ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ സാധാരണ ചെയ്യുന്ന തെറ്റാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയെന്നത്. ഇതിലൂടെ ലക്ഷ്യം നേടാൻ കഴിയാതെ വരിക മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. ശരിയായ ജീവിതശൈലിയും വ്യായാമവും ചെയ്യുന്ന ഒരാളാണെങ്കിൽ, നിങ്ങൾക്ക് ഇടയ്ക്ക് വിശപ്പ് അനുഭവപ്പെടാം. പെട്ടെന്നുള്ള വിശപ്പ് മാറ്റാൻ സ്നാക്സ് കഴിക്കുന്നതിനുപകരം ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കില്ല. ശരീര ഭാരം കൂടുമെന്നതിനെക്കുറിച്ച് വേവലാതിപ്പെടാതെ, നിങ്ങൾക്ക് കഴിക്കാൻ കഴിയുന്ന ആറ് ഭക്ഷണളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിൽനിന്നും 20 ഗ്രാം ഫൈബർ എങ്കിലും ലഭിക്കണം.
കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ
ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്നുള്ള ഒരു പഠനമനുസരിച്ച് കാൽസ്യം, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ വയറിലെ കൊഴുപ്പ് ഇല്ലാതാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. വിറ്റാമിൻ ഡി ഓർമ്മക്കുറവ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത വേദനകൾ എന്നിവയിൽ നിന്നും നിങ്ങളെ സംരക്ഷിക്കും.
നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ
അവോക്കാഡോ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, നട്സ്, എണ്ണകൾ, ചിലതരം മത്സ്യങ്ങൾ എന്നിവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. വാൽനട്ട് പോലുള്ള നട്സുകൾ അടങ്ങിയ കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
ചൂര, ചിക്കൻ ബ്രെസ്റ്റ്, മുഴുവൻ മുട്ട, വേവിച്ച ഉരുളക്കിഴങ്ങ് തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരത്തെ ബാധിക്കുന്ന നിരവധി ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് വിശപ്പ് ഹോർമോണുകളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
വെളളം
വെളളം ആവശ്യത്തിന് കുടിക്കുക. വെള്ളം ഒരാളുടെ ഉപാപചയ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു
ഗ്രീൻ ടീ
പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തെ വിഷമുക്തമാക്കാനും സഹായിക്കുന്നതിനൊപ്പം, ഒരു കപ്പ് ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച പരിഹാരമല്ലെങ്കിലും, ഗ്രീൻ ടീയിലെ കാറ്റെച്ചിന്റെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീര താപനില വർധിപ്പിക്കുകയും ചെയ്യുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമായ കഫീൻ ഇതിൽ അടങ്ങിയിരിക്കുന്നു.
Read More: ശരീരഭാരം കുറയ്ക്കുമ്പോൾ ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്താൻ ചില ടിപ്‌സ്