നിങ്ങൾ മുഴുവൻ മുട്ടയോ അതോ മുട്ടയുടെ വെളള മാത്രമാണോ കഴിക്കാറുളളത്. മുട്ടയുടെ വെളള ആരോഗ്യകരമാണെന്ന് ചിലർ പറയുമ്പോൾ മറ്റു ചിലർ ഇതിനെ ചോദ്യം ചെയ്യാറുണ്ട്. ഒരു മുട്ടയുടെ പോഷകമൂല്യം വളരെയധികം വ്യത്യാസപ്പെടാം, ഒരാൾ മുഴുവൻ മുട്ടയാണോ അല്ലെങ്കിൽ മുട്ടയുടെ വെള്ളയാണോ കഴിക്കുന്നത് എന്നതിനെ ആശ്രയിച്ച്. മുട്ടയുടെ വെള്ളയിൽ 90 ശതമാനം വെള്ളവും 10 ശതമാനം പ്രോട്ടീനും ചേർന്നതാണ്. മുട്ടയും മുട്ടയുടെ വെളളയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പോഷകാഹാര വിദഗ്ധ ലവ്നിത് ബാത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
മുഴുവൻ മുട്ട വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടം മാത്രമല്ല, പ്രോട്ടീനും കലോറിയും ഇതിൽ കൂടുതലാണ്. മുട്ടയുടെ വെള്ളയിൽ വിറ്റാമിനുകൾ കുറവാണ്, പ്രോട്ടീൻ കൂടുതലും കലോറി കുറവുമാണ്.
മുഴുവൻ മുട്ട ശരീരത്തിന് കൂടുതൽ പ്രോട്ടീൻ നൽകുന്നുണ്ടെങ്കിലും അവയിൽ കൂടുതൽ കലോറിയുണ്ട്. മുട്ടയുടെ വെള്ള ‘ഉയർന്ന നിലവാരമുള്ള സമ്പൂർണ്ണ പ്രോട്ടീൻ’ ആയി കണക്കാക്കപ്പെടുന്നു, അതായത് ശരീരത്തിന് ആവശ്യമായ അളവിലുളള ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
Read More: ശരീരഭാരം കുറയ്ക്കണോ? പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ
മുഴുവൻ മുട്ട കഴിക്കുന്നത് നിങ്ങൾക്ക് പൂർണ സംതൃപ്തി തോന്നുന്നതിനും കുറഞ്ഞ കലോറി ഉപഭോഗം ചെയ്യുന്നതിനും സഹായിക്കുന്നു. മുട്ടയുടെ വെള്ളയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ പോഷകാഹാരത്തിന് കൂടുതൽ ഗുണം ചെയ്യും.
പേശികളെ ബലപ്പെടുത്തുന്നതിന് ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് ഒരാൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ. ഇത് കണക്കിലെടുക്കുമ്പോൾ, ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മുട്ടയുടെ വെള്ള ഒരു മികച്ച ഓപ്ഷനാണെന്ന് പറയാം.
ഉയർന്ന പ്രോട്ടീൻ ആവശ്യമുള്ളവരും അത്ലറ്റുകളോ ബോഡി ബിൽഡറുകളോ പോലെ കലോറി കൂടുതൽ വേണ്ട ആളുകൾക്ക് മുട്ടയുടെ വെള്ള നല്ലൊരു തിരഞ്ഞെടുപ്പാണ്. മുട്ടയിലെ മുഴുവൻ കൊളസ്ട്രോളും കൊഴുപ്പും എല്ലാം മഞ്ഞക്കരുവിലാണുളളത്. മുട്ടയുടെ വെള്ളയിൽ കൊഴുപ്പോ കൊളസ്ട്രോളോ അടങ്ങിയിട്ടില്ല. അവയിൽ കാർബോഹൈഡ്രേറ്റുകളോ പഞ്ചസാരയോ അടങ്ങിയിട്ടില്ല.