ദിവസവും ബദാം കഴിക്കണമെന്ന് വിദഗ്ധർ പറയുന്നതിന് ചില കാരണങ്ങളുണ്ട്. ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്ന ബദാമിൽ ഫൈബർ, വിറ്റാമിൻ ഇ എന്നിവയും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അവ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും, പ്രതിരോധശേഷി വർധിപ്പിക്കാനും, ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ബദാം സഹായിക്കും.
ഹൃദയാരോഗ്യത്തിനും ഏറെ മികച്ചതാണ് ബദാം. ബദാമിലെ കൊഴുപ്പിന്റെ അളവ് ശരീരത്തിലെ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ (നല്ല കൊളസ്ട്രോൾ) അളവ് വർധിപ്പിക്കാൻ സഹായിക്കുന്നുവെന്നും ആരോഗ്യകരമായ ഹൃദയത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
ബദാം എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നത് എങ്ങനെ?
കൊളസ്ട്രോൾ കുറയ്ക്കുന്ന മോണോ-അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളായ ഒലിക് ആസിഡ്, പാൽമിറ്റോലിക് ആസിഡുകൾ എന്നിവയുടെ കലവറയാണ് ബദാമെന്ന് ഡികെ പബ്ലിഷിങ്ങിന്റെ ഹീലിങ് ഫുഡ്സ് എന്ന പുസ്തകത്തിൽ പറയുന്നു. ”പ്രോട്ടീൻ, ഫൈബർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ബദാം. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും,” ദി ജേർണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഒരു പിടി ബദാം എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുക മാത്രമല്ല, ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദൈനംദിന ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് ഡിസ്ലിപിഡെമിയ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം കാണിക്കുന്നു. നല്ല കൊളസ്ട്രോൾ കുറവും ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂടുതലും ആയിരിക്കുന്ന അവസ്ഥയാണിത്. ഇന്ത്യക്കാർക്കിടയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ഒരു പ്രധാന അപകട ഘടകമായി ഇത് അറിയപ്പെടുന്നു.
ഒരു ദിവസം എത്ര ബദാം കഴിക്കാം? അനുയോജ്യമായ സമയം
ന്യൂട്രീഷൻ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ദിവസവും 14 ഗ്രാം ബദാം കഴിക്കുന്നത് ആരോഗ്യമുള്ള ഹൃദയത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ പറയുന്നതനുസരിച്ച്, ബദാം അതിരാവിലെയോ ഉച്ചഭക്ഷണ ഇടവേളയിലെ ലഘുഭക്ഷണമായോ കഴിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.