/indian-express-malayalam/media/media_files/2024/12/28/784gHipeUFoPPXUyuMrm.jpg)
Source: Freepik
ശരിയായ ഭക്ഷണം കഴിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകും. കറുത്ത ഉണക്കമുന്തിരി പ്രഭാതദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു സൂപ്പർഫുഡാണ്. അവശ്യ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ അവ നിറഞ്ഞിരിക്കുന്നു. വെറും വയറ്റിൽ 5 കറുത്ത ഉണക്ക മുന്തിരി കഴിച്ചാൽ ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കും. ദഹനത്തെ സഹായിക്കുന്നതു മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുവരെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.
1. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു: കറുത്ത ഉണക്ക മുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. മലം മൃദുവാക്കുകയും മലവിസർജനം സ്ഥിരമായി നടക്കാൻ സഹായിക്കുകയും ചെയ്തുകൊണ്ട് മലബന്ധം തടയുന്നു. മാത്രമല്ല, കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിച്ചുകൊണ്ട് കുടലിന്റെ ആരോഗ്യം ഉറപ്പാക്കുന്നു.
2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: സ്വാഭാവിക മധുരം ഉണ്ടെങ്കിലും, കറുത്ത ഉണക്ക മുന്തിരിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. മിതമായ അളവിൽ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
3. ആരോഗ്യമുള്ള ഹൃദയം: കറുത്ത ഉണക്ക മുന്തിരിയിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കാനും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും സഹായിക്കുന്നു.
4. ഊർജം നൽകുന്നു: ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ അടങ്ങിയ കറുത്ത ഉണക്ക മുന്തിരി പെട്ടെന്ന് ഊർജം നൽകുന്നു. രാവിലെ കുറച്ച് കറുത്ത ഉണക്ക മുന്തിരി കഴിക്കുന്നത് ക്ഷീണം അകറ്റി നിർത്തി ദിവസം മുഴുവൻ ഊർജം ലഭിക്കുന്നതിന് സഹായിക്കും.
5. ശരീര ഭാരം നിയന്ത്രിക്കുന്നു: ശരീര ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് കറുത്ത ഉണക്ക മുന്തിരി കഴിക്കാം. ഭക്ഷണത്തിന് മുമ്പ് ഉണക്കമുന്തിരി കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും ഊർജ ഉപഭോഗം കുറയ്ക്കാനും സഹായിക്കുമെന്ന് 2019 ലെ ഒരുപഠനം കണ്ടെത്തി. ഇവയിലെ ഉയർന്ന നാരുകളും പ്രകൃതിദത്തമായ മധുരവും വയർ നിറയ്ക്കുന്നു, അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുന്നു.
6. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു: ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ കറുത്ത ഉണക്ക മുന്തിരി പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പതിവായി ഉണക്ക മുന്തിരി കഴിക്കുന്നത് ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്തും.
7. ചർമ്മത്തിനും മുടി വളർച്ചയ്ക്കും: രക്തചംക്രമണം മെച്ചപ്പെടുത്തുകയും കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ് തുടങ്ങിയ ചർമ്മ സൗഹൃദ പോഷകങ്ങൾ ഇവയിൽ നിറഞ്ഞിരിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിച്ച് മുടികൊഴിച്ചിൽ തടയാനും മുടി വേരുകളെ ശക്തിപ്പെടുത്താനും സഹായിക്കും.
കറുത്ത ഉണക്ക മുന്തിരി കഴിക്കേണ്ട വിധം
അഞ്ച് കറുത്ത ഉണക്ക മുന്തിരി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുക. കുതിർക്കുന്നതിലൂടെ അവയുടെ പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും എളുപ്പം ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us