scorecardresearch
Latest News

ദിവസവും നിലക്കടല കഴിക്കാം, 7 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ നേടാം

നിലക്കടല കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണമാണ്, അതിനർത്ഥം അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകില്ല എന്നാണ്

peanuts, health, ie malayalam

രുചിയിൽ മാത്രമല്ല, പോഷകഗുണം കൊണ്ടും ജനപ്രിയമായ ഭക്ഷണമാണ് നിലക്കടല. അവയിൽ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആരോഗ്യകരമായ വിവിധ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രമേഹം, ഹൃദ്രോഗങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങളിൽ നിന്ന് രക്ഷിക്കുന്നു. നിലക്കടല കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു

വാൽനട്ട്, ബദാം തുടങ്ങിയ വിവിധ നട്സുകൾ ഹൃദയാരോഗ്യത്തിന് സഹായകരമായ ഭക്ഷണങ്ങളാണ്. നിലക്കടലയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാൻ സഹായിക്കുന്നു. രക്തം കട്ടപിടിക്കുന്നത് തടയുകയും അതുവഴി സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ശരീര ഭാരം കുറയ്ക്കും

കൊഴുപ്പും കലോറിയും കൂടുതലാണെങ്കിലും അവ ശരീരഭാരം കൂട്ടാൻ സഹായിക്കുന്നില്ലെന്ന് ഗവേഷകർ വെളിപ്പെടുത്തി. നിലക്കടല കഴിക്കുന്നത് ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താനും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

പിത്തസഞ്ചിയിലെ കല്ല് തടയുന്നു

നിലക്കടല കഴിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ കലവറ

ഐസോഫ്ലേവോൺ, റെസ്‌വെറാട്രോൾ, ഫൈറ്റിക് ആസിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് അവ. ബയോട്ടിൻ, കോപ്പർ, നിയാസിൻ, ഫോളേറ്റ്, മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, തയാമിൻ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രധാന ഉറവിടം കൂടിയാണിത്.

പ്രമേഹത്തിനുള്ള കുറഞ്ഞ സാധ്യത

നിലക്കടല കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണമാണ്, അതിനർത്ഥം അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകില്ല എന്നാണ്. ഇത് സ്ത്രീകളിൽ ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

വീക്കം കുറയ്ക്കുന്നു

നാരുകളുടെ മികച്ച ഉറവിടമാണ്. ഇവ വീക്കം കുറയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

കാൻസർ തടയുന്നു

പ്രായമായവരിൽ, പീനട്ട് ബട്ടർ കഴിക്കുന്നത് ഗ്യാസ്ട്രിക് നോൺ-അഡിനോകാർസിനോമ എന്നറിയപ്പെടുന്ന ചില തരത്തിലുള്ള വയറ്റിലെ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 7 amazing health benefits of peanuts