scorecardresearch

വയർ വൃത്തിയാക്കി മലശോധന സുഗമമാക്കും; മലബന്ധം അകറ്റാൻ ഇത് വെറും ഒരു പിടി മതി

മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്ന ഒന്നാണ് ഈ ഡ്രൈ​ ഫ്രൂട്ട്

മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്ന ഒന്നാണ് ഈ ഡ്രൈ​ ഫ്രൂട്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prunes

Source: Freepik

രാവിലെയുള്ള മലശോധന ബുദ്ധിമുട്ടേറിയതാണോ? അല്ലെങ്കിൽ ആഴ്ചയിൽ മൂന്ന് തവണയിൽ കുറവാണോ നിങ്ങൾ ടോയ്‌ലറ്റിൽ പോകുന്നത്? എങ്കിൽ നിങ്ങൾക്ക് മലബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയിലൂടെ കൂടുതൽ നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇതിന് പരിഹാരമാണ്. മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്ന ഒന്നാണ് പ്രൂൺസ് അഥവാ ഉണങ്ങിയ പ്ലം. 

Advertisment

ദിവസവും ഒരുപിടി പ്രൂൺസ് കഴിക്കുന്നത് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് ഉത്തമമാണെന്ന് ന്യൂട്രീഷനിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. നാരുകളാൽ സമ്പന്നമായ ഇവ പ്രകൃതിദത്തമായ ഒരു ലക്‌സേറ്റീവ് ആയി പ്രവർത്തിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഇവ നേരിട്ടോ ജ്യൂസ് രൂപത്തിലോ കഴിക്കാവുന്നതാണ്.

എന്തുകൊണ്ട് പ്രൂൺസ്?

മലബന്ധത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഉണങ്ങിയ പ്ലം സഹായിക്കുമെന്ന് ഡയറ്റീഷ്യൻ ഏകതാ സിംഗ്വാൾ പറയുന്നു. "പ്രൂൺസിൽ ധാരാളം ഡയറ്ററി ഫൈബറും സോർബിറ്റോളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മലശോധന സുഗമമാക്കാൻ സഹായിക്കുന്നു," അവർ വ്യക്തമാക്കുന്നു. 100 ഗ്രാം പ്രൂൺസിൽ ഏകദേശം 7.1 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലത്തിന്റെ അളവ് വർധിപ്പിച്ച് കുടലിലൂടെയുള്ള അതിന്റെ ചലനം എളുപ്പമാക്കാനും സഹായിക്കുന്നു.

Also Read: വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ; 45-ാം വയസിലും കരീനയുടെ ഫിറ്റ്നസ് രഹസ്യം

പ്രൂൺസിലുള്ള സോർബിറ്റോൾ എന്ന ഘടകം കുടലിലേക്ക് വെള്ളം വലിച്ചെടുക്കുന്നു. ഇത് മലം മൃദുവാക്കാനും എളുപ്പത്തിൽ പുറന്തള്ളാനും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ഫിനോളിക് സംയുക്തങ്ങൾ കുടലിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കഴിക്കേണ്ട രീതികൾ

പ്രൂൺസ് പല രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രാവിലെ കഴിക്കുന്നതാണ് ദഹനത്തിന് ഏറ്റവും നല്ലതെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

Also Read: 45 ദിവസം കൊണ്ട് 4 കിലോ കുറച്ച് ബംഗളൂരു ടെക്കി; പാലും പനീറും ഒഴിവാക്കി, 6 ദിവസം വർക്ക്ഔട്ട്

  • ഉച്ചഭക്ഷണത്തിന് ശേഷമോ ലഘുഭക്ഷണമായോ 3-4 എണ്ണം കഴിക്കാം.
  • ഉണങ്ങിയ പ്രൂൺസ് ചവയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, തലേദിവസം രാത്രി ചൂടുവെള്ളത്തിൽ കുതിർത്തുവെച്ച ശേഷം കഴിക്കാം. 
  • ചവച്ചുകഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് പ്രൂൺസ് ജ്യൂസായി കുടിക്കാം. 
  • ഓട്‌സ്‌, സ്മൂത്തികൾ എന്നിവയ്‌ക്കൊപ്പം ചേർത്തോ, ബേക്ക് ചെയ്യുന്ന വിഭവങ്ങളിൽ മധുരത്തിന് പകരമായോ പ്രൂൺസ് ഉപയോഗിക്കാം.

പ്രൂൺസ് ജ്യൂസ് ആണോ ഉണങ്ങിയ പ്ലം ആണോ നല്ലത്?

ജ്യൂസിനും ഗുണങ്ങളുണ്ടെങ്കിലും, ഉണങ്ങിയ പ്ലം അതുപോലെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ജ്യൂസ് ആക്കുമ്പോൾ അതിലെ നാരുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ പഴമായി കഴിക്കുമ്പോൾ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ശരീരത്തിന് ലഭിക്കുന്നു.

Also Read: 'ശരീരഭാരം കുറയ്ക്കാൻ ഒരേയൊരു വഴി മാത്രം'; 40 കിലോ കുറച്ച ഡോക്ടർ പങ്കുവച്ച രഹസ്യം

ദിവസം എത്ര എണ്ണം കഴിക്കാം?

മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. മുതിർന്നവർക്ക് ദിവസവും 4 മുതൽ 6 വരെ പ്രൂൺസ് (ഏകദേശം 30 ഗ്രാം) കഴിക്കാം. കുട്ടികൾക്ക് 1-2 എണ്ണം നൽകിയാൽ മതിയാകും. ഗർഭിണികൾക്ക്, ഹോർമോൺ മാറ്റങ്ങൾ മൂലമുണ്ടാകുന്ന മലബന്ധം കുറയ്ക്കാൻ 3-4 പ്രൂൺസ് വരെ കഴിക്കാവുന്നതാണ്. എന്നാൽ ഗർഭിണികൾ ഡോക്ടറുടെ നിർദേശം തേടിയ ശേഷം മാത്രം ഇത് ശീലമാക്കുക.

അമിതമായാൽ?

അമിതമായി പ്രൂൺസ് കഴിക്കുന്നത് വയറിളക്കം, ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ശരീരഭാരം കൂടാനും കാരണമായേക്കാം. അതിനാൽ കുറഞ്ഞ അളവിൽ തുടങ്ങി സാവധാനം അളവ് കൂട്ടുന്നതാണ് ഉചിതം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ശ്വാസകോശത്തെ സംരക്ഷിക്കാൻ ഈ ഒരൊറ്റ അടുക്കള ചേരുവ മതി; എങ്ങനെ ഉപയോഗിക്കണം?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: