scorecardresearch
Latest News

ലിവർ അറ്റാക്ക്; അറിയേണ്ടതെല്ലാം

പൂർണ്ണ ആരോഗ്യവാനായ ഒരു വ്യക്തിക്ക്, കരൾ സംബന്ധമായ യാതൊരു അസുഖങ്ങളും ഇല്ലാത്ത ആൾക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ മഞ്ഞപിത്തം വരുന്നു. കണ്ണും മൂത്രവും മഞ്ഞ നിറമാകുന്നു, ശർദ്ദി, ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത രീതിയിൽ ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ

ലിവർ അറ്റാക്ക്; അറിയേണ്ടതെല്ലാം

പാബ്ലോ നെരൂദയുടെ ‘കരളിനൊരു ഭാവഗീതം’ (Ode to the Liver) ഒരു മാസ്റ്റർ പീസ് ആണ്. ഇത് കരൾരോഗ ശാസ്ത്രജ്ഞൻ ഹെക്ടർ ഒറിഗോയെ കണ്ടുമുട്ടിയതിനു ശേഷം എഴുതപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.

നെരൂദ  കരളിനെ ഒരു ‘നിശബ്ദയന്ത്രം’ ആയാണ് കാണുന്നത്. എന്നാൽ ‘തീയും വിഷാദവും കരളിന്റെ സൂക്ഷ്മ കോശങ്ങളെ നശിപ്പിക്കുമ്പോൾ വൈമാനികൻ പറന്നെത്തുക എത്തേണ്ടാത്ത  ആകാശത്ത് ആയേക്കാം, ഒരുവേള (ഞാൻ എന്ന) ഉപഗ്രഹം തന്നെ പാടെ നഷ്ടമായേക്കാം!’

കരൾ നാശം ജീവനാശം ആണെന്ന് സാരം. ഇത് അന്വർത്ഥമാക്കുന്ന രോഗാവസ്ഥയാണ് അക്യൂട്ട് ലിവർ ഫെയിലിയർ. (Acute Liver Failure -ALF)

പൂർണ്ണ ആരോഗ്യവാനായ ഒരു വ്യക്തിക്ക്, കരൾ സംബന്ധമായ യാതൊരു അസുഖങ്ങളും ഇല്ലാത്ത ആൾക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ മഞ്ഞപിത്തം വരുന്നു. കണ്ണും മൂത്രവും മഞ്ഞ നിറമാകുന്നു, ശർദ്ദി, ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത രീതിയിൽ ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ഏതാനും ദിവസങ്ങളിൽ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളിൽ സാരമായ മാറ്റം സംഭവിക്കാം – ഓർമ്മക്കുറവ്, സ്വഭാവത്തിലെ വ്യതിയാനം തുടങ്ങി കോമയിൽ എത്തി നിൽക്കാൻ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മതിയാകും. ചികിത്സ ലഭിക്കാതെ വന്നാൽ മരണം സംഭവിക്കുക ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ! ഈ മാരകമായ കരൾ രോഗത്തിന് ‘അക്യൂട്ട് ലിവർ ഫെയിലിയർ’ (Acute Liver Failure:ALF) എന്നു പറയുന്നു.

നൂറിലധികം പ്രവർത്തനങ്ങൾ നടക്കുന്ന ഒരു വലിയ ഫാക്ടറിയാണ് കരൾ. ദഹനം,  ശുദ്ധീകരണം, ആൽബുമിൻ തുടങ്ങിയ പല പ്രോട്ടീൻ ഘടകങ്ങളുടെ നിർമ്മാണം, ശരീരത്തിൽ കടന്നു കൂടുന്ന വിഷവസ്തുക്കളുടെ നിർമ്മർജനം – തുടങ്ങി കരൾ ചെയ്യുന്ന സകല പ്രവർത്തനങ്ങൾക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ സഡൻ ബ്രേക്ക് വീഴുന്നു. മുൻ പ്രതിപാദിച്ച മസ്തിഷ്ക തകരാറിനൊപ്പം, രക്തസ്രാവവും മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവർത്തന തകരാറും സംഭവിക്കാം. അക്ഷരാർത്ഥത്തിൽ ‘ലിവറിന്റെ  ഹർത്താൽ’ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. അടച്ചിടപെട്ട അവയവത്തെക്കാൾ മറ്റ് അവയവങ്ങൾക്കും ഇവിടെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു !

ഹാർട്ട് അറ്റാക്കിനെ കുറിച്ചാണ് കൂടുതൽ കേട്ടറിവ്. അക്യൂട്ട് ലിവർ ഫെയിലിയർ എന്നു പറയുന്നത് ലിവർ അറ്റാക്ക് ആണ്. താരതമ്യം ചെയ്യുമ്പോൾ ഹൃദ്രോഗത്തെക്കാളും വേഗത്തിൽ മറ്റ് അവയവങ്ങളെ ബാധിക്കുന്നതും മരണനിരക്ക് കൂടിയതുമായ അവസ്ഥ.

ALF- കാരണങ്ങൾ എന്തെല്ലാം??

 1. വൈറസുകൾ: കരൾ കോശങ്ങളെ തേടിപ്പിടിച്ച് ആക്രമിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി, എ, ഇ എന്നീ വൈറസുകളാണ് സാധാരണ കാരണങ്ങൾ. ശരീരത്തിലാകമാനം രോഗാവസ്ഥ ഉണ്ടാക്കുന്ന ചിക്കൻപോക്സ്, ഹെർപ്പസ്  സിംപ്ലക്സ്‌, സൈറ്റോമെഗാലോ വൈറസ് തുടങ്ങിയവയും അപൂർവമായി അക്യൂട്ട് ലിവർ ഫെയിലിയർ ഉണ്ടാക്കാം.
 2. മരുന്നുകളുടെ ഉപയോഗവും ദുരുപയോഗവും: മോഡേൺ മെഡിസിൻ മരുന്നുകൾ, ആയുർവേദം, സിദ്ധ, യൂനാനി, പച്ചിലമരുന്ന് നാട്ടുവൈദ്യം – ഇതെല്ലാം തന്നെ കരൾ പ്രവർത്തന തകരാറിലേക്ക്  നയിക്കാം. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ പരീക്ഷണ നിരീക്ഷണങ്ങളുടെ പല ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മരുന്ന് കമ്പോളത്തിൽ എത്തുന്നതിനു മുൻപേ തന്നെ, ക്ലിനിക്കൽ ട്രയലുകളിലൂടെ ഇതിന്റെ പാർശ്വഫലങ്ങളും നാം മനസ്സിലാക്കുന്നു. അപൂർവമായി കരൾ പ്രവർത്തനത്തെ ബാധിക്കാം എന്ന് കണ്ടെത്തിയാലും മരുന്നിന്റെ രോഗനിവാരണ ശക്തിയെ മുൻനിർത്തി നാം ചില മരുന്നുകൾ ഉപയോഗിക്കാറുണ്ട്.  ഇത്തരം മരുന്നുകൾ രോഗിക്ക് കൊടുക്കുമ്പോൾ, ഇടയ്ക്കിടെ രക്ത പരിശോധന നടത്തി കരൾ പ്രവർത്തനം ശരിയാംവണ്ണം നടക്കുന്നുവെന്ന് ഉറപ്പു വരുത്താം. അഥവാ LFT (Liver Function Test) യിൽ വ്യതിയാനങ്ങൾ കണ്ടാൽ മരുന്നിന്റെ അളവ് കുറയ്ക്കുകയോ, നിർത്തി മറ്റൊന്നു തുടങ്ങുകയോ ചെയ്യാം. ടിബിക്കെതിരെയുള്ള മരുന്നുകൾ, കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നുകൾ, കാൻസർ കീമോതെറാപ്പി ഇങ്ങനെ ഒട്ടനവധി മരുന്നുകൾ കരളിന് ക്ഷതം  ഉണ്ടാക്കാവുന്നതാണ്.എന്നാൽ നാട്ടുവൈദ്യം, പച്ചമരുന്ന് ചികിത്സ തുടങ്ങിയവയിൽ ക്ലിനിക്കൽ ട്രെയിലുകൾ നടത്താത്തത് കൊണ്ട് കരളിനെ ബാധിക്കുമോ എന്ന് അറിയില്ല, അതു കൊണ്ട് തന്നെ കരൾ പ്രവർത്തനം രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്താനും സാധ്യമല്ല. പല ഹെർബൽ മരുന്നുകളും ക്ലിനിക്കൽ ട്രെയലുകളിൽ കൂടി കടന്നു സുരക്ഷിതത്വം തെളിയിക്കാതെ ആണ് വിൽപ്പനയ്ക്ക് എത്തുക. ഇത്തരം പല മരുന്നുകളും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ ലഭിക്കുകയും ചെയ്യും. പത്ര മാധ്യമങ്ങളിലെ പരസ്യം മാത്രമാണ് ഈ വിൽപനയ്ക്ക് ആധാരം. കേരളത്തിലെ കരൾ മാറ്റിവയ്ക്കൽ നടക്കുന്ന ആശുപത്രികളിൽ, പച്ചിലമരുന്ന് നാട്ടുവൈദ്യവും കാരണം തകരാറിലായി കരൾ മാറ്റി വച്ചവരുടെ എണ്ണം വളരെയധികമാണ്.
 3. വിഷാംശം ഉള്ളിൽ ചെല്ലുന്നത് കാരണം കരൾ തകരാറിൽ ആവാറുണ്ട്: മഞ്ഞ  ഫോസ്ഫറസ്, എലിവിഷമമായി നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നു. ആത്മഹത്യാ പ്രവണത ഉള്ളവർ, എലിവിഷം കഴിച്ച് അക്യൂട്ട് ലിവർ ഫെയിലിയറിൽ  ചെന്ന് എത്താറുണ്ട്. ചില അപൂർവയിനം കൂണുകളും (Amanita phalloides) കരൾ തകരാറുണ്ടാക്കും. മരുന്നുകളിൽ വളരെ എളുപ്പത്തിൽ കിട്ടാൻ സാധ്യതയുണ്ട് എന്നുള്ളതിനാൽ പാരസെറ്റമോൾ ഗുളിക ആത്മഹത്യാ പ്രവണത ഉള്ളവർ അമിതമായി ഉപയോഗിക്കാറുണ്ട്, ഇതും ALF ന്റെ സാധാരണമായ കാരണമാണ്.
 4. മദ്യം: ചുരുങ്ങിയ കാലയളവിൽ അമിതമായ അളവിൽ മദ്യം കഴിക്കുന്നത്‌ കരൾ വീക്കത്തിലേക്കും പ്രവർത്തന  തകരാറിലേക്കും നയിക്കാം.
 5. ഗർഭ സംബന്ധമായ കരൾരോഗം: താരതമ്യേന വിരളമാണെങ്കിലും,  തീവ്രതയേറിയ രോഗമാണ് ഗർഭ സംബന്ധമായ കരൾരോഗങ്ങൾ. കരളിൽ അമിതമായി കൊഴുപ്പ് അടിയുക, രക്തത്തിലെ പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുക, രക്തസ്രാവം സംഭവിക്കുക – ഇവയെല്ലാമാണ് ലക്ഷണങ്ങൾ. നേരത്തെ തന്നെ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് പ്രസവം നടത്തുക എന്നതാണ് ചികിത്സയുടെ  കാതൽ.

ചികിത്സയിലെ വെല്ലുവിളികൾ എന്തെല്ലാം?

പ്രധാന വെല്ലുവിളി രോഗാവസ്ഥ അതിവേഗം പല അവയവ തകരാറിലേക്ക് നയിക്കും എന്നതാണ്.

തുടക്കത്തിൽ പ്രതിപാദിച്ചത് പോലെ, മഞ്ഞപ്പിത്തം വന്നതിനു ശേഷം ഏതാനും ദിവസങ്ങൾ കൊണ്ട് മസ്തിഷ്ക തകരാറിലേക്കും മറ്റ് അവയവങ്ങളുടെ  ബാധിപ്പിലേക്കും എത്തിച്ചേരുന്നു. ഇത് ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ സംഭവിക്കാം. ഇതിൽ മസ്തിഷ്കത്തിനെ ബാധിക്കുന്നതാണ് ഏറ്റവും ഗുരുതരമായത്.

ഹാർട്ട് അറ്റാക്കിന്റെ ചികിത്സയിൽ,  ചികിത്സ വൈകിക്കുന്നത് ഹൃദയത്തിന്റെ പേശികളെ കൂടുതൽ തകരാറിൽ എത്തിക്കുന്നു. എന്നാൽ, അക്യൂട്ട് ലിവർ ഫെയിലിയറിൽ ആകട്ടെ, കരൾ മാത്രമല്ല, പല അവയവങ്ങളുടെ മന്ദീഭവിക്കലാണ് ചികിത്സ വൈകുമ്പോൾ സംഭവിക്കുന്നത്. മരുന്നു കൊണ്ടുള്ള ചികിത്സ, തീവ്രപരിചരണം, കരൾ മാറ്റിവയ്ക്കൽ, ഇവയാണ് ചികിത്സാരീതികൾ. ശരിയായ ചികിത്സ കൊടുത്ത് രോഗിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നത് പ്രധാന വെല്ലുവിളിയാണ്. മസ്തിഷ്ക തകരാർ രൂക്ഷമാകുന്നതിനു മുമ്പ് തീവ്രപരിചരണവിഭാഗത്തിൽ എത്തുന്ന രോഗി രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ചികിത്സാരീതികൾ ഫലപ്രദമാണോ?

ഫലപ്രദമായ ചികിത്സകൾ ഉണ്ട്, പക്ഷേ വിജയകരമായി ചികിത്സയ്ക്ക് വെല്ലുവിളികൾ ഏറെയാണ്. അക്യൂട്ട് ലിവർ ഫെയിലിയർ വളരെ വേഗതയിൽ പല അവയവങ്ങളുടെ തകരാറിലേക്ക് നയിക്കുന്നത് കൊണ്ട് കാലതാമസമില്ലാതെ രോഗി ഒരു കരൾ തീവ്രപരിചരണവിഭാഗത്തിൽ (Intensive liver therapy unit) എത്തുന്നതാണ് ഒന്നാം കടമ്പ. ബോധത്തിനും മങ്ങൽ  വരുന്നതിനും മുമ്പു തന്നെ തീവ്രപരിചരണവിഭാഗത്തിൽ എത്തുന്നതിനു ഏറെ പ്രാധാന്യമുണ്ട്. പല രീതിയിലുള്ള മെഡിക്കൽ ചികിത്സകൾ സാധ്യമാണ്.

ചില രോഗ കാരണങ്ങൾക്ക് മറുമരുന്ന് ലഭ്യമാണ്; പാരസെറ്റമോൾ ഓവർഡോസ് കാരണമുള്ള കരൾ തകരാറിന് പ്രത്യേക മരുന്നുകളുണ്ട്, ഹെപ്പറ്റൈറ്റിസ് ബി കാരണമുള്ള അക്യൂട്ട് ലിവർ ഫെയിലിയറിനും, വിഷാംശമുള്ള കൂണുകൾ മൂലമുള്ള കരൾ തകരാറിനും മരുന്നുണ്ട്. ഒരുവേള ഈ മരുന്നുകൾ നേരത്തെ തന്നെ കൊടുത്താൽ കരൾ മാറ്റിവയ്ക്കൽ ഒഴിവാക്കാവുന്നതാണ്. രക്ത ശുദ്ധീകരണം (പ്ലാസ്മ എക്സ്ചേഞ്ച്), ലിവർ ഡയാലിസിസ് (MARS: Molecular Adsorption in Recirculating System) തുടങ്ങിയ നൂതന മാർഗങ്ങളും പ്രയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം ചികിത്സകൾ ഫലപ്രദമല്ല എന്ന് കാണുകയും, മസ്തിഷ്ക പ്രവർത്തനത്തകരാറുകൾ മൂർച്ഛിക്കുകയും ചെയ്യുന്നെങ്കിൽ കരൾ ട്രാൻസ്‌പ്ലാന്റേഷൻ  മാത്രമാണ് പോംവഴി.

ഇന്ത്യയിൽ മസ്തിഷ്ക മരണത്തിനു ശേഷമുള്ള അവയവ ലഭ്യത കുറവായതിനാൽ, ലിവിങ് ഡോണർ ട്രാൻസ്‌പ്ലാന്റ്  ആണ് ചെയ്യുക. ഇതിന് പരിമിതികൾ ഒട്ടനവധി ഉണ്ടു താനും. പാശ്ചാത്യ രാജ്യങ്ങളിൽ, അക്യൂട്ട് ലിവർ ഫെയിലിയറിനു വേണ്ടിയുള്ള  കരൾ മാറ്റിവയ്ക്കൽ മസ്തിഷ്ക മരണത്തിനു ശേഷമുള്ള അവയവദാനം ആണ്  രക്ഷ ആകുന്നത്. ഇന്ത്യയിൽ തമിഴ്നാട്ടിൽ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ അവയവദാനം നല്ല രീതിയിൽ നടക്കുമ്പോൾ നിർഭാഗ്യമെന്നു പറയട്ടെ കേരളത്തിൽ 2016 ന് ശേഷം അടിസ്ഥാനരഹിതമായ വിമർശനങ്ങൾ കാരണം കാര്യമായി അവയവദാനം നടക്കുന്നില്ല.

അവയവത്തിന്റെ  ദൗർലഭ്യം അല്ലാതെ മറ്റു ചില പ്രശ്നങ്ങളും ലിവർ അറ്റാക്ക് ചികിത്സയിൽ വേണ്ടി വന്നേക്കാവുന്ന ത്വരിതഗതിയിൽ ചെയ്യേണ്ട ട്രാൻസ്‌പ്ലാന്റേഷനിൽ വെല്ലുവിളികൾ ഉയർത്തുന്നു. ALF രോഗിയെ ട്രാൻസ്‌പ്ലാന്റ് സൗകര്യമുള്ള തീവ്രപരിചരണ വിഭാഗത്തിലേക്ക് കാലതാമസമില്ലാതെ മാറ്റുന്നതിന് ഗ്രീൻ കോറിഡോർ സംവിധാനം ട്രാഫിക് വളരെ കൂടിയ ഇന്ത്യ പോലത്തെ രാജ്യത്ത് ഏർപ്പെടുത്തേണ്ടതാണ്.

Read Also: ഡോ.ഹരികുമാർ നായർ എഴുതിയ ലേഖനങ്ങൾ ഇവിടെ വായിക്കാം

NUT SHELL BOX 1

ലിവർ അറ്റാക്കിന്റെ  ചികിത്സാരീതികൾ

  1. മെഡിക്കൽ ചികിത്സ: ഇത് ഒരു കരൾ തീവ്രപരിചരണവിഭാഗത്തിൽ ആണ് ചെയ്യേണ്ടത്. മസ്തിഷ്ക തകരാർ വരുന്നതിനു മുമ്പ് ഇവിടെ എത്തുന്നത് ചികിത്സാ വിജയം ഉറപ്പു വരുത്തും. വൈറൽ ഹെപ്പറ്റൈറ്റിസ് ബി,  പാരസെറ്റമോൾ ഓവർഡോസ്, ഓട്ടോഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് പ്രത്യേക തരം മരുന്നുകളുണ്ട്.
  2. പ്ലാസ്മ എക്സ്ചേഞ്ച്: അക്യൂട്ട് ലിവർ ഫെയറിൽ കരളിൽ നിന്ന് ശരീരകോശങ്ങളുടെ വീക്കത്തിന് കാരണമായ ഘടകങ്ങൾ രക്തത്തിലേക്ക് കലരും, ഇത് മറ്റ് അവയവങ്ങളെ തകരാറിൽ എത്തിക്കും. പ്രത്യേകിച്ച് മസ്തിഷ്കം, ശ്വാസകോശം, കിഡ്നി, രക്ത ശുദ്ധീകരണം അഥവാ പ്ലാസ്മ എക്സ്ചേഞ്ച്  ഒരു അളവോളം സഹായകമാണ്.
  3. ലിവർ ഡയാലിസിസ്: മാർസ്  എന്ന സമ്പ്രദായം (MARS-Molecular adsorption in a recirculating System), രോഗിയുടെ അവസ്ഥ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നതു വരെ നല്ല രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു. കരൾ മാറ്റിവയ്ക്കലിലേക്കുള്ള ഒരു പാലമായി വേണം ‘മാഴ്സി’നെ കരുതാൻ
  4. പുനരുജ്ജീവന ചികിത്സ: പുനരുജ്ജീവന സാധ്യത ഓരോ അവയവങ്ങൾക്കും ഓരോ രീതിയിലാണ്, മസ്തിഷ്കത്തിലെ ഈ കഴിവ് ഏറ്റവും കുറവാണെന്ന് പറയാം, എന്നാൽ പുതിയ കോശങ്ങൾ ഉണ്ടാകാൻ വളരെയധികം സാധ്യതയുള്ള അവയവമാണ് കരൾ. മജ്ജയിൽ നിന്ന് പുറത്തു വരുന്ന മൂലകോശങ്ങൾ കരളിൽ എത്തി കരൾകോശങ്ങൾ ആയി രൂപാന്തരപ്പെടാം. ഈ പ്രക്രിയയ്ക്ക് സഹായകമായ വണ്ണം ചില മരുന്നുകളും ഉപയോഗിക്കാറുണ്ട്.
  5. കരൾ മാറ്റിവയ്ക്കൽ: നേരത്തെ പറഞ്ഞ മെഡിക്കൽ ചികിത്സകൾ ഫലിക്കുന്നില്ലെന്ന് കാണുമ്പോൾ, രോഗിയുടെ  അവസ്ഥയിൽ നിന്നോ, രക്തപരിശോധനകളിലെ സൂചനകളിൽ നിന്നോ കരൾ മാറ്റിവയ്ക്കൽ അനിവാര്യമാണെന്നു മനസ്സിലാക്കാം. പലപ്പോഴും മണിക്കൂറുകൾക്കുള്ളിൽ, ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലാണ് കരൾ മാറ്റിവയ്ക്കൽ ചെയ്യേണ്ടി വരിക.

NUT SHELL BOX 2

1. മുൻപ് കരളിന് യാതൊരു അസുഖവും ഇല്ലാത്ത വ്യക്തിക്ക് പെട്ടെന്ന് മഞ്ഞപിത്തം വരുക.

2. രോഗം മണിക്കൂറുകൾക്കുള്ളിൽ അഥവാ ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂർച്ഛിക്കുന്നു.

3. മഞ്ഞപ്പിത്തത്തെ തുടർന്ന് മസ്തിഷ്കത്തെ ബാധിക്കും. ഇതിലൂടെ മറ്റ് അവയവങ്ങളുടെ തകരാറും സംഭവിക്കാം.
4. കരൾ തീവ്രപരിചരണവിഭാഗത്തിൽ കാലതാമസമില്ലാതെ എത്തുക എന്നുള്ളതാണ് വിജയകരമായ ചികിത്സയ്ക്കുള്ള പ്രധാന വെല്ലുവിളി. മസ്തിഷ്ക തകരാർ വരുന്നതിനുമുമ്പ് എത്തുന്ന രോഗികൾക്ക് ചികിത്സ ഫലവത്താകും.

5. മരുന്നുകൾ, രക്തശുദ്ധീകരണം തുടങ്ങിയവ ഗുണം കണ്ടില്ലെങ്കിൽ കരൾ മാറ്റിവയ്ക്കൽ ആണ് ജീവൻ രക്ഷിക്കാനുള്ള പോംവഴി

Read in English: Acute liver failure: All you need to know

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Acute liver failure alf liver attack symptoms treatment remedies