ഇന്ത്യയിൽ പ്രമേഹ ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നുണ്ട്. പ്രമേഹം മൂലമുള്ള മരണനിരക്കും ഉയരുന്നുണ്ട്. അനരോഗ്യകരമായ ഭക്ഷണക്രമവും മോശം ജീവിതശൈലിയുമാണ് പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളായി പറയാവുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കുക, നിയന്ത്രിത ഭക്ഷണക്രമം, ദിവസേനയുള്ള മരുന്നുകൾ കഴിക്കുക എന്നിവയിലൂടെ പ്രമേഹത്തെ ഫലപ്രദമായി തടയാവുന്നതാണ്.
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് പറയപ്പെടുന്നതുപോലെ, നല്ല ജീവിതശൈലിയും ഭക്ഷണക്രമവും പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. പ്രമേഹം വരാതിരിക്കാനോ കാലതാമസം വരുത്താനോ സഹായിക്കുന്ന ലളിതമായ ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കാവുന്നതാണെന്ന് ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റീസ് സെന്ററിലെ വൈസ് ചെയർമാനും കൺസൾട്ടന്റുമായ ഡോ.രഞ്ജിത് ഉണ്ണികൃഷ്ണൻ പറഞ്ഞു. വ്യായാമവും ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതും പ്രമേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിച്ചേക്കാം.
പ്രമേഹം ആരംഭിക്കുന്നതിന് മുമ്പ് അത് തടയാൻ 5 പ്രകൃതിദത്ത വഴികൾ ഡോ.ഉണ്ണികൃഷ്ണൻ നിർദേശിച്ചു.
1.ശരീര ഭാരം കുറയ്ക്കുക: ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റം വരുത്തുന്നതിലൂടെ ശരീര ഭാരം കുറച്ച് പ്രമേഹ സാധ്യത 60 ശതമാനം കുറയ്ക്കാൻ കഴിയും. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ, പ്രീ ഡയബറ്റിസ് ഉള്ള ആളുകൾ അവരുടെ ഭാരം 7 ശതമാനം മുതൽ 10 ശതമാനം വരെ കുറയ്ക്കണമെന്ന് ശുപാർശ ചെയ്യുന്നു. എങ്കിലും, ആരോഗ്യ കാര്യത്തിൽ എന്ത് മാറ്റം വരുത്തുന്നതിനു മുൻപും നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.
2.ശാരീരികമായി സജീവമായിരിക്കുക: ശാരീരികമായി കൂടുതൽ സജീവമാകുന്നത് ഉയർന്ന ജീവിത നിലവാരത്തിലേക്ക് നയിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും കുറച്ചുകൂടി ശാരീരികമായി സജീവമായിരിക്കുന്നത് ആരോഗ്യത്തിനും ക്ഷേമത്തിനും നേട്ടങ്ങൾ ഉണ്ടാക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വ്യായാമം ആളുകളെ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രധാനമാണ്.
3.ആരോഗ്യകരമായ ഭക്ഷണം കഴിക്കുക: ഭക്ഷണത്തിലെ സസ്യങ്ങൾ ഉൾപ്പെടുത്തുന്നത് അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടാതെ കാർബോഹൈഡ്രേറ്റുകളും നൽകുന്നു. കാർബോഹൈഡ്രേറ്റുകളിൽ പഞ്ചസാര, അന്നജം, നാരുകൾ എന്നിവ ഉൾപ്പെടുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇലക്കറികളും ബ്രോക്കോളിയും പോലുള്ള പഴങ്ങളും അന്നജം ഇല്ലാത്ത പച്ചക്കറികളും ആരോഗ്യകരവും നാരുകൾ അടങ്ങിയതുമായ ഭക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.
4.ആരോഗ്യകരമായ കൊഴുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: ആരോഗ്യകരമായ കൊഴുപ്പുകൾ കഴിക്കുന്നത് ശരീര ഭാരത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തും. ശരീരഭാരം കുറയ്ക്കാൻ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കണം. “നല്ല കൊഴുപ്പുകൾ” എന്ന് വിളിക്കപ്പെടുന്ന അപൂരിത കൊഴുപ്പുകൾ ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഒലീവ് ഓയിൽ, സൺഫ്ലവർഓയിൽ സാഫഫ്ലവർ, കോട്ടൺസീഡ്, കനോല ഓയിൽ എന്നിവയൊക്കെ ഇത്തരത്തിലുള്ള കൊഴുപ്പിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളാണ്. നട്സുകളും വിത്തുകളും, മത്സ്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
5.ഫാഡ് ഡയറ്റുകൾ ഒഴിവാക്കുകയും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക: പാലിയോ അല്ലെങ്കിൽ കീറ്റോ ഡയറ്റുകൾ പോലുള്ള പല ഫാഡ് ഡയറ്റുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഈ ഡയറ്റുകളുടെ ദീർഘകാല നേട്ടങ്ങൾ വ്യക്തമല്ല, മാത്രമല്ല അവയുടെ പരിമിതമായ സമയപരിധി കാരണം പ്രമേഹ പ്രതിരോധ ഫലങ്ങളെക്കുറിച്ച് വളരെ കുറച്ച് ഗവേഷണങ്ങളേ ഉള്ളൂ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.