പ്രമേഹമുള്ളവർ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ തന്നെ പലരും അരിയും ഗോതമ്പും പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. ഈ ജീവിതശൈലി രോഗമുള്ളവർ കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുള്ളത്.
ഇന്ത്യൻ ഭക്ഷണക്രമം പൊതുവേ പഞ്ചസാരയും കാർബോഹൈഡ്രേറ്റും നിറഞ്ഞതാണെന്ന് മിക്ക ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു. കുറച്ച് കാർബോഹൈഡ്രേറ്റും കൂടുതൽ പ്രോട്ടീനും ലഭിക്കുന്നതിന് അതിനനുസരിച്ച് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ക്രമീകരിക്കേണ്ടതുണ്ടെന്ന് മൊറാദാബാദിലെ ഡോ.ഷാഹിദ് ഷാഫി പറഞ്ഞു.
നമ്മുടെ രാജ്യത്തെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് അരിയും ഗോതമ്പും. കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമായ ഈ ഭക്ഷണങ്ങൾക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. അതായത്, അവ വേഗത്തിൽ വിഘടിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. മധുരമുള്ള ഭക്ഷണങ്ങളും സമാനമായ അവസ്ഥയാണ് ഉണ്ടാക്കുക.
”ഗോതമ്പിനും അരിക്കും പകരമുള്ള ചില ഓപ്ഷനുകൾ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സുള്ളതും കുറഞ്ഞ കലോറിയുള്ളതുമായ പയർവർഗങ്ങളായ ബജ്റയും റാഗിയുമാണ്. നാരുകളുടെ നല്ലൊരു ഉറവിടമായ ബജ്റ കഴിക്കാം. നാരിന്റെ നല്ലൊരു ഉറവിടം കൂടിയാണ് റാഗി. മൾട്ടിഗ്രെയിൻ ഓട്സ് കഴിക്കാം. പ്രഭാതഭക്ഷണത്തിന് പഴങ്ങളും മുളപ്പിച്ച പയർവർഗങ്ങളും ചേർത്ത് സ്മൂത്തികൾ തയ്യാറാക്കുക,” ഡോ.ഷാഫി പറഞ്ഞു.
പല കാരണങ്ങളാൽ പ്രമേഹം ഉണ്ടാകാമെന്ന് തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് ഗ്രൂപ്പ് കോർഡിനേറ്ററുമായ ഡോ.എൻ.എസ്.ജയശ്രീ നേരത്തെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു. ”കുടുംബ പാരമ്പര്യമായി പ്രമേഹം വരാം. അതായത് അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് പ്രമേഹം വരാനുള്ള സാധ്യത 90 ശതമാനത്തിന് മുകളിലുണ്ടെന്നാണ് പറയുന്നത്. ഇവരിൽ ആരെങ്കിലും ഒരാൾക്ക്, അതായത് അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിലും മക്കൾക്കു വരാം. ശരീരം ഭാരം കൂടുതലുള്ളവർക്കും, ബിപി, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒബിസിറ്റി ഉള്ളവർക്ക് പെട്ടെന്നു ഷുഗർ വരാം.”
പതിവായുള്ള വ്യായാമം, ശരീരം ഭാരം നിയന്ത്രിക്കുക ഇവയെല്ലാം പ്രമേഹത്തിനുള്ള കാലതാമസം കൂട്ടും. 25 വയസിൽ പ്രമേഹത്തിനുള്ള സാധ്യതയുണ്ടെങ്കിൽ ഒരു 50 അല്ലെങ്കിൽ 60 വയസിലേക്ക് കാലതാമസം വരുത്താൻ ഇതിലൂടെ കഴിയും. ചിലർക്ക് ഫാസ്റ്റിങ് ഷുഗർ കൂടുതലായിരിക്കും, പക്ഷേ ഭക്ഷണത്തിനുശേഷമുള്ള ഷുഗർ നിയന്ത്രണത്തിലായിരിക്കും. ഇവർക്ക് ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം വരുന്നത് വൈകിപ്പിക്കാനാകും. വ്യായാമം ചെയ്യുന്നതും, ഭക്ഷണശേഷം ചെറിയ നടത്തം പോലുള്ള ശാരീരിക ചലനങ്ങളും ഇൻസുലിൽ ഉത്പാദനം കൂട്ടും. ഇത് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞിരുന്നു.