രാത്രിയിൽ ഉറങ്ങാൻ കഴിയാറില്ലെന്ന് പരാതി പറയുന്ന നിരവധി പേർ നമുക്ക് ചുറ്റിലുമുണ്ട്. ഇതിനൊരു പരിഹാരം ആരാണ് ആഗ്രഹിക്കാത്തത്? രാത്രിയിൽ നല്ല ഉറക്കം ആഗ്രഹിക്കുന്നവർക്ക് ലളിതമായൊരു മാർഗം നിർദേശിച്ചിരിക്കുകയാണ് ഒരു ഡോക്ടർ. ഡോക്ടറുടെ സിംപിൾ ടിപ്സ് അടങ്ങിയ ടിക് ടോക് വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

രാത്രിയിൽ സോക്സ് ധരിച്ച് കിടന്നാൽ സുഖമായി ഉറങ്ങാൻ കഴിയുമെന്നാണ് ഡോ.ജെസ് ആൻഡ്രെയ്ഡ് പറയുന്നത്. ഉറങ്ങാൻ പോകുമ്പോൾ താൻ പലപ്പോഴും സോക്സ് ധരിക്കാറുണ്ടെന്നും സുഖകരമായ ഉറക്കത്തിന് വളരെയധികം ഇത് ഗുണം ചെയ്തുവെന്ന് അവർ വെളിപ്പെടുത്തുകയും ചെയ്തതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

Read More: ഉറക്കക്കുറവ് നേരിടുന്നുണ്ടോ? ഈ ആയുർവേദ മാർഗങ്ങൾ പരീക്ഷിക്കാം

സോക്സ് ധരിക്കുന്നതിലൂടെ കാലുകൾക്ക് സുഖം ലഭിക്കുകയും ശരീരത്തെ തണുപ്പിക്കുന്ന രക്തക്കുഴലുകൾ തുറക്കുകയും ചെയ്യുന്നതായി ഡോക്ടർ പറയുന്നു. ശരീരം കൂളാകുകയും ഉറങ്ങാനുളള സമയമായെന്ന് തലച്ചോറിനോട് പറയുകയും ചെയ്യുന്നു. അതിനാൽ സോക്സ് ധരിക്കുന്ന ആളുകൾ വേഗത്തിൽ ഉറങ്ങുമെന്നും ഡോക്ടർ പറഞ്ഞു.

ലളിതമായ ഈ മാർഗം കണ്ടുപിടിച്ചത് താനല്ലെന്നും 2006 ൽ ഫിസിക്കൽ ബിഹേവിയർ ജേർണലിൽ പ്രസിദ്ധീകരിച്ച റിസർച്ചിൽനിന്നാണ് ഇക്കാര്യം മനസ്സിലാക്കിയതെന്നും ഡോക്ടർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചില ടിക്ക് ടോക്ക് ഉപയോക്താക്കൾക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടില്ല. “ഉറങ്ങുമ്പോൾ സോക്സ് ധരിച്ചാൽ എനിക്ക് ശ്വസിക്കാൻ കഴിയില്ല,” ഒരാൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook