ഔഷധ ഗുണങ്ങൾ ഏറെയുള്ളതും നമ്മുടെയൊക്കെ അടുക്കളകളിൽ സുലഭമായതുമായ ഒന്നാണ് ഇഞ്ചി. ദഹനപ്രശ്‌നങ്ങളെ അകറ്റുന്നതു മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ, ടൺ കണക്കിന് ആരോഗ്യ ഗുണങ്ങൾ ഇഞ്ചിക്കുണ്ട്. എങ്കിലും, അമിതമായി എന്തു കഴിച്ചാലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇഞ്ചിയുടെ കാര്യവും ഇതിൽനിന്നും വ്യത്യസ്തമല്ല.
പല രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ചികിത്സിക്കാൻ ഇഞ്ചി മികച്ചതാണ്. എങ്കിലും, അമിതമായി കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഇഞ്ചിയുടെ പാർശ്വഫലങ്ങൾ എല്ലാവർക്കും ഉണ്ടാകുമെന്ന് പറയുന്നത് തെറ്റാണ്. ഇഞ്ചിയുടെ 6 ദോഷഫലങ്ങളും ഒരാൾ അറിഞ്ഞിരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുമാണ് ഇനി പറയുന്നത്.
- ഹൃദയസംബന്ധമായ പ്രശ്നങ്ങൾ
ദിവസവും ഉയർന്ന അളവിൽ ഇഞ്ചി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഹൃദയമിടിപ്പ്, കാഴ്ച പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ എന്നിവയ്ക്ക് ഇഞ്ചി കാരണമാകുമെന്ന് പറയപ്പെടുന്നു. ഉയർന്ന അളവിൽ ഇഞ്ചി കഴിക്കുന്നത് കുറഞ്ഞ രക്തസമ്മർദ്ദത്തിന് കാരണമാകും. ഒരു വ്യക്തിക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇത് വർധിപ്പിക്കും.
- ഗർഭിണികളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും
ഗർഭകാലത്ത് ഇഞ്ചി ഉയർന്ന അളവിൽ കഴിക്കുന്നത് ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്. ഇത് ഗർഭകാലത്ത് കടുത്ത നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാക്കും.
- പ്രമേഹ രോഗികൾക്ക് അപകടകരം
പ്രമേഹ രോഗികൾ ഇഞ്ചിയുടെ ഉയർന്ന ഉപഭോഗം ഒഴിവാക്കുക. ഇഞ്ചിയുടെ അമിത ഉപഭോഗം പ്രമേഹ രോഗികൾക്ക് അത്യന്തം ദോഷകരമാണ്. ഇത് രക്തസമ്മർദ്ദം വൻതോതിൽ കുറയ്ക്കും, ഇത് തലകറക്കത്തിനും ക്ഷീണത്തിനും ഇടയാക്കും. പ്രമേഹമുള്ളപ്പോൾ ഇഞ്ചി കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുക.
- വയറിൽ അസ്വസ്ഥത
ഇഞ്ചി അമിതമായി കഴിക്കുന്നത് വയറിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കും. പിത്തരസം ഉൽപാദനം വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഇഞ്ചി. അതിനാൽ, വെറും വയറ്റിൽ ഇഞ്ചി കഴിക്കുമ്പോൾ, അമിതമായ ഗ്യാസ്ട്രിക് ഉത്തേജനത്തിലേക്ക് നയിച്ചേക്കാം, ഇത് ദഹനത്തെ പ്രകോപിപ്പിക്കുകയും വയറിനെ കൂടുതൽ അസ്വസ്ഥമാക്കുകയും ചെയ്യും.
- വയറിളക്കം
ഇഞ്ചിയുടെ അമിതോപയോഗത്തിന്റെ മറ്റൊരു അപകടകരമായ പാർശ്വഫലം വയറിളക്കമാണ്. അമിതമായ ഇഞ്ചി കഴിക്കുന്നത് നെഞ്ചെരിച്ചിൽ, വയറിളക്കം, വയറ്റിലെ അസ്വസ്ഥത എന്നിവയുൾപ്പെടെ നേരിയ പാർശ്വഫലങ്ങൾക്ക് കാരണമാകും.
- ചർമ്മത്തിനും കണ്ണിനും അലർജി
ഇഞ്ചിയുടെ അമിതമായ ഉപയോഗം ചില അലർജികൾക്കും കാരണമാകും. ചർമ്മത്തിലെ തിണർപ്പ്, കണ്ണുകളിലെ ചുവപ്പ്, ശ്വാസതടസ്സം, ചൊറിച്ചിൽ, വീർത്ത ചുണ്ടുകൾ, കണ്ണുകളിൽ ചൊറിച്ചിൽ എന്നിവയെല്ലാം ഇഞ്ചിയുടെ അമിത ഉപഭോഗം മൂലം ഉണ്ടാകാം.
ദിവസേന 5 ഗ്രാം ഇഞ്ചി കഴിക്കാം. അതിൽ കൂടുതൽ കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. എങ്കിലും ഒരാൾക്ക് എത്ര അളവ് കഴിക്കാമെന്നത് ഡോക്ടറെ സമീപിച്ച് മനസിലാക്കുന്നതാണ് നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.