പ്രമേഹമുള്ളവർക്ക് എപ്പോഴും ഭക്ഷണകാര്യത്തിൽ ആശങ്കയുണ്ടാകാറുണ്ട്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഭക്ഷണങ്ങളിൽ ഒന്നാണ് നട്സ്. ഇവയിൽ ധാരാളം പോഷക ഗുണങ്ങളുണ്ട്. നട്സിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രമേഹമുള്ള ഒരാൾ നട്‌സ് കഴിക്കുമ്പോൾ അവർക്ക് പൂർണ്ണത അനുഭവപ്പെടുന്നു. ഇതിലൂടെ അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നു. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന 5 നട്സുകളെക്കുറിച്ചാണ് ഇനി പറയുന്നത്.
- ബദാം
പ്രീ-ഡയബറ്റിസിൽ ഗ്ലൂക്കോസ് നിയന്ത്രണത്തിന് ഈ നട്സ് കഴിക്കുന്നത് വളരെ നല്ലതാണ്. ബദാമിൽ നാരുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, വിറ്റാമിൻ 12 എന്നിവയ്‌ക്കൊപ്പം ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
- പിസ്ത
ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. പിസ്ത കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഗ്ലൈസെമിക് നില മെച്ചപ്പെടുത്തുന്നു. പിസ്ത അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം ഗ്ലൂക്കോസിന്റെ അളവ്, കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ, മൊത്തം കൊളസ്ട്രോളിന്റെ അളവ് എന്നിവ മെച്ചപ്പെടുത്തുന്നു.
- വാൽനട്ട്
ഒമേഗ 3 യുടെ ഒരു സ്റ്റോർ ഹൗസാണ് ഇത്. വാൽനട്ടിൽ പ്രോട്ടീനും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയിട്ടുണ്ട്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന അപൂരിത ഫാറ്റി ആസിഡുകൾ ഗ്ലൂക്കോസ് നിയന്ത്രണത്തിൽ പങ്ക് വഹിക്കുന്നു.
- കശുവണ്ടി
കശുവണ്ടിയുടെ സത്തിൽ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ട്. കശുവണ്ടിയിൽ കൊഴുപ്പിന്റെ അളവ് താരതമ്യേന കൂടുതലാണെങ്കിലും, ഇതിൽ ഭൂരിഭാഗവും നല്ല കൊഴുപ്പാണ്. പ്രമേഹ രോഗികൾക്ക് ഇത് ആരോഗ്യകരമാണ്. അണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കുകയും ചെയ്യും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
- നിലക്കടല
പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവ ഇതിൽ ധാരാളമുണ്ട്. മാത്രമല്ല, കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. നിലക്കടലയ്ക്ക് പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയും.
നട്സുകൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും, മറ്റ് ആരോഗ്യ അവസ്ഥകളും ചിന്തിക്കണം. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, കൊളസ്ട്രോൾ, രക്താതിമർദം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിച്ചതിനുശേഷം മാത്രം ഇവ കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.