scorecardresearch

കാബേജ് കഴിക്കാൻ മടിയുള്ളവരാണോ? ഈ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കുക

ഹൃദയാരോഗ്യം വർധിപ്പിക്കാനും ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം ചെറുക്കാനും കാൻസറിനെതിരെ സംരക്ഷണം നൽകാനും കാബേജ് കഴിക്കുന്നത് സഹായിക്കും

കാബേജ് കഴിക്കാൻ മടിയുള്ളവരാണോ? ഈ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കുക

കാബേജിന്റെ ഗുണങ്ങൾ നിരവധിയാണ്. വൈവിധ്യമാർന്ന വിറ്റാമിനുകളും ധാതുക്കളും അവയിലുണ്ട്. കാബേജിൽ നാല് പ്രധാന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കോളിൻ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ക്വെർസെറ്റിൻ എന്നിവയാണ് അവ. കോളിന് ഓർമ്മശക്തി മെച്ചപ്പെടുത്താനും വീക്കം ചെറുക്കാനും കഴിയും. ഗർഭിണികളിലെ ന്യൂറൽ ട്യൂബ് തകരാറുകൾ തടയാനും ഇതിന് കഴിയും. ബീറ്റാ കരോട്ടിൻ പുകവലിയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് മനുഷ്യന്റെ ഡിഎൻഎയെ സംരക്ഷിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാൻ ല്യൂട്ടിന് കഴിയും. ക്വെർസെറ്റിൻ ദോഷകരമായ ബാക്ടീരിയകളെ ചെറുക്കുകയും രോഗങ്ങളെ തടയുകയും ചെയ്യുന്നു.

കാബേജിൽ വിറ്റാമിൻ സി, കെ, ബി വിറ്റാമിനുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം വർധിപ്പിക്കാനും ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം ചെറുക്കാനും കാൻസറിനെതിരെ സംരക്ഷണം നൽകാനും കാബേജ് കഴിക്കുന്നത് സഹായിക്കും.

  1. ഹൃദയാരോഗ്യത്തിന്

റെഡ് കാബേജിൽ ആന്തോസയാനിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങളാണ് ചുവന്ന നിറത്തിന് കാരണം. ആന്തോസയാനിനുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. റെഡ് കാബേജ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു

  1. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകളാൽ കാബേജ് സമ്പന്നമാണ്. മലബന്ധം അകറ്റുകയും കുടൽ സൗഹൃദ ബാക്ടീരിയകളുടെ വളർച്ച കൂട്ടാനും ഇവ സഹായിക്കും.

  1. വീക്കത്തിനെതിരെ പോരാടുന്നു

ക്രൂസിഫറസ് പച്ചക്കറികളായ കാബേജ് പോലുള്ളവ വീക്കത്തിനെതിരെ പോരാടുന്നു. ക്രൂസിഫറസ് പച്ചക്കറികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന സ്ത്രീകൾ ഏറ്റവും കുറഞ്ഞ അളവിൽ വീക്കം കാണിക്കുന്നതായി ഒരു പഠനം പറയുന്നു. കാൻസർ, കൊറോണറി ആർട്ടറി ഡിസീസ് എന്നിവയുൾപ്പെടെയുള്ള വീക്കവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കെതിരെ പോരാടാൻ കാബേജ് ഫൈറ്റോകെമിക്കലുകൾ സഹായിക്കും.

  1. കാൻസറിനെതിരെ സംരക്ഷണം നൽകുന്നു

സൾഫോറാഫേനിന്റെ കാൻസർ വിരുദ്ധ ഫലങ്ങളെക്കുറിച്ച് ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഐസോത്തിയോസയനേറ്റ്സ് എന്ന സംയുക്തങ്ങൾ കാബേജിൽ അടങ്ങിയിട്ടുണ്ട്. ഇവ കാർസിനോജനുകളെ ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു.

  1. പ്രമേഹ ചികിത്സയെ സഹായിക്കും

റെഡ് കാബേജിന് ആന്റിഹൈപ്പർ ഗ്ലൈസെമിക് ഗുണങ്ങളുണ്ട്, ഇത് ഡയബറ്റിക് നെഫ്രോപതിയുടെ സാധ്യത കുറയ്ക്കും. റെഡ് കാബേജ് പ്രമേഹം കുറ്ക്കുകയും അതിന്റെ വാസ്കുലർ സങ്കീർണതകൾ ലഘൂകരിക്കുകയും ചെയ്യും.

  1. കാഴ്ചശക്തി കൂട്ടും

കാബേജിലെ ല്യൂട്ടിൻ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ല്യൂട്ടിൻ (സിയാക്സാന്തിൻ എന്ന മറ്റൊരു ആന്റിഓക്‌സിഡന്റിനൊപ്പം) റെറ്റിനയെയും ലെൻസിനെയും അൾട്രാവയലറ്റ് രശ്മികളിൽനിന്ന് സംരക്ഷിക്കുന്നു. കാബേജിൽ കാഴ്ചയെ സഹായിക്കുന്ന മറ്റൊരു പോഷകമായ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിനുള്ളിൽ വിറ്റാമിൻ ഇയെ പുനരുജ്ജീവിപ്പിച്ചേക്കാം, ഇത് കാഴ്ചശക്തിക്ക് പ്രധാനമായ ഒരു ആന്റിഓക്‌സിഡന്റാണ്.

  1. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

കാബേജിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഈ പോഷകം കൊളാജൻ എന്ന പ്രോട്ടീനിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് ചർമ്മത്തിന്റെ രൂപീകരണത്തിനും മുറിവുകൾ ഉണക്കുന്നതിനും സഹായിക്കുന്നു. എലികളിൽ നടന്ന പഠനമനുസരിച്ച്, ചർമ്മ കാൻസറിനെ തടയുന്നതിൽ റെഡ് കാബേജിനും പങ്കുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 7 health benefits of cabbage