ശരീര ഭാരം കുറയ്ക്കാൻ ശരിയായ ഡയറ്റും ആരോഗ്യകരമായ ജീവിതശൈലിയും ആവശ്യമാണ്. ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാൻ കഴിയില്ല. അതിനു ക്ഷമയും നല്ല ദിനചര്യയും പിന്തുടരണം. ചില ശീലങ്ങൾ ശരീര ഭാരം കുറയ്ക്കുന്നത് എളുപ്പമാക്കും. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന നാലു ശീലങ്ങളെക്കുറിച്ച് പറയുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ.
താൻ ശരീര ഭാരം കുറച്ചത് ഈ ശീലങ്ങളിലൂടെയാണെന്ന് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഈ നാലു ശീലങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ശരീര ഭാരം ഉറപ്പായും കുറയുമെന്ന് അവർ വ്യക്തമാക്കി.
- ആരോഗ്യകരമായ ഭക്ഷണം (ശരിയായ സമയത്ത്)
ശരീര ഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ മതിയെന്ന് മനസ്സിലാക്കുക. നിങ്ങൾക്ക് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതും കൃത്യസമയത്ത് കഴിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ക്രാഷ് ഡയറ്റിങ് ഒരിക്കലും തിരഞ്ഞെടുക്കരുത്. ഇത് കുറച്ചു കഴിഞ്ഞാൽ ആരോഗ്യത്തെ മോശമാക്കും. ഒരു ഡോക്‌ടറെ കാണുകയും നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും സംസാരിക്കുകയും ചെയ്തശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ശരീര ഭാരം കുറയ്ക്കാനുള്ള ഡയറ്റ് പിന്തുടരുന്നതാണ് നല്ലത് (നിങ്ങൾ ഓൺലൈനിൽ കാണുന്ന ചില ചാർട്ടിനെ അടിസ്ഥാനമാക്കിയല്ല).
- ദിവസവും വ്യായാമം ചെയ്യുക (ഇതിനു പകരം മറ്റൊന്നില്ല)
വ്യായാമം ഒരു ഗുളികയാണെങ്കിൽ, ഭൂമിയിലെ ഓരോ ആത്മാവിനും താനത് നിർദ്ദേശിക്കുമായിരുന്നുവെന്ന് ഡോ.ദിക്സ പറഞ്ഞു. ആരോഗ്യത്തോടെ ഇരിക്കാനും ഹോർമോണുകൾ സന്തുലിതമായി നിലനിർത്താനും, ശരീരഭാരം കുറയ്ക്കാനും വ്യായാമം ചെയ്യണം.
- നല്ല ഉറക്കം
ഉറങ്ങുമ്പോഴാണ് ശരീരത്തിലെ എല്ലാ മാജിക്കും സംഭവിക്കുന്നത്. ഉറങ്ങുമ്പോൾ ശരീരത്തിൽ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടും. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നൽകും. രാത്രി 10 മണിക്ക് ഉറങ്ങുന്നത് പ്രധാനമാണ്. അർധരാത്രിക്ക് ശേഷം ഒരിക്കലും ഉറങ്ങരുത്. ഉറക്കം അവഗണിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.
- മാനസികാരോഗ്യം (നിർബന്ധം)
ആരോഗ്യകരമായ എല്ലാ ഭക്ഷണങ്ങളും കഴിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും ഉറക്കം ശ്രദ്ധിക്കുകയും ചെയ്യുന്നു, എന്നാൽ നിങ്ങളുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തോടെ ഇരിക്കാൻ കഴിയില്ല. പ്രാണായാമം പരിശീലിക്കുക, ധ്യാനം, ദിവസേന ഒറ്റയ്ക്ക് കുറച്ച് സമയം ചിലവഴിക്കുക, നല്ല സംഗീതം കേൾക്കുക, പ്രാർത്ഥിക്കുക, നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കഴിയുക എന്നിവ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാര്യങ്ങളിൽ ചിലതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ചോറ് കഴിച്ചാൽ ശരീര ഭാരം കൂടുമോ? നെയ്യ് കൊളസ്ട്രോളിന് കാരണമാകുമോ? അറിയാം