ബർഗർ, പിസ, ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിട്ടുണ്ട്. ചില അവസരങ്ങളിൽ ജങ്ക് ഫുഡ് കഴിക്കുന്നത് കുഴപ്പമില്ല, എന്നാൽ നിയന്ത്രണാതീതമാകുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്.
വറുത്ത ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും അമിതമായി കഴിക്കുന്നത് നിരവധി ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നു – ഉയർന്ന കൊളസ്ട്രോൾ അത്തരത്തിലുള്ള ഒന്നാണ്. ഇന്നത്തെ തലമുറയിൽപ്പെട്ടവർ നേരിടുന്ന ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ.
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 5 ഭക്ഷണങ്ങൾ ദൈനംദിന ജീവിത്തതിൽ ഉൾപ്പെടുത്തിയാൽ കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാൻ സാധിക്കും.
- നെല്ലിക്ക
വിറ്റാമിൻ സി, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ് നെല്ലിക്ക. ഇന്ത്യൻ ജേണൽ ഓഫ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ശരീരത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് കണ്ടെത്തി.
- ഗ്രീൻ ടീ
പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. “എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല, എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്ന പോളിഫെനോളുകളുടെ ഏറ്റവും ഉയർന്ന സാന്ദ്രത ഗ്രീൻ ടീയിലുണ്ട്,” ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്ത പറഞ്ഞു.
- നാരങ്ങ
നാരങ്ങയിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും ശരീരത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. “സിട്രസ് പഴങ്ങളിൽ ഹെസ്പെരിഡിൻ അടങ്ങിയിട്ടുണ്ട്, ഇത് ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങളും പെക്റ്റിൻ (ഫൈബർ), ലിമോണോയിഡ് സംയുക്തങ്ങളും കുറയ്ക്കും. ഈ ഘടകങ്ങൾ രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും,” ഡികെ പബ്ലിഷിങ് എഴുതിയ ‘ഹീലിംഗ് ഫുഡ്‌സ്’ എന്ന പുസ്തകത്തിൽ പറയുന്നു.
- സ്പിനച്
സ്പിനച്ചിൽ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സ്പിനച്ചിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
- വാൽനട്ട്
കാലിഫോർണിയ സർവകലാശാല നടത്തിയ പഠനത്തിൽ വാൽനട്ട് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഫലപ്രദമാണെന്ന് കണ്ടെത്തി.
ദൈനംദിന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയാൽ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അതേസമയം, മിതമായ അളവിലായിരിക്കണം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.