, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ അണുബാധയ്ക്കും സാധ്യത.
എപ്പോഴാണ് ഒരാൾ ടെസ്റ്റ് നടത്തേണ്ടത്?
ലക്ഷണങ്ങളുണ്ടെങ്കിലാണ് ടെസ്റ്റ് നടത്തേണ്ടതെന്ന് നോയിഡയിലെ ശാരദ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.ശുഭേന്ദു മൊഹന്തി പറഞ്ഞു.
എന്തൊക്കെ ടെസ്റ്റുകളാണ് ലഭ്യമായിട്ടുള്ളത്?
ഐസിഎംആർ അനുസരിച്ച്, തൽസമയ ആർടിപിസിആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ (RAT) എന്നിവയാണ് ഇന്ത്യയിൽ SARS-CoV-2 രോഗനിർണയത്തിനുള്ള പ്രധാന മാർഗങ്ങൾ. ഐസിഎംആറിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച്, TrueNat, CBNAAT, CRISPR, RT-LAMP, റാപ്പിഡ് മോളിക്യുലാർ ടെസ്റ്റിങ് സിസ്റ്റംസ് എന്നിവയിലൂടെയും പരിശോധന നടത്താം.
ഐസിഎംആർ പ്രധാനമായും മൂന്നു തരം കോവിഡ് ടെസ്റ്റുകളാണ് പറയുന്നത് – മോളിക്യുലാർ ടെസ്റ്റുകൾ (പിസിആർ ടെസ്റ്റുകൾ എന്നും അറിയപ്പെടുന്നു), ആന്റിജൻ ടെസ്റ്റുകൾ, ആന്റിബോഡി ടെസ്റ്റുകൾ.
സർക്കാരും സ്വകാര്യ ലാബ് നെറ്റ്‌വർക്കുകളും നടത്തുന്ന കുറച്ച് തന്മാത്രാ പരിശോധനകളുണ്ട്. അവയിലൊന്നാണ് ട്രൂനാറ്റ് ആർടിപിസിആർ. ഇതിലൂടെ ഒരു മണിക്കൂറിനുള്ളിൽ സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ അറിയാം. കൂടാതെ, നിരവധി ഹോംഗ്രൗൺ ടെസ്റ്റുകളും നിരവധി ആന്റിജൻ ടെസ്റ്റുകളുമുണ്ടെന്ന് മോൾബിയോ ഡയഗ്നോസ്റ്റിക്‌സിലെ സിടിഒ ഡോ.ചന്ദ്രശേഖർ നായർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.