/indian-express-malayalam/media/media_files/2025/11/15/belly-fat-2025-11-15-15-25-48.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക്, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് മാറ്റാൻ ആഗ്രഹിക്കുന്നവർക്ക്, പ്രഭാത ദിനചര്യകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. നിങ്ങളുടെ ദിവസത്തിന്റെ തുടക്കം ശരിയായാൽ തന്നെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ വലിയൊരു മാറ്റമുണ്ടാക്കാൻ കഴിയും. മെറ്റബോളിസം വർധിപ്പിക്കാനും ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനും ഡയറ്റീഷ്യൻ നിർദേശിക്കുന്ന 9 ലളിതമായ പ്രഭാത ശീലങ്ങളെക്കുറിച്ച് അറിയാം.
1. എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുക
സ്ഥിരമായി ഒരേ സമയത്ത് ഉണരുന്നത് ശരീരത്തിന്റെ ആന്തരിക ക്ലോക്കിനെ (സർക്കാഡിയൻ റിഥം) ക്രമീകരിക്കുന്നു. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും കോർട്ടിസോൾ, ഇൻസുലിൻ പോലുള്ള ഹോർമോണുകളെ സന്തുലിതമാക്കുകയും ചെയ്യും. ഈ ഹോർമോണുകൾ സ്ഥിരമായി നിലനിൽക്കുമ്പോൾ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയുന്നു.
Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം; ഇവയിലൊന്ന് കുടിക്കൂ
2. ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിച്ച് ദിവസം തുടങ്ങുക
രാവിലെ ആദ്യം ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കുകയും, മണിക്കൂറുകളോളം നീണ്ട ഉപവാസത്തിനുശേഷം ശരീരത്തെ ജലാംശം നൽകി നിലനിർത്തുകയും ചെയ്യുന്നു. ശരിയായ ജലാംശം മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
3. 30 മിനിറ്റ് വ്യായാമം ചെയ്യുക
നടക്കുക, യോഗ, ശക്തി പരിശീലനം, സൈക്ലിങ് എന്നിവയിൽ ഏർപ്പെടുന്നത് ദിവസം മുഴുവൻ കൂടുതൽ കാലറി കത്തിക്കാൻ സഹായിക്കും. പ്രഭാത വ്യായാമം ഇൻസുലിൻ സംവേദനക്ഷമതയും കൊഴുപ്പ് ഓക്സീകരണവും മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ പറയുന്നു. പേശികളെ വളർത്തുന്ന ശക്തി പരിശീലനം വിശ്രമിക്കുമ്പോൾ പോലും കൊഴുപ്പ് കത്തിക്കാൻ ശരീരത്തെ സഹായിക്കുന്നു.
Also Read: 50 വയസിനു മുകളിലുള്ളവർ ന്യൂമോണിയ വാക്സിൻ എടുക്കണം, എന്തുകൊണ്ട്?
4. ഫൈബറും പ്രോട്ടീനും ധാരാളമുള്ള പ്രഭാതഭക്ഷണം കഴിക്കുക
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. പകരം, ഓട്‌സ്, മുട്ട, ഗ്രീക്ക് തൈര് തുടങ്ങിയ കുറഞ്ഞ കാലറിയുള്ള, ഫൈബറും പ്രോട്ടീനും ധാരാളമുള്ള ഭക്ഷണം തിരഞ്ഞെടുക്കുക. ഫൈബർ വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും, പ്രോട്ടീൻ മെറ്റബോളിസം വർധിപ്പിക്കുകയും വിശപ്പ് ഹോർമോണുകൾ കുറയ്ക്കുകയും ചെയ്യുന്നു.
5. കുറച്ച് മിനിറ്റ് ധ്യാനത്തിനായി ചെലവഴിക്കുക
ശരീരത്തിലെ കോർട്ടിസോൾ അളവ് വർധിപ്പിക്കുന്നതിലൂടെ വയറിലെ കൊഴുപ്പിന് കാരണമാകുന്ന പ്രധാന ഘടകമാണ് മാനസിക സമ്മർദം. 5 മുതൽ 10 മിനിറ്റ് വരെയുള്ള ലഘുവായ ധ്യാനം മനസിനെ ശാന്തമാക്കാനും സമ്മർദ ഹോർമോണുകൾ കുറയ്ക്കാനും സമ്മർദം മൂലമുള്ള ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.
6. ഒരു ദിവസത്തെ ഭക്ഷണക്രമം മുൻകൂട്ടി ആസൂത്രണം ചെയ്യുക
ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് പെട്ടെന്നുണ്ടാകുന്ന, അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഒഴിവാക്കാനും പോഷകാഹാര ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കാനും സഹായിക്കും.
7. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ പഞ്ചസാര കുറയ്ക്കുക
രാവിലെ മധുരമുള്ള ചായ, കാപ്പി, ധാന്യങ്ങൾ, ബിസ്കറ്റ് എന്നിവ ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് സ്ഥിരപ്പെടുത്തുകയും ഉച്ചയ്ക്ക് ശേഷമുള്ള വിശപ്പ് വർധിക്കുന്നത് തടയുകയും ചെയ്യും. കുറഞ്ഞ പഞ്ചസാര ഉപഭോഗം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
Also Read: ഇരുമ്പിന്റെ കുറവുണ്ടോ? നാവ്, ചെവി, മുടി പോലും നോക്കി തിരിച്ചറിയാം
8. പ്രഭാത സൂര്യപ്രകാശമേൽക്കുക
രാവിലെ കുറച്ച് മിനിറ്റ് നേരം സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ താളം ക്രമപ്പെടുത്തുകയും ഉറക്കം മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും. സൂര്യപ്രകാശം വൈറ്റമിൻ ഡി ഉത്പാദനത്തെ പിന്തുണയ്ക്കുന്നു. വൈറ്റമിൻ ഡിയുടെ കുറവ് വയറിലെ കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു.
9. കാപ്പി കുടിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുക
കാപ്പി ചീത്തയല്ല, പക്ഷെ വെള്ളം കുടിക്കുന്നതിന് മുമ്പ് കാപ്പി കുടിക്കുന്നത് നിർജലീകരണത്തിന് കാരണമായേക്കാം. ശരീരത്തിന് നേരത്തെ ജലാംശം നൽകുന്നത് ദഹനത്തെയും മെറ്റബോളിസത്തെയും മെച്ചപ്പെടുത്തുന്നു. കൂടാതെ, ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വയർ വീർക്കുന്നത് തടയാനും സഹായിക്കും.
ഈ ശീലങ്ങൾ സ്ഥിരമായി പിന്തുടരുക എന്നതാണ് ശരീരഭാരം കുറയ്ക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആരോഗ്യകരമായ ഈ മാറ്റങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ തീർച്ചയായും സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു മാസം എല്ലാ രാത്രിയിലും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us