/indian-express-malayalam/media/media_files/2026/01/28/curd-2026-01-28-13-27-20.jpg)
Image Source: Freepik
നമ്മുടെയൊക്കെ അടുക്കളകളിൽ പണ്ടുമുതലേ തൈര് ഒരു പ്രധാന ഭാഗമാണ്. എന്നിരുന്നാലും, ഇന്ന് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഭക്ഷണങ്ങളിൽ ഒന്ന് കൂടിയാണിത്. ചിലർ ഇത് കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണെന്ന് വിശ്വസിക്കുമ്പോൾ, മറ്റു ചിലരാകട്ടെ ജലദോഷം, അമിതഭാരം അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ എന്നിവയുണ്ടാക്കുമെന്ന് കരുതി ഇതിനെ പൂർണമായും ഒഴിവാക്കുന്നു.
യഥാർത്ഥത്തിൽ, തൈര് ഒരു മാന്ത്രിക ഭക്ഷണമോ അല്ലെങ്കിൽ ദോഷകരമായ ഒന്നോ അല്ല. ഇത് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെയും നിങ്ങൾ അത് എങ്ങനെ കഴിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. തൈരിനെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ ചില മിഥ്യാധാരണകൾ തിരുത്താനായി മഹാരാഷ്ട്രയിൽ നിന്നുള്ള ഹോമിയോപ്പതി ഡോ.സായാജിറാവു ഗെയ്ക്‌വാദ് എക്സിലൂടെ രംഗത്തെത്തിയിരുന്നു. തൈരുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകളെക്കുറിച്ച് അദ്ദേഹത്തിന്റെ പോസ്റ്റ് വ്യക്തമാക്കുന്നു.
തൈര് കഴിക്കുന്നത് ജലദോഷം, ചുമ, സൈനസ് എന്നിവയ്ക്ക് കാരണമാകും
തൈര് കഫം ഉണ്ടാക്കുമെന്നോ ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാകുമെന്നോ ഉള്ളതിന് "ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല" എന്ന് ഡോ.ഗെയ്‌ക്‌വാദ് വിശദീകരിക്കുന്നു. തൈര് കഴിച്ചതിനുശേഷം ആർക്കെങ്കിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ആ വ്യക്തിയുടെ ശരീരപ്രകൃതിയുടെ പ്രത്യേകത കൊണ്ടാകാം; അല്ലാതെ തൈര് ദോഷകരമായത് കൊണ്ടല്ല.
രാത്രിയിൽ തൈര് കഴിക്കാൻ പാടില്ല
രാത്രിയിൽ തൈര് കഴിക്കരുത് എന്ന് ഒരിടത്തും നിയമമില്ല. ദഹനപ്രശ്നങ്ങളില്ലാത്ത മിക്ക ആളുകൾക്കും രാത്രി ഭക്ഷണത്തോടൊപ്പം സാധാരണ തൈര് കഴിക്കുന്നത് സുരക്ഷിതമാണ്. സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകുന്നത് തൈരിനോടൊപ്പം അമിതമായി കൊഴുപ്പുള്ളതോ, വറുത്തതോ, മധുരമുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ്.
തൈര് കഴിക്കുന്നത് വണ്ണം കൂട്ടും
ഇതൊരു തെറ്റായ ധാരണയാണ്. തൈരിൽ ഉയർന്ന അളവിൽ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൃത്യമായി തൈര് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
Also Read: പോക്കറ്റും കീറില്ല, ആരോഗ്യവും കൂടും; ബ്ലൂബെറിയെ വെല്ലുന്ന നമ്മുടെ സ്വന്തം 'സൂപ്പർ ഫ്രൂട്ട്'
തൈര് ദഹനത്തിന് ദോഷകരമാണ്
ശരിയായ രീതിയിലുണ്ടാക്കിയ ഫ്രഷ് തൈര് വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ലാക്ടോസ് ദഹിപ്പിക്കാൻ സഹായിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ തൈര് അമിതമായി പുളിച്ചതാണെങ്കിലും, അമിതമായി കഴിച്ചാലും, അല്ലെങ്കിൽ ഒരാൾക്ക് നേരത്തെ തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലോ മാത്രമേ തൈര് കൊണ്ട് പ്രയാസങ്ങൾ ഉണ്ടാകാറുള്ളൂ.
ഭക്ഷണത്തോടൊപ്പം തൈര് കഴിക്കാൻ പാടില്ല
നൂറ്റാണ്ടുകളായി പരമ്പരാഗത ഇന്ത്യൻ ഭക്ഷണരീതിയുടെ ഭാഗമാണ് തൈര്. ഡോ.ഗെയ്‌ക്‌വാദ് പറയുന്നതനുസരിച്ച്, ഭക്ഷണത്തോടൊപ്പം തൈര് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാൻ സഹായിക്കുന്നു. കൂടാതെ, ഭക്ഷണത്തിലെ ധാതുക്കൾ ശരീരം ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്താനും ഇത് ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
Myths around curd
— Dr.Sayajirao Gaikwad (@DietDrsayajirao) January 26, 2026
❌ Myth 1: Curd causes cold, cough & sinus
✅Truth:
Curd doesn’t create mucus. There’s no scientific evidence that curd causes respiratory infections.
If someone feels discomfort, it’s usually individual sensitivity, not curd itself.
❌ Myth 2: Curd should not…
പ്രമേഹരോഗികൾ തൈര് ഒഴിവാക്കണം
പഞ്ചസാര ചേർക്കാത്ത പ്ലെയിൻ തൈരിന് കുറഞ്ഞ ഗ്ലൈസെമിക് ലോഡ് മാത്രമേയുള്ളൂ. വാസ്തവത്തിൽ, ഇത് ഇൻസുലിൻ സംവേദനക്ഷമതയും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. പ്രമേഹമുള്ളവർക്ക് കൃത്യമായ അളവിൽ തൈര് സുരക്ഷിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
Also Read: കാപ്പി കുടിക്കുന്നത് അമിതമാണോ? കാത്തിരിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങൾ
എല്ലാ പാക്കറ്റ് തൈരും പ്രോബയോട്ടിക് ആണ്
എല്ലാ പാക്കറ്റ് തൈരുകളിലും ആവശ്യമായ അളവിൽ ജീവനുള്ള ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടാകണമെന്നില്ല. വീട്ടിലുണ്ടാക്കുന്ന തൈരോ അല്ലെങ്കിൽ 'പ്രോബയോട്ടിക്' എന്ന് വ്യക്തമായി രേഖപ്പെടുത്തിയ യോഗർട്ടോ ആണ് കൂടുതൽ നല്ലത്.
ഫ്രഷ് ആയും പഞ്ചസാര ചേർക്കാതെയും കൃത്യമായ അളവിലും കഴിക്കുകയാണെങ്കിൽ തൈര് പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. പൂർണമായി ഇത് ഒഴിവാക്കുന്നതിന് പകരം, ഗുണമേന്മയുള്ള തൈര് തിരഞ്ഞെടുക്കാനും ശരീരത്തിന്റെ മാറ്റങ്ങൾ ശ്രദ്ധിച്ചുകൊണ്ട് സമീകൃതമായി ഉപയോഗിക്കാനും ശ്രദ്ധിക്കുക.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മസ്തിഷ്കത്തിന് പ്രായമാകുന്നത് തടയാം; ഒരു ന്യൂറോളജിസ്റ്റ് പിന്തുടരുന്ന ആറ് ലളിതമായ ശീലങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us