മലബന്ധത്താൽ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ മലബന്ധമുണ്ടാകാം. മലബന്ധം അകറ്റാൻ ആളുകൾ ധാരാളം വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കും.
ഇന്ത്യക്കാരിൽ അഞ്ചിൽ ഒരാൾ മലബന്ധം അനുഭവിക്കുന്നതായി ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര പറഞ്ഞു. ഇത് ദിവസം മുഴുവൻ അസ്വാസ്ഥ്യത്തിനുള്ള ഒരു കാരണം മാത്രമല്ല, പല വിട്ടുമാറാത്ത രോഗങ്ങളുടെ മൂലകാരണവുമാണ്. മലബന്ധം അകറ്റാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ബത്ര.
പ്രൂൺസ് (ഉണങ്ങിയ പ്ലം)
മലബന്ധം ഒഴിവാക്കാനുള്ള പരമ്പരാഗതമായ ഒരു ഭക്ഷണമാണ് പ്രൂൺസ്. ഇതിൽ സോർബിറ്റോൾ അടങ്ങിയിട്ടുണ്ട്. മലബന്ധം ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു, മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നു.
വെജിറ്റബിൾ ജ്യൂസ്
നിങ്ങളുടെ ഇഷ്ടപ്പെട്ട പച്ചക്കറികളിൽ നിന്ന് ഉണ്ടാക്കിയ ഒരു ഗ്ലാസ് വെജിറ്റബിൾ ജ്യൂസ്, രാവിലെ അല്ലെങ്കിൽ ഉച്ചയ്ക്ക് ലഘുഭക്ഷണ സമയത്ത് കഴിക്കുന്നത് മലബന്ധത്തിന് ശരിക്കും നല്ലതാണ്. സ്പിനച്, തക്കാളി, ബീറ്റ്റൂട്ട്, നാരങ്ങ നീര്, ഇഞ്ചി എന്നിവ ചേർത്ത് ഉന്മേഷദായകമായ ഒരു ജ്യൂസ് തയ്യാറാക്കാം.
ത്രിഫല
ത്രിഫല ഒരു അത്ഭുത സസ്യമാണ്. ഇതിൽ മൂന്ന് പ്രധാന ഔഷധങ്ങൾ ഉണ്ട്, അതായത് നെല്ലിക്ക, കടുക്ക, താന്നി. ഇവയെല്ലാം മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിനു മുമ്പ് ഒരു കപ്പ് ചെറുചൂടുള്ള പാൽ / ചൂടുവെള്ളത്തിൽ അര ടീസ്പൂൺ ത്രിഫല ചേർത്ത് കുടിക്കുക.
ഓട്സ്
പ്രോബയോട്ടിക് പ്രവർത്തനങ്ങളുള്ള ഒരു ലയിക്കുന്ന നാരായ ബീറ്റാ-ഗ്ലൂക്കനുകളാൽ സമ്പന്നമായ ഒരു ധാന്യമാണ് ഓട്സ്. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാനും കുടൽ പ്രവർത്തനം സുഗമമാക്കാനും ഇത് സഹായിക്കുന്നു.
നെയ്യ്
നെയ്യിൽ അടങ്ങിയിട്ടുള്ള ബ്യൂട്ടിറേറ്റിന്റെ ഉള്ളടക്കം മലബന്ധത്തിനുള്ള മറുമരുന്നായി പ്രവർത്തിക്കും. നെയ്യിന്റെ എണ്ണമയമുള്ള ഘടന ലൂബ്രിക്കേറ്റിംഗ് ഓയിലായി പ്രവർത്തിക്കുകയും മലബന്ധത്തിന്റെ കാഠിന്യത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് മലവിസർജ്ജനം ക്രമവും എളുപ്പവുമാക്കാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.