തൃശൂര്‍: പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ദന്താരോഗ്യ വിഭാഗത്തില്‍ ചികിത്സ തേടിയ വയോധികന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍നിന്നു നീക്കം ചെയ്തത് നാല് സെന്റിമീറ്ററോളം വലുപ്പമുള്ള കല്ല്. അറുപത്തി രണ്ടുകാരനായ പ്രേമദാസിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍നിന്നാണു കല്ല് നീക്കം ചെയ്തത്.

കുറച്ചു മാസമായി നാവിന് അടിവശത്ത് മുഴ കാണുകയും ഇതുമൂലം സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തപ്പോഴാണ് പ്രേമദാസ് ചികിത്സ തേടിയത്. പരിശോധനകളില്‍ ഉമിനീര്‍ ഗ്രന്ഥിയിലെ കല്ലാണെന്ന് ഉറപ്പാക്കി. തുടര്‍ന്ന് ലോക്കല്‍ അനസ്‌തേഷ്യ മുഖാന്തരം ശസ്ത്രക്രിയയിലൂടെ കല്ല് നീക്കം ചെയ്യുകയായിരുന്നു.

അഞ്ച് മില്ലിമീറ്റര്‍ വരെ വലുപ്പമുള്ള ചെറിയ കല്ലുകളാണ് സാധാരണ ഉമിനീര്‍ ഗ്രന്ഥിയില്‍ ഉണ്ടാകാറുള്ളത്. 15 മില്ലിമീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള കല്ലുകളെ ജയന്റ് സിയലോലിത് എന്നാണ് പറയുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത് വളരെ അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. പ്രേമദാസില്‍നിന്നു നീക്കം ചെയ്തത് നാല്‍പത് മില്ലിമീറ്ററോളം വലുപ്പമുള്ള കല്ലായിരുന്നുവെന്ന് പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ ഡോ.ഗോപു ഹരീന്ദ്രലാൽ പറഞ്ഞു.

Read Also: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ പ്രദർശനത്തിന് സ്റ്റേയില്ല

വൃക്കയിലും പിത്താശയത്തിലും കാണുന്ന കല്ലുകള്‍ പോലെ സാധാരണമാണ് ഉമിനീര്‍ഗ്രന്ഥിയിലെ കല്ലുകളും. മുണ്ടിനീര് കഴിഞ്ഞാല്‍ ഉമിനീര്‍ ഗ്രന്ഥികളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഉമിനീര്‍ ഗ്രന്ഥിയിലെ കല്ലുകള്‍. 30 മുതല്‍ 60 വയസ് വരെയുള്ള പുരുഷന്മാരിലാണ് കൂടുതലായി ഇത് കണ്ടുവരുന്നതെങ്കിലും വിരളമായി കുട്ടികളിലും ഇത് കാണാറുണ്ട്. ഗ്രന്ഥിവീക്കം, വേദന, ഭക്ഷണം കഴിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ചിലരില്‍ ഒരു ലക്ഷണവുമില്ലാതെയും ഉമിനീര്‍ ഗ്രന്ഥിയില്‍ കല്ലുകള്‍ കണാറുണ്ട്.

തക്കതായ ചികിത്സ നല്‍കിയില്ലെങ്കില്‍ ഇതുമൂലം രോഗിക്ക് അണുബാധ മുതല്‍ ശ്വാസതടസ്സം വരെ ഉണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. കല്ലിന്റെ സ്ഥാനവും രോഗലക്ഷണങ്ങളും അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. വളരെ ചെറിയ കല്ലുകള്‍ ശസ്ത്രക്രിയ കൂടാതെതന്നെ നീക്കം ചെയ്യാം. എന്നാല്‍ വലിപ്പം കൂടുന്നതനുസരിച്ചും ഗ്രന്ഥിയിലെ കല്ലിന്റെ സ്ഥാനമനുസരിച്ചും ശസ്ത്രക്രിയയിലൂടെയും മറ്റ് നൂതന ചികിത്സാ രീതികളിലൂടെയുമാണ് അവ നീക്കം ചെയ്യാറുള്ളത്.

ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ദീര്‍ഘകാലമായുള്ള കല്ലിന്റെ സാന്നിധ്യം ഉമിനീര്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പിന്നീട് ചിലപ്പോള്‍ ഗ്രന്ഥി തന്നെ നീക്കം ചെയ്യേണ്ടതായും വരാമെന്നും ഡോക്ടര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook