scorecardresearch

പ്രമേഹമുള്ളവരാണോ? ഈ 4 ജീവിതശൈലി ശീലങ്ങൾ ഉടൻ മാറ്റുക

ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ, നമ്മൾ എല്ലാവരും അറിഞ്ഞോ അറിയാതെയോ ദിവസവും ചെയ്യുന്ന ചില കാര്യങ്ങൾ, പ്രമേഹ സാധ്യത പലമടങ്ങ് വർധിപ്പിക്കും

health, diabetes, ie malayalam

അതിവേഗം പടരുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൊന്നായി പ്രമേഹം മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ദശകത്തിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രായം, കുടുംബ പാരമ്പര്യം എന്നിവ പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കും. ഇതോടൊപ്പം ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടതുണ്ട്.

എന്ത് കഴിക്കുന്നു, എന്ത് തരം ജീവിതശൈലിയാണ് പിന്തുടരുന്നത് ഇതൊക്കെ നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കും. ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങൾ പോലും രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകുമെന്ന് കേൾക്കുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.

ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ, നമ്മൾ എല്ലാവരും അറിഞ്ഞോ അറിയാതെയോ ദിവസവും ചെയ്യുന്ന ചില കാര്യങ്ങൾ, പ്രമേഹ സാധ്യത പലമടങ്ങ് വർധിപ്പിക്കും. അതിനാൽ തന്നെ ഇതിനോടകം പ്രമേഹമുള്ളവർ ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. പ്രമേഹത്തിന്റെ സങ്കീർണതകൾ വർധിപ്പിക്കുന്ന ദൈനംദിന ശീലങ്ങൾ ഇവയാണ്.

വൈറ്റ് ബ്രെഡ്

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാര വേഗത്തിൽ വർധിപ്പിക്കുന്നു. അതിനാൽ അവയുടെ ഉപഭോഗം വളരെ ദോഷകരമാണ്. വൈറ്റ് ബ്രെഡ് പതിവായി കഴിക്കുന്നത് ബുദ്ധിമുട്ടുകൾ പലമടങ്ങ് വർധിപ്പിക്കും. കൂടുതൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിപ്പിക്കും. പ്രഭാത ഭക്ഷണത്തിന് വൈറ്റ് ബ്രെഡ് കഴിക്കുന്ന ശീലമുണ്ടെങ്കിൽ ഉടൻ മാറ്റുക.

പ്രഭാത ഭക്ഷണം ഒഴിവാക്കുക

നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും കഴിക്കുന്ന സമയത്തിലും പ്രത്യേക ശ്രദ്ധ നൽകണം. അത്തരം രോഗികൾ ദീർഘനേരം വിശന്നിരിക്കരുതെന്ന് നിർദേശിക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, പ്രമേഹമുള്ളവർക്ക് പ്രഭാതഭക്ഷണം വളരെ പ്രധാനമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനങ്ങളുടെ അവലോകനത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. രാത്രി 8-10 മണിക്കൂറിന് ശേഷം, രാവിലെ ഒന്നും കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

മണിക്കൂറുകളോളം ഇരിക്കുന്നത് അപകടകരമാണ്

പ്രമേഹ രോഗികൾ ശാരീരിക പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കംപ്യൂട്ടറിന് മുന്നിൽ തുടർച്ചയായി ഇരിക്കുന്ന ശീലം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. 2021-ൽ 475,000-ലധികം ആളുകളിൽ നടത്തിയ പഠനത്തിൽ, ഉദാസീനമായ ജീവിതശൈലിയുള്ള ആളുകൾക്ക് ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത 31 ശതമാനം കൂടുതലാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

ഏകാന്തതയും അപകടകരമാണ്

കോവിഡിനുശേഷം ഏകദേശം ഒരു വർഷമായി, യുഎസ് സെൻസസ് ബ്യൂറോ നടത്തിയ ഒരു സർവേയിൽ 42 ശതമാനത്തിലധികം ആളുകളിൽ ഉത്കണ്ഠയോ വിഷാദമോ വർധിച്ചതായി കണ്ടെത്തി. നീണ്ട ഏകാന്തത ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്നവരോ സാമൂഹിക ഇടപെടലുകൾ കുറവുള്ളവരോ ആയ ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡയബെറ്റോളജിയ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഗവേഷകർ കണ്ടെത്തി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: 4 lifestyle habits that make living with diabetes tough