കനത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. ഈ സമയത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പരമാവധി ശുദ്ധജലം കുടിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ പല അസ്വസ്ഥതകളും ശരീരം കാണിച്ചു തുടങ്ങും. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണം.
ശുദ്ധ ജലത്തിനൊപ്പം പഴച്ചാറുകളും ധാരാളം കഴിക്കാവുന്നതാണ്. ശരീരത്തെ തണുപ്പിക്കാനും ചൂടിനെ പ്രതിരോധിക്കാനും പഴച്ചാറുകൾ സഹായിക്കും. വീട്ടിൽ തന്നെ എളുപ്പത്തിൽ ഈ പഴച്ചാറുകൾ തയ്യാറാക്കാവുന്നതാണ്.
- ഓറഞ്ച് ജ്യൂസ്
വൈറ്റമിൻ സിയുടെ മിച്ച ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. എല്ലാ ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നീർവീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം അവകാശപ്പെടുന്നു. ഓറഞ്ച് ജ്യൂസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് ചർമ്മത്തിലെ ചൂട് കുറയ്ക്കാൻ ഓറഞ്ച് സഹായിക്കും.
- തണ്ണിമത്തൻ ജ്യൂസ്
വേനൽക്കാലമായതോടെ തണ്ണിമത്തനും കേരളക്കരയുടെ പ്രിയങ്കരനായിട്ടുണ്ട്. തണ്ണിമത്തനിൽ 90 ശതമാനത്തിലധികം വെള്ളത്തിന്റെ അംശമാണ്. വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ തണ്ണിമത്തൻ ജ്യൂസ് മികച്ചതാണ്. ശാരീരിക ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ശരീരത്തിന്റെ ഊര്‍ജം എളുപ്പത്തില്‍ കുറയുന്നു. ശരീരത്തിലെ ഊര്‍ജം നിലര്‍ത്താന്‍ തണ്ണിമത്തൻ സഹായിക്കുന്നു.
- നാരങ്ങ ജ്യൂസ്
വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്താനുള്ള മികച്ച മാർഗ്ഗമാണ് നാരങ്ങ ജ്യൂസ്. ഉപ്പിട്ടതോ പഞ്ചസാരയിട്ടതോ ആയ നാരങ്ങ വെള്ളം ഈ സമയത്ത് ധാരാളം കുടിക്കുക. വിറ്റാമിൻ സിയാൽ സമ്പന്നമാണ് നാരങ്ങ ജ്യൂസ്. ചൂട് സമയത്തുണ്ടാകുന്ന ചര്‍മരോഗങ്ങളില്‍ നിന്നും രക്ഷ നേടാനും നാരങ്ങ വെള്ളം സഹായിക്കും.
- മാന്പഴം ജ്യൂസ്
ശരീരത്തിനെ തണുപ്പിക്കാൻ മാമ്പഴ ജ്യൂസ് മികച്ചതാണ്. മാമ്പഴച്ചാറ് വേനലിൽ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ശരീരം തണുപ്പിക്കാനും കേടുപാടുകൾ സംഭവിക്കാതിരിക്കാനും സഹായിക്കും.
- പപ്പായ ജ്യൂസ്
പപ്പായ ജ്യൂസും വേനൽക്കാലത്ത് ധാരാളം കഴിക്കാവുന്നതാണ്. പപ്പായയിൽ 91-92% വരെ ജലാംശമുണ്ട്. വിറ്റാമിൻ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടമെന്ന നിലയിൽ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പപ്പായ സഹായിക്കുന്നു. ഒരു കപ്പ് പപ്പായ ജൂസ് വെറും വയറിൽ കഴിക്കുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ദഹന എൻസൈമുകളുടെ സാന്നിധ്യം മൂലം മലവിസർജ്ജനം സുഗമമാക്കാനും സഹായിക്കും.
- മുന്തിരി ജ്യൂസ്
മുന്തിരി ജ്യൂസ് മികച്ച ഒരു ദാഹശമനി മാത്രമല്ല, പോഷകങ്ങളുടെ ഒരു കലവറ കൂടിയാണ്. മുന്തിരിയിൽ ധാരളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. മുന്തിരി ജ്യൂസ് ശരീരത്തിന് ഉണർവ് നൽകും.
Read More: ഓറഞ്ച് ജ്യൂസ് ദിവസവും കുടിച്ചാലുള്ള ഗുണങ്ങൾ