/indian-express-malayalam/media/media_files/2025/12/09/iron-deficiency-2025-12-09-11-04-40.jpg)
Source: AI Image
ഇരുമ്പിന്റെ കുറവ് പലപ്പോഴും ക്ഷീണമായും വിളർച്ചയായും മാത്രമാണ് നാം കാണാറുള്ളത്. എന്നാൽ ശരീരം മറ്റ് ചില ലക്ഷണങ്ങളിലൂടെയും ഇത് പ്രകടിപ്പിക്കാറുണ്ട്. സാധാരണയായി ഇരുമ്പിന്റെ കുറവുണ്ടാകുമ്പോൾ അനുഭവപ്പെടുന്ന ക്ഷീണത്തിനപ്പുറം, നാവ്, ചെവി, മുടി എന്നിവയിലൂടെയും ശരീരം ചില സൂചനകൾ നൽകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പലരും അവഗണിക്കുന്ന, എന്നാൽ ശ്രദ്ധിക്കേണ്ട 5 ലക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
1. റെസ്റ്റ്‌ലെസ് ലെഗ് സിൻഡ്രോം
കാലുകളിൽ തരിപ്പ്, വലിവ്, ചലിപ്പിക്കാനുള്ള അനിയന്ത്രിതമായ തോന്നൽ ഇതൊക്കെയാണ് പ്രധാന ലക്ഷണം. പ്രത്യേകിച്ച് രാത്രികാലങ്ങളിലാണ് കൂടുതലായി അനുഭവപ്പെടുക. ഇത് ഉറക്കത്തെ കാര്യമായി ബാധിക്കുകയും പകൽ സമയത്ത് ക്ഷീണം അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും. രക്തപരിശോധനയിൽ ഇരുമ്പിന്റെ കുറവ് കണ്ടെത്തുന്നവരിൽ ഈ അവസ്ഥ സാധാരണമാണ്.
Also Read: ഒരു മാസം എല്ലാ രാത്രിയിലും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും?
2. ചെവിയിൽ മുഴക്കം
ചെവിക്കുള്ളിൽ മുഴക്കമോ ശബ്ദമോ കേൾക്കുന്ന അവസ്ഥയാണിത്. വിളർച്ചയുള്ളവരിൽ ചെവിക്ക് സമീപമുള്ള സിരകളിലൂടെ രക്തം വേഗത്തിൽ ഒഴുകുന്നത് മൂലമാണ് ഇത്തരത്തിൽ ശബ്ദം കേൾക്കുന്നത്.
3. പൈക്ക
ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കാൻ തോന്നുന്ന വിചിത്രമായ അവസ്ഥയാണിത്. മണ്ണ്, കളിമണ്ണ്, കടലാസ്, അല്ലെങ്കിൽ ഐസ് എന്നിവയോട് പെട്ടെന്നുണ്ടാകുന്ന അമിത ആസക്തി ഇരുമ്പിന്റെ കുറവിന്റെ ലക്ഷണമാകാം. ഐസ് കട്ടകൾ ചവച്ചരച്ച് കഴിക്കാനുള്ള പ്രവണത ഇതിന്റെ ഒരു പ്രധാന ലക്ഷണമാണ്.
Also Read: ഹൃദയാഘാതത്തിന് കാരണം മുട്ടയുടെ മഞ്ഞക്കരുവോ? തെറ്റിദ്ധാരണ തിരുത്തി ഡോക്ടർ
4. നാവിൽ മാറ്റങ്ങൾ
നാവ് വീർക്കുകയോ അസാധാരണമാം വിധം മിനുസമുള്ളതായി മാറുകയോ ചെയ്യുന്നത് ഇരുമ്പിന്റെ കുറവിന്റെ മറ്റൊരു ലക്ഷണമാണ്. നാവിൽ വേദന, ചുവപ്പ് നിറം, നാവിന്റെ സ്വാഭാവികമായ ഘടന നഷ്ടപ്പെട്ട് വഴുവഴുപ്പുള്ളതാകുക എന്നിവയും ഇതിന്റെ ഭാഗമായി കണ്ടുവരുന്നു.
Also Read: 60 സെക്കൻഡിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം; എങ്ങനെ?
5. മുടി കൊഴിച്ചിൽ
മുടി കൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ടാകാമെങ്കിലും, ഇരുമ്പിന്റെ കുറവ് ഇതിനൊരു പ്രധാന കാരണമാണ്. രക്തത്തിൽ ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കാൻ ഇരുമ്പ് അത്യാവശ്യമാണ്. ഇതിന്റെ കുറവ് മുടി വളർച്ചയ്ക്ക് ആവശ്യമായ ഓക്സിജൻ ലഭ്യതയെ ബാധിക്കുകയും മുടി കൊഴിയുന്നതിനും, കനം കുറയുന്നതിനും കാരണമാവുകയും ചെയ്യുന്നു.
ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതിരിക്കുക. രക്തപരിശോധനയിലൂടെ ഇരുമ്പിന്റെ അളവ് കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുകയും ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പെട്ടെന്നുള്ള ഹൃദയാഘാതം; ഈ 5 മുന്നറിയിപ്പ് സൂചനകൾ അവഗണിക്കരുത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us