സിനിമാ താരങ്ങളുടെ സൗന്ദര്യ രഹസ്യത്തിനു പിന്നിൽ എന്താണെന്ന് പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്. പ്രായം എത്ര തന്നെ കൂടിയാലും ശരീരം ഫിറ്റാക്കി നിലനിർത്തുന്നവരാണ് പല താരങ്ങളും. ബോളിവുഡ് നടൻ ആമിർ ഖാനും ഇക്കൂട്ടത്തിലൊരാളാണ്. 57 കാരനായ ആമിർ ഖാൻ ഫിറ്റായി തുടരുന്നത് എങ്ങനെയെന്ന് അതിശയം തോന്നുന്നുണ്ടോ?. എങ്കിൽ ഇതാ താരത്തിന്റെ ഒരു ദിവസത്തെ ഭക്ഷണ രീതി എന്താണെന്ന രഹസ്യം പുറത്തുവന്നിരിക്കുകയാണ്.
ചെറിയ അളവിൽ ഇടവേളകളായി ഭക്ഷണം കഴിക്കുക
ഭക്ഷണം ചെറിയ അളവിൽ ഇടേവളകളിലായി കഴിക്കാനാണ് ആമിർ ഖാൻ താൽപര്യപ്പെടുന്നത്. ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതിന് ചെറിയ അളവിലാണെങ്കിലും കൃത്യമായി ഭക്ഷണം കഴിക്കുന്നതിലാണ് താരം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശരിയായ രീതിയിൽ ദഹനം നടക്കുന്നതിന് ഭക്ഷണത്തിനിടയിൽ കൃത്യമായ ഇടവേള നിലനിർത്താറുണ്ട്. പഴങ്ങൾ, പാലുൽപ്പന്നങ്ങൾ അടക്കമുള്ളവയാണ് ചെറിയ അളവിലുള്ള ആമിർ ഖാന്റെ ഭക്ഷണത്തിൽ ഉൾപ്പെടുന്നത്.
പഴങ്ങൾ ധാരാളം കഴിക്കും
സീസണൽ പഴങ്ങളുടെ വലിയൊരു ആരാധകനാണ് ആമിർ ഖാൻ. പ്രഭാതഭക്ഷണവും, ലഘുഭക്ഷണവും അടക്കമുള്ള ആമിർ ഖാന്റെ ഭക്ഷണങ്ങളിൽ പഴങ്ങൾ നിറയെ ഉണ്ടാകും. പ്രഭാതഭക്ഷണത്തിനൊപ്പം മുട്ടയുടെ വെള്ളയും പഴങ്ങളും കഴിക്കാൻ താരം ഇഷ്ടപ്പെടുന്നു. ലഘുഭക്ഷണമായി പഴങ്ങൾ കഴിക്കാൻ മാത്രമാണ് താരം ഇഷ്ടപ്പെടുന്നത്.
പ്രോട്ടീൻ
ഭക്ഷണത്തിൽ കൊഴുപ്പ് കുറഞ്ഞ മാംസം ഉൾപ്പെടുത്താൻ ആമിർ ഇഷ്ടപ്പെടുന്നു, അതിൽ ആവിയിൽ വേവിച്ച പച്ചക്കറികളോടൊപ്പം ഗ്രിൽ ചെയ്ത ചിക്കൻ ഉൾപ്പെടുന്നു. ഇന്ത്യൻ വിഭവങ്ങൾ (റൊട്ടിയും കുറച്ച് ചോറും ഉൾപ്പെടെ) നിറഞ്ഞതാണ് താരത്തിന്റെ ഉച്ചഭക്ഷണം. അതേസമയം തന്റെ പാത്രത്തിൽ ചിക്കൻ, മത്സ്യം എന്നിവയും താരം ഉൾപ്പെടുത്താറുണ്ട്. കുറഞ്ഞ കലോറിയും കൊഴുപ്പും ഉള്ള മാംസ വിഭവങ്ങളുടെ വലിയ ആരാധകനാണ് ആമിർ ഖാൻ.
താരത്തിന്റെ രഹസ്യം
ചിട്ടയായ ഭക്ഷണരീതിക്കൊപ്പം കൃത്യമായി വർക്ക്ഔട്ടും ചെയ്യാറുണ്ടെന്ന് ഒരു അഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞിരുന്നു. ഭക്ഷണക്രമം പ്ലാൻ ചെയ്തില്ലെങ്കിൽ എത്ര വർക്കൗട്ട് ചെയ്താലും മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് താരം വിശ്വസിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതും വിവേകത്തോടെ ഭക്ഷണം കഴിക്കുന്നതും താരത്തിന്റെ മറ്റു ചില ടിപ്സുകളിൽ ഉൾപ്പെടുന്നു.