scorecardresearch

കൂടുതൽ തവണ മൂത്രമൊഴിക്കുക, തണുപ്പ് അനുഭവപ്പെടുക: വണ്ണം കുറയുമ്പോൾ ശരീരം കാണിക്കുന്ന 'വിചിത്രമായ' ലക്ഷണങ്ങൾ

ഭാരം കുറയുന്നതിന്റെ അധികം ചർച്ച ചെയ്യപ്പെടാത്ത വശങ്ങളെക്കുറിച്ച് ഗൈനക്കോളജിസ്റ്റ് ഡോ.മല്ലിക സർവെ അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ വിശദീകരിക്കുകയുണ്ടായി

ഭാരം കുറയുന്നതിന്റെ അധികം ചർച്ച ചെയ്യപ്പെടാത്ത വശങ്ങളെക്കുറിച്ച് ഗൈനക്കോളജിസ്റ്റ് ഡോ.മല്ലിക സർവെ അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ വിശദീകരിക്കുകയുണ്ടായി

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Urine

Image Source: Freepik

കൊഴുപ്പ് കുറയുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആളുകൾ പലപ്പോഴും പ്രതീക്ഷിക്കുന്നത് തൂക്കത്തിലുണ്ടാകുന്ന വലിയ മാറ്റങ്ങളോ അല്ലെങ്കിൽ വസ്ത്രങ്ങൾ പെട്ടെന്ന് പാകമാകുന്നതോ ഒക്കെയാണ്. എന്നാൽ യഥാർത്ഥത്തിൽ, ഈ അക്കങ്ങൾക്കപ്പുറം ശരീരം സൂക്ഷ്മവും അപ്രതീക്ഷിതവുമായ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.

Advertisment

ഭാരം കുറയുന്നതിന്റെ അധികം ചർച്ച ചെയ്യപ്പെടാത്ത വശങ്ങളെക്കുറിച്ച് നവി മുംബൈയിലെ ഗൈനക്കോളജിസ്റ്റ് ഡോ.മല്ലിക സർവെ അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ വിശദീകരിക്കുകയുണ്ടായി. ഉപാപചയ പ്രവർത്തനങ്ങളിലും ഹോർമോണുകളിലും മാറ്റങ്ങൾ വരുമ്പോൾ ശരീരം കാണിക്കുന്ന ചില "വിചിത്രമായ" എന്നാൽ സാധാരണമായ മാറ്റങ്ങളെക്കുറിച്ചാണ് അവർ വിവരിക്കുന്നത്.

ഡോ.സർവെ തന്റെ കുറിപ്പിൽ ഇങ്ങനെ ചോദിച്ചു: "നിങ്ങൾക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ടോ?" തുടർന്ന് അവർ പത്ത് ലക്ഷണങ്ങൾ പട്ടികപ്പെടുത്തി. അതിൽ പ്രധാനപ്പെട്ട ശാരീരികവും വൈകാരികവും പെരുമാറ്റപരവുമായ മാറ്റങ്ങൾ ഇവയാണ്.

Also Read: പോക്കറ്റും കീറില്ല, ആരോഗ്യവും കൂടും; ബ്ലൂബെറിയെ വെല്ലുന്ന നമ്മുടെ സ്വന്തം 'സൂപ്പർ ഫ്രൂട്ട്'

1. നിങ്ങൾ പതിവിലും കൂടുതൽ തവണ മൂത്രമൊഴിക്കാൻ തുടങ്ങുന്നു; നിങ്ങളുടെ ശരീരത്തിന്റെ പഴയ പതിപ്പിനെ (അമിത കൊഴുപ്പ്) അത് അക്ഷരാർത്ഥത്തിൽ കഴുകിക്കളയുന്നത് പോലെയാണിത്."

2. കൈകാലുകളിൽ തണുപ്പ് അനുഭവപ്പെടുന്നത് എന്തോ കുഴപ്പമുള്ളതുകൊണ്ടല്ല, മറിച്ച് നിങ്ങളുടെ ശരീരത്തിലെ ഇൻസുലേഷൻ (കൊഴുപ്പ്) കുറയുന്നത് കൊണ്ടാണ്. 

3. നിങ്ങളുടെ വിയർപ്പിന്റെ ഗന്ധത്തിൽ മാറ്റം വരുന്നു. അത് മോശമായ ഗന്ധമല്ല, ഒരു പ്രത്യേക മാറ്റം മാത്രം. നിങ്ങളുടെ ശരീരം കൊഴുപ്പിനെ ഇന്ധനമായി ഉപയോഗിച്ചു തുടങ്ങുന്നതിന്റെ ലക്ഷണമാണത്.

4. നിങ്ങൾക്ക് പെട്ടെന്ന് ഊർജം കൂടുന്നതായി തോന്നും. ഒരു നിമിഷം നിങ്ങൾ ശാന്തമായിരിക്കും, അടുത്ത നിമിഷം വീട് മുഴുവൻ വൃത്തിയാക്കാനുള്ള ആവേശം വരും. നിങ്ങളുടെ മെറ്റബോളിസം ഉണർന്നു പ്രവർത്തിക്കുകയാണ്.

5. മുഖത്തെ മാറ്റം: നിങ്ങളുടെ മുഖം മെലിയാൻ തുടങ്ങുന്നു. താടിയെല്ലും കവിളെല്ലുകളും തെളിഞ്ഞു വരുമ്പോൾ, "ഇത് എപ്പോൾ സംഭവിച്ചു?" എന്ന് നിങ്ങൾ തന്നെ അത്ഭുതപ്പെടും.

6. വസ്ത്രങ്ങളുടെ പാകം: നിങ്ങളുടെ വസ്ത്രങ്ങൾ ചിലയിടങ്ങളിൽ മുറുകുകയും ചിലയിടങ്ങളിൽ അയവുള്ളതാകുകയും ചെയ്യുന്നു. ഇത് ഭാരം കുറയാത്ത അവസ്ഥ അല്ല, മറിച്ച് നിങ്ങളുടെ ശരീരം പുനർനിർമ്മിക്കപ്പെടുന്നതാണ്.

7. നല്ല ഉറക്കം: കുഞ്ഞുങ്ങളെപ്പോലെ നിങ്ങൾക്ക് സുഖമായി ഉറങ്ങാൻ കഴിയുന്നു. ഹോർമോണുകൾ ശാന്തമാകുകയും ശരീരം കൃത്യമായി പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.

8. മാനസികാവസ്ഥയിലെ മാറ്റം: തുടക്കത്തിൽ ചെറിയ മൂഡ് സ്വിങ്സ് ഉണ്ടാകുമെങ്കിലും, പെട്ടെന്ന് തന്നെ നിങ്ങൾക്ക് മാനസികമായി വലിയ ആശ്വാസം തോന്നിത്തുടങ്ങുന്നു. ശരീരഭാരം കുറയുന്നതിനേക്കാൾ വലിയ കാര്യമാണ് കൊഴുപ്പ് കുറയുമ്പോൾ സംഭവിക്കുന്ന ഈ സന്തുലിതാവസ്ഥ.

9. പേശികളുടെ തെളിച്ചം: കണ്ണാടിയിൽ നോക്കുമ്പോൾ പുതിയ ഞരമ്പുകളോ പേശികളുടെ ആകൃതിയോ നിങ്ങൾ ശ്രദ്ധിക്കുന്നു. ഇത് നിങ്ങൾ കൂടുതൽ കഷ്ടപ്പെട്ട് മസിൽ പിടിക്കുന്നത് കൊണ്ടല്ല, മറിച്ച് നിങ്ങളുടെ കഠിനാധ്വാനത്തെ മറച്ചുപിടിച്ചിരുന്ന കൊഴുപ്പ് കുറയുന്നത് കൊണ്ടാണ്.

10. വിശപ്പിലെ മാറ്റങ്ങൾ: ചില ദിവസങ്ങളിൽ കഠിനമായ വിശപ്പും, മറ്റു ചിലപ്പോൾ ഭക്ഷണത്തെക്കുറിച്ച് ചിന്തയേ ഇല്ലാത്ത അവസ്ഥയും വരുന്നു. നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകൾ പുനഃക്രമീകരിക്കപ്പെടുന്നതിന്റെ ലക്ഷണമാണിത്.

ഈ ലക്ഷണങ്ങൾ ആശ്വാസം നൽകുന്നവയാണെങ്കിലും, കൊഴുപ്പ് കുറയുന്നത് ഹോർമോണുകളെയും ശരീരത്തിലെ സ്രവങ്ങളെയും മെറ്റബോളിസത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഇവ ഉയർത്തുന്നുണ്ട്.

Also Read: കാപ്പി കുടിക്കുന്നത് അമിതമാണോ? കാത്തിരിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങൾ 

കൊഴുപ്പ് കുറയുന്ന സമയത്ത് അമിതമായ മൂത്രമൊഴിക്കൽ, തണുപ്പ് അനുഭവപ്പെടുക, വിയർപ്പിന്റെ ഗന്ധത്തിൽ മാറ്റം വരിക തുടങ്ങിയ മാറ്റങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടാണ്?

പബ്ലിക് ഹെൽത്ത് ഇന്റലക്ച്വലായ ഡോ. ജഗദീഷ് ഹീരേമത്ത് ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നത് ഇങ്ങനെയാണ്: "കൊഴുപ്പ് കുറയുന്നതിന്റെ തുടക്കകാലത്ത് അമിതമായി മൂത്രമൊഴിക്കുന്നത് സാധാരണമാണ്. കാരണം, കൊഴുപ്പ് കോശങ്ങൾ ഊർജത്തോടൊപ്പം വെള്ളവും സംഭരിച്ചു വെക്കാറുണ്ട്. കൊഴുപ്പ് വിഘടിക്കപ്പെടുമ്പോൾ, ഈ അധിക ജലം പുറന്തള്ളപ്പെടുകയും അത് മൂത്രത്തിലൂടെ ശരീരത്തിന് പുറത്തുപോവുകയും ചെയ്യുന്നു. അതുപോലെ തണുപ്പ് അനുഭവപ്പെടുന്നതും പതിവാണ്; ശരീരത്തിലെ കൊഴുപ്പ് കുറയുമ്പോൾ അത് താപനില നിലനിർത്താനുള്ള ആവരണം കുറയ്ക്കുന്നു. ചില സന്ദർഭങ്ങളിൽ ഇത് വിശ്രമാവസ്ഥയിലുള്ള ഉപാപചയ നിരക്ക് നേരിയ തോതിൽ കുറയാനും കാരണമാകുന്നു."

“ശരീരം ഇന്ധനത്തിനായി കൊഴുപ്പിനെ കൂടുതൽ ആശ്രയിക്കുമ്പോൾ വിയർപ്പിന്റെ മണത്തിൽ മാറ്റങ്ങൾ സംഭവിക്കാം. ഇത് കീറ്റോണുകൾ ഉത്പാദിപ്പിക്കുന്നത് മൂലമാണ്. ഒരു വ്യക്തി കൃത്യമായി ഭക്ഷണം കഴിക്കുകയും ക്രമേണ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഈ മാറ്റങ്ങൾ സാധാരണമാണ്. എന്നിരുന്നാലും, വിട്ടുമാറാത്ത കഠിനമായ തണുപ്പ് അനുഭവപ്പെടുക, വിയർപ്പിന് അമോണിയയുടെ കഠിനമായ ഗന്ധം ഉണ്ടാവുക, തലകറക്കം, അല്ലെങ്കിൽ അമിതമായ ക്ഷീണത്തോടൊപ്പം ഇടയ്ക്കിടെ മൂത്രമൊഴിക്കുക എന്നിവ അപകടസൂചനകളാകാം. ഇവ പോഷകാഹാരക്കുറവ്, നിർജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ അല്ലെങ്കിൽ ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു, ഇവ അവഗണിക്കരുത്,” അദ്ദേഹം പറഞ്ഞു.

മനസ്, ഉറക്കം, വിശപ്പ് എന്നിവയുമായി ബന്ധപ്പെട്ട ഹോർമോണുകളിലെ സ്വാധീനം കൊഴുപ്പ് കുറയുന്നത് ലെപ്റ്റിൻ, ഗ്രെലിൻ, കോർട്ടിസോൾ, ഇൻസുലിൻ തുടങ്ങിയ പല ഹോർമോണുകളെയും ബാധിക്കുന്നു. ഇവയെല്ലാം നമ്മുടെ മാനസികാവസ്ഥ, വിശപ്പ്, ഉറക്കം എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

Also Read: മസ്തിഷ്കത്തിന് പ്രായമാകുന്നത് തടയാം; ഒരു ന്യൂറോളജിസ്റ്റ് പിന്തുടരുന്ന ആറ് ലളിതമായ ശീലങ്ങൾ

കൊഴുപ്പ് കുറയുന്നതിന്റെ പ്രാരംഭ ഘട്ടത്തിൽ, ലെപ്റ്റിന്റെ അളവ് കുറയുന്നു. ഇത് വിശപ്പ് വർധിപ്പിക്കുകയും ഒരാളെ കൂടുതൽ ദേഷ്യമോ വൈകാരികമായ അസ്വസ്ഥതയോ ഉള്ളവരാക്കി മാറ്റുകയും ചെയ്തേക്കാമെന്ന് ഡോ.ഹിരേമത്ത് പറയുന്നു. അതേസമയം, കാലറി നിയന്ത്രണമോ കഠിനമായ വ്യായാമമോ കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) താൽക്കാലികമായി വർധിപ്പിക്കാൻ കാരണമാകും. ഇത് മാനസികാവസ്ഥയിലെ മാറ്റങ്ങൾക്കും ഉറക്കമില്ലായ്മയ്ക്കും കാരണമായേക്കാം.

''ശരീരം പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുകയും ഊർജ ഉപഭോഗം സന്തുലിതമാവുകയും ചെയ്യുന്നതോടെ, ഈ ഹോർമോണുകൾ സ്ഥിരത കൈവരിക്കാൻ തുടങ്ങുന്നു. “അതുകൊണ്ടാണ് ചില ആളുകൾക്ക് തുടക്കത്തിൽ വൈകാരികമായ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നത്, എന്നാൽ പിന്നീട് കൂടുതൽ ശാന്തതയും മാനസിക വ്യക്തതയും തോന്നുന്നത്,” ഡോ.ഹിരേമത്ത് പറയുന്നു.

ആരോഗ്യകരമായ പുരോഗതിയും അമിതമായ കൊഴുപ്പ് കുറയ്ക്കലും തമ്മിലുള്ള വ്യത്യാസം

ആരോഗ്യകരമായ പുരോഗതിയുടെ ലക്ഷണങ്ങൾ സ്ഥിരമായ ഊർജനില, സ്ത്രീകൾക്ക് ക്രമമായ ആർത്തവചക്രം, നല്ല ഉറക്കം, ശാരീരികക്ഷമത എന്നിവയാണെന്ന് ഡോ.ഹിരേമത്ത് ഊന്നിപ്പറയുന്നു. “മറുവശത്ത്, അമിതമായ കൊഴുപ്പ് കുറയുന്നത് വിട്ടുമാറാത്ത ക്ഷീണം, മുടി കൊഴിച്ചിൽ, ഹോർമോൺ വ്യതിയാനങ്ങൾ, അടിക്കടിയുള്ള രോഗങ്ങൾ അല്ലെങ്കിൽ മുഖം വല്ലാതെ ഒട്ടിപ്പോകുക എന്നിവയ്ക്ക് കാരണമായേക്കാം. ശരീരം എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാൾ അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് കാര്യം. കൊഴുപ്പ് കുറയുന്നത് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനായിരിക്കണം, അത് തകർക്കാനാവരുത്.”

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: താൻ ഡയറ്റിങ്ങിലല്ല, ഫിറ്റായിരിക്കാൻ ചെയ്യുന്നത് ഇത് മാത്രം; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി ഹൻസിക

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: