പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്. ചില ഭക്ഷണങ്ങളാണ് ഗ്യാസ് പ്രശ്നമുണ്ടാക്കുന്നതിന്റെ പ്രധാന കാരണം. വേനൽക്കാലത്ത് മറ്റ് സീസണുകളെ അപേക്ഷിച്ച് ദഹനശേഷി മോശമാണ്. അത് ഗ്യാസിന് കാരണമാകുന്നുവെന്ന് ആയുർവേദ ഡോ. ദിക്സ ഭാവ്സർ പറയുന്നു. ഗ്യാസിനു കാരണമാകുന്ന മറ്റെന്തൊക്കെയെന്നും ഡോ.ഭാവ്സർ പറഞ്ഞിട്ടുണ്ട്.
വറുത്ത ഭക്ഷണങ്ങൾ കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുക (രാത്രി 9 മണിക്ക് ശേഷം), ഭക്ഷണത്തിന് തൊട്ടുപിന്നാലെ അധിക വെള്ളം കുടിക്കുക, വ്യായാമം ചെയ്യാതിരിക്കുക, അമിതമായി അസംസ്കൃത ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുക, വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കുക, അമിതമായി കാർബണേറ്റഡ് ആൻഡ് കഫീൻ അടങ്ങിയ പാനീയം കുടിക്കുക, അമിതമായ മദ്യപാനം തുടങ്ങിയവയൊക്കെ ഗ്യാസിന് കാരണമാകാറുണ്ട്.
വയറിലെ ഗ്യാസ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. ഗ്യാസ് പെട്ടെന്ന് തന്നെ അകറ്റാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ഭാവ്സർ.
- ഒരു ടീസ്പൂൺ അയമോദകവും അര ടീസ്പൂൺ കല്ലുപ്പും ചൂടു വെള്ളത്തിൽ ചേർത്ത് കുടിക്കുക
- ഗ്യാസ് മാറുന്നതുവരെ ഒന്നും കഴിക്കാതിരിക്കുക. അതുവരെ അയമോദകം ചായ, പുതിനയില ചായ, സിസിഎഫ് ചായ എന്നിവ ഇടയ്ക്കിടെ കുടിക്കുക. ഇവയൊക്കെ ഗ്യാസ്/വയറുവീർക്കലിന് കാരണമാകുന്ന ദഹിക്കാത്ത ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ സഹായിക്കും.
- ഈ ആസനങ്ങൾ പരിശീലിക്കുക: വജ്രാസനം – 10 മിനിറ്റ്, പവൻമുക്താസനം – 5 തവണ, തുടർന്ന് 10 മിനിറ്റ് നടക്കുക അല്ലെങ്കിൽ ഇടതുവശം ചരിഞ്ഞ് കിടക്കുക.
- ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കുക. വയറ്റിലെ അസ്വസ്ഥതകൾ അകറ്റാനുള്ള എളുപ്പ വഴിയാണ് ചൂടുവെള്ളം.
- മനസ്സ് ശുദ്ധമാക്കുക. വിദ്വേഷം, മാനസികമായ അസ്വസ്ഥത, കടുത്ത ദേഷ്യവും അസൂയയും- അത്തരം വികാരങ്ങളോടെ ഭക്ഷണം കഴിക്കുന്നത് വയറിൽ ഗ്യാസ്, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും, ചിലപ്പോൾ തലവേദനയ്ക്ക് പോലും ഇടയാക്കും.
ധ്യാനിക്കുക, ഒറ്റയ്ക്ക് കുറച്ച് സമയം ചെലവഴിക്കുക അല്ലെങ്കിൽ ഇഷ്ടമുള്ള എന്തെങ്കിലും പ്രവൃത്തികളിൽ മുഴുകുക. പോസിറ്റീവ് ചിന്താഗതിയോടെ ഭക്ഷണം കഴിക്കുന്നതും ഭക്ഷണം ശരിയായി ചവയ്ക്കുന്നതും നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഗ്യാസ്ട്രബിളും വീര്ത്ത വയറും പെട്ടെന്ന് മാറാൻ ആയുർവേദ ചായ