scorecardresearch

ഉപ്പ് എല്ലാവർക്കും വില്ലനല്ല: പക്ഷേ, ഈ 5 വിഭാഗക്കാർ സൂക്ഷിച്ചേ മതിയാകൂ

ഉപ്പ് ഒഴിവാക്കുകയോ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യേണ്ട 5 പ്രധാന സാഹചര്യങ്ങളുണ്ട്

ഉപ്പ് ഒഴിവാക്കുകയോ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യേണ്ട 5 പ്രധാന സാഹചര്യങ്ങളുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sodium

Image Source: Freepik

നമ്മുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ഉപ്പ് അഥവാ സോഡിയം. ആരോഗ്യസംബന്ധമായ ചർച്ചകളിൽ പലപ്പോഴും ഉപ്പിനെ ഒരു 'വില്ലനായാണ്' ചിത്രീകരിക്കാറുള്ളത്. എന്നാൽ ഉപ്പ് പൂർണ്ണമായും ഒഴിവാക്കേണ്ട ഒന്നാണോ? പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോ. ദിമിത്രി യാരനോവ് പറയുന്നത് ഉപ്പ് എല്ലാവർക്കും ഒരുപോലെ ദോഷകരമല്ല എന്നാണ്. നമ്മുടെ ശരീരത്തിലെ നാഡീപ്രവർത്തനങ്ങൾക്കും പേശികളുടെ സങ്കോചത്തിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും സോഡിയം അത്യാവശ്യമാണ്.

Advertisment

എങ്കിലും, ചില പ്രത്യേക ശാരീരിക അവസ്ഥകളുള്ളവർ ഉപ്പിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഉപ്പ് ഒഴിവാക്കുകയോ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യേണ്ട 5 പ്രധാന സാഹചര്യങ്ങൾ താഴെ പറയുന്നവയാണ്.

Also Read: രാത്രിയിൽ ചെറിയ വിശപ്പോടെ ഉറങ്ങണം? കാരണം എന്ത്?

1. ഹൃദയസ്തംഭനം ബാധിച്ചവർ 

ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ രോഗികളിൽ അമിതമായ ഉപ്പ് ഉപയോഗം ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കാൻ കാരണമാകും. ഇത് ശ്വാസംമുട്ടലിനും ഹൃദയത്തിന്റെ ജോലിഭാരം വർധിപ്പിക്കാനും ഇടയാക്കും. ഇത്തരം രോഗികൾക്ക് ഉപ്പ് ഒരു 'വിഷം' പോലെ പ്രവർത്തിക്കുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

2. നിയന്ത്രിക്കാനാവാത്ത രക്തസമ്മർദം

മൂന്നോ നാലോ തരം മരുന്നുകൾ കഴിച്ചിട്ടും രക്തസമ്മർദം കുറയാത്ത അവസ്ഥയുള്ളവർക്ക് ഉപ്പ് വലിയ ഭീഷണിയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉപ്പ് ഉപയോഗിക്കുന്നത് നിങ്ങൾ കഴിക്കുന്ന മരുന്നുകളുടെ ഫലം ഇല്ലാതാക്കാൻ കാരണമാകും.

Also Read: "ദിവസവും ഒരു മണിക്കൂർ മാറ്റിവെക്കൂ..." ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി മൃണാൾ താക്കൂർ

3. വൃക്കരോഗങ്ങൾ 

വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലായവർക്ക് ശരീരത്തിൽ നിന്ന് അധികമുള്ള സോഡിയം പുറന്തള്ളാൻ കഴിയില്ല. ഇത് രക്തസമ്മർദം വർധിപ്പിക്കുകയും വൃക്കകളുടെ അവസ്ഥ കൂടുതൽ വഷളാക്കുകയും ചെയ്യും.

4. ലിവർ സിറോസിസും പോർട്ടൽ ഹൈപ്പർടെൻഷനും 

കരൾ സംബന്ധമായ രോഗങ്ങളുള്ളവർ, പ്രത്യേകിച്ച് സിറോസിസ് ഉള്ളവർ ഉപ്പ് നിയന്ത്രിച്ചില്ലെങ്കിൽ വയറ്റിൽ വെള്ളം കെട്ടിക്കിടക്കുന്ന 'അസ്സൈറ്റിസ്' എന്ന അവസ്ഥയിലേക്ക് നയിക്കാം. ഇത് ആന്തരിക അവയവങ്ങളിലെ രക്തസമ്മർദം വർധിപ്പിക്കാൻ കാരണമാകും.

5. പ്രായമായവർ 

പ്രായം കൂടുന്തോറും നമ്മുടെ രക്തധമനികളുടെ ഇലാസ്തികത കുറയുന്നു. 25 വയസുള്ളപ്പോൾ ശരീരം സോഡിയത്തെ കൈകാര്യം ചെയ്യുന്നതുപോലെയല്ല വാർധക്യത്തിൽ ചെയ്യുന്നത്. അതിനാൽ മുതിർന്ന പൗരന്മാർ ഉപ്പിന്റെ ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തണം.

Also Read: പട്ടിണി കിടക്കേണ്ട, ഹെൽത്തിയായിരിക്കാൻ ഹൃത്വിക്കിൻ്റെ 'വോളിയം ഈറ്റിംഗ്' ട്രൈ ചെയ്യൂ

ഉപ്പ് മനുഷ്യരാശിയെ നശിപ്പിക്കാനായി ഉണ്ടായ ഒന്നല്ല, മറിച്ച് ശരിയായ അളവിൽ ഉപയോഗിക്കേണ്ട ഒന്നാണ്. എന്നാൽ മേൽപ്പറഞ്ഞ അസുഖങ്ങളുള്ളവർക്ക് ഉപ്പ് കേവലം ഒരു രുചിക്കൂട്ടല്ല, മറിച്ച് രോഗത്തെ മൂർച്ഛിപ്പിക്കുന്ന ഇന്ധനമാണെന്ന് ഡോ. യാരനോവ് ഓർമ്മിപ്പിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിനായി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപ്പിന്റെ അളവ് ക്രമീകരിക്കുക.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഉറക്കമുണർന്നാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കും, മധുരത്തിന് ഈന്തപ്പഴം; തമന്നയുടെ ഫിറ്റ്നസ് രഹസ്യം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: