ആരോഗ്യകരമായ ജീവിതത്തിന് കൊളസ്ട്രോൾ നിയന്ത്രണം അത്യാവശ്യമാണ്. കൊളസ്ട്രോൾ രണ്ടു തരത്തിലുണ്ട്. നല്ല കൊളസ്ട്രോൾ (ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL), മോശം കൊളസ്ട്രോൾ (ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ LDL). എൽഡിഎൽ ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കും. എന്നാൽ നല്ല കൊളസ്ട്രോൾ അല്ലെങ്കിൽ HDL ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ചീത്ത കൊളസ്ട്രോളിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് സംരക്ഷിക്കും.
കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മ്മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ ഒരു മുഖ്യഘടകമാണ്. ചീത്ത കൊളസ്ട്രോളിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയാണ്. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കൽ, ഭക്ഷണത്തിൽ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തൽ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ ഇത് നേടാനാകും.
അമിതമായാൽ ശരീരത്തിന് എന്തും ദോഷകരമാണ്. അതുപോലെ ഉയർന്ന അളവിലുള്ള എച്ച്ഡിഎല്ലും നല്ലതല്ല. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും. പൂരിത കൊഴുപ്പുകൾ, പഞ്ചസാര നിറഞ്ഞ ഭക്ഷണം, ഉയർന്ന കലോറിയുള്ള മറ്റ് ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതിലൂടെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ കഴിയും.
നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ചിയ വിത്തുകൾ
സസ്യാധിഷ്ഠിത ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ മറ്റു ആരോഗ്യകരമായ പോഷകങ്ങൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചിയ വിത്തുകൾ. ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും രക്ത സമ്മർദം കുറയ്ക്കാനും സാധിക്കും.
ബാർലി
എച്ച്ഡിഎൽ-എൽഡിഎൽ അനുപാതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ലയിക്കുന്ന നാരുകളായ ബീറ്റാ ഗ്ലൂക്കൻ ലഭിക്കാനുള്ള മാർഗമാണ് ബാർലി.
വാൽനട്ട്
ഒമേഗ- 3 കൊഴുപ്പുകളാണ് വാൽനട്ടിൽ പ്രധാനമായും കാണപ്പെടുന്നത്. ഇവ ഹൃദയത്തെ സംരക്ഷിക്കാൻ കഴിവുള്ള ഒരു തരം മോണോസാച്യുറേറ്റഡ് ഫാറ്റി ആസിഡാണ്. വാൽനട്ട് മൊത്തം ബ്ലഡ് കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യും.
വെളിച്ചെണ്ണ
നല്ലതും ചീത്തയുമായ കൊളസ്ട്രോൾ വെളിച്ചെണ്ണ വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സത്യമെന്തെന്നാൽ, മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകളുടെ ചെറിയൊരു അളവ് മാത്രമാണ്.
സോയാബീൻ
സോയയിലെ ഐസോഫ്ലവോണുകൾ എച്ച്ഡിഎൽ അളവ് വർധിപ്പിക്കുകയും ഫൈറ്റോ ഈസ്ട്രജൻ എൽഡിഎൽ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.