വർഷത്തിലെ ഏത് സമയമായാലും, വിപണികളിൽ സീസണൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ഒരു വലിയ നിര തന്നെയുണ്ടാകും. ഓരോരുത്തർക്കും അവരവരുടെ പ്രദേശങ്ങളിൽ ലഭ്യമായ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആരോഗ്യകരവും പോഷകപ്രദവുമായ എന്തെങ്കിലും ഉണ്ടാകും. ശൈത്യകാലത്ത് ധാരാളമായി ലഭ്യമാകുന്ന അത്തരത്തിലുള്ള ഒന്നാണ് മധുരക്കിഴങ്ങ്.
എന്നാൽ മധുരക്കിഴങ്ങ് ശരിക്കും ആരോഗ്യകരമാണോ? ഇതിന് മധുരമുള്ളതിനാൽ ചെറിയ അളവിൽ മാത്രമേ കഴിക്കാവൂ എന്നാണോ?. യുഎസ്ഡിഎ ഡാറ്റ പ്രകാരം, 100 ഗ്രാം മധുരക്കിഴങ്ങിൽ 86 കലോറിയും 0.1 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇതിൽ നല്ല അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, കൂടാതെ പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്. മധുരക്കിഴങ്ങിൽ നല്ല അളവിൽ കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്.
നാരുകളാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് എല്ലാവർക്കും കഴിക്കാവുന്നതാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ പറഞ്ഞു. പൊണ്ണത്തടി, പിസിഒഡി, പ്രമേഹം എന്നിവയുമായി പോരാടുന്നവർക്ക് ഇതൊരു മികച്ച ലഘുഭക്ഷണമാണെന്ന് അവർ പറഞ്ഞു.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തും
പ്രതിരോധശേഷി വർധിപ്പിക്കുന്ന ശൈത്യകാല സൂപ്പർഫുഡിനായി തിരയുകയാണെങ്കിൽ ഉത്തരം മധുരക്കിഴങ്ങാണ്. ഇതിലെ കരോട്ടിനോയിഡുകളും ആന്തോസയാനിനും ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ഇവ ചർമ്മത്തെ സംരക്ഷിക്കുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
മധുരക്കിഴങ്ങ് പ്രമേഹരോഗികൾ ഒഴിവാക്കേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. മധുരക്കിഴങ്ങിൽ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറവാണ്, കൂടാതെ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മധുരക്കിഴങ്ങിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും മാക്യുലർ ഡീജനറേഷൻ തടയുകയും ചെയ്യുന്ന ബീറ്റാ കരോട്ടിനും ഇവയിൽ അടങ്ങിയിട്ടുണ്ട്.
ദഹനം സുഗമമാക്കുന്നു
ഭക്ഷണത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് ദഹന പ്രശ്നങ്ങൾ ഒഴിവാക്കും. മധുരക്കിഴങ്ങിലെ ധാതുക്കളും വിറ്റാമിൻ ബിയും വയറുവേദന, അസിഡിറ്റി, മലബന്ധം എന്നിവ അകറ്റും.
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും
ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ മധുരക്കിഴങ്ങ് തീർച്ചയായും കഴിക്കണം. ഇവയിൽ കലോറി കുറവും നല്ല അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ദീർഘനേരം പൂർണത നിലനിർത്താനും സഹായിക്കുന്നു.
മധുരക്കിഴങ്ങ് ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണെങ്കിലും മറ്റു ഭക്ഷണങ്ങളെപ്പോലെ എപ്പോഴും മിതമായ അളവിൽ കഴിക്കുക. അതുപോലെ, എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിനു മുൻപ് ഒരു ന്യൂട്രീഷ്യനിസ്റ്റിനെ സമീപിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.