/indian-express-malayalam/media/media_files/2026/01/21/aamir-2026-01-21-13-57-30.jpg)
ആമിർ ഖാൻ
ബോളിവുഡ് താരം ആമിർ ഖാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ സിനിമയ്ക്ക് വേണ്ടിയുള്ള ഒരു വേഷപ്പകർച്ചയല്ല ആമിറിനെ ചർച്ചാവിഷയമാക്കുന്നത്, മറിച്ച് അദ്ദേഹത്തിന്റെ അവിശ്വസനീയമായ ശാരീരിക മാറ്റമാണ്. കഠിനമായ വർക്കൗട്ടുകളോ ജിമ്മിലെ വിയർപ്പൊഴുക്കലോ ഇല്ലാതെ ആമിർ കുറച്ചത് ചെറുതൊന്നുമല്ല, 18 കിലോ.
തന്റെ പുതിയ ചിത്രമായ 'ഹാപ്പി പട്ടേൽ: ഖത്തർനാക് ജാസൂസി'ന്റെ പ്രൊമോഷനിടെയാണ് മെലിഞ്ഞ ലുക്കിലുള്ള ആമിറിനെ കണ്ട് ആരാധകർ അമ്പരന്നത്. ഈ മാറ്റത്തിന് പിന്നിലെ രഹസ്യം അദ്ദേഹം തന്നെ വെളിപ്പെടുത്തി, 'ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്'. ശരീര ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയല്ല താൻ ഈ ഭക്ഷണക്രമം തിരഞ്ഞെടുത്തതെന്ന് ആമിർ പറയുന്നു.
Also Read: ജോൺ എബ്രഹാമിന് ഈ രണ്ട് പച്ചക്കറികൾ കഴിക്കാനാവില്ല; പിന്നിലെ കാരണം വെളിപ്പെടുത്തി ട്രെയിനർ
കാലങ്ങളായി തന്നെ അലട്ടിയിരുന്ന കഠിനമായ മൈഗ്രേനിൽ നിന്ന് രക്ഷ നേടാനാണ് അദ്ദേഹം ഈ ഡയറ്റിലേക്ക് മാറിയത്. "ആരോഗ്യപരമായ കാരണങ്ങളാൽ തുടങ്ങിയ ഈ ഡയറ്റ് എനിക്ക് മാജിക് പോലെയാണ് അനുഭവപ്പെട്ടത്. മൈഗ്രേൻ ഗണ്യമായി കുറഞ്ഞതിനൊപ്പം ബോണസായി 18 കിലോ ശരീരഭാരവും കുറഞ്ഞു," ആമിർ പറഞ്ഞു.
എന്താണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്?
ശരീരത്തിനകത്തെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണരീതിയാണിത്. അമിതഭാരം, ഹൃദ്രോഗം, സന്ധിവാതം, മൈഗ്രേൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാന കാരണം ശരീരത്തിലെ കോശങ്ങളിലുണ്ടാകുന്ന ഈ വീക്കമാണ്. ഈ ഡയറ്റിൽ പ്രധാനമായും ഒഴിവാക്കേണ്ടത് പ്രോസസ് ചെയ്ത ഭക്ഷണങ്ങളാണ്. പാക്കറ്റുകളിൽ വരുന്ന ഭക്ഷണങ്ങൾ, പഞ്ചസാര, ബ്രെഡ്, ബിസ്കറ്റ്, എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ ഇതിൽ പൂർണമായും ഒഴിവാക്കണം. പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഒമേഗ-3 അടങ്ങിയ മീനുകൾ, നട്സ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം.
നേരത്തെ നടി വിദ്യാ ബാലനും സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. താൻ ജിമ്മിൽ പോകാതെ തന്നെ ഭാരം കുറച്ചുവെന്നും ശരീരം വീർക്കുന്ന അവസ്ഥ മാറ്റാനായി സ്വീകരിച്ച ഭക്ഷണരീതിയാണ് തന്നെ സഹായിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു.
Also Read: ഒരു മാസം ദിവസവും 3 ലിറ്റർ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ഡൽഹി സർ ഗംഗാറാം ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡയറ്റീഷ്യനായ മുക്ത വസിഷ്ഠിന്റെ അഭിപ്രായത്തിൽ, ഒരു ഡിഫോൾട്ട് ഡയറ്റ് എന്നത് പെട്ടെന്നുള്ള ഫലങ്ങൾക്കായി ചെയ്യുന്ന ഒരു താൽക്കാലിക ഭക്ഷണക്രമമല്ല. "യഥാർത്ഥത്തിൽ, ഇത് നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായതും ദീർഘകാലം നിലനിർത്താൻ കഴിയുന്നതുമായ, കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്ന ഒരു അടിസ്ഥാന ഭക്ഷണ രീതിയെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ മെറ്റബോളിസം (ഉപാപചയ പ്രവർത്തനം) പുനഃക്രമീകരിക്കുന്നതിനും ക്രമാനുഗതമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി കാലറികളും പോഷകങ്ങളും ഇതിൽ കൃത്യമായി ക്രമീകരിച്ചിരിക്കുന്നു," അവർ അഭിപ്രായപ്പെട്ടു.
Also Read: ഡയറ്റും വ്യായാമവും ചെയ്തിട്ടും എന്തുകൊണ്ട് ഷുഗർ കുറയുന്നില്ല?
"ഈ ഭക്ഷണരീതി മെഡിറ്ററേനിയൻ ഡയറ്റിന് സമാനമാണ്; അതായത് പുതുമയുള്ളതും പ്രകൃതിദത്തവുമായ ഭക്ഷണങ്ങൾക്കാണ് ഇവിടെ പ്രാധാന്യം. ലളിതമായി പറഞ്ഞാൽ, പാക്കറ്റുകളിൽ ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാന വശം. സോസുകൾ, ശീതീകരിച്ച ഇറച്ചി, ഇൻസ്റ്റന്റ് മസാലക്കൂട്ടുകൾ, ടൊമാറ്റോ കെച്ചപ്പ്, സിറിയൽസ്, ബ്രെഡ്, കുക്കീസ് എന്നിവയെല്ലാം ഇതിൽപ്പെടും. കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കണം. ഇവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ചിന്തിക്കാതെ നമ്മൾ നിത്യവും ഉപയോഗിക്കുന്ന സാധനങ്ങളാണിവ," വസിഷ്ഠ് പറഞ്ഞു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 8 മാസത്തിൽ 31 കിലോ കുറച്ചു; ഈ മൂന്ന് മാറ്റങ്ങളാണ് പ്രധാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us