ശരീര ഭാരം കുറയ്ക്കാൻ ഡയറ്റിലാണ് ആദ്യം ശ്രദ്ധ വയ്ക്കേണ്ടത്. നിരവധി ഡയറ്റുകൾ ഇന്ന് ലഭ്യമാണ്. ഏത് ഡയറ്റാണ് സ്വീകരിക്കുകയെന്ന ആശങ്കയിലാണ് പലരും. ഇന്ന് ഒരു ഡയറ്റ് പ്ലാനിൽ കലോറി നിയന്ത്രണത്തേക്കാൾ കൂടുതൽ തയ്യാറെടുപ്പുകൾ ഉൾപ്പെടുന്നു.
നോ-വൈറ്റ് ഫുഡ്‌സ് ഡയറ്റ് വെളള നിറമുള്ളതും പോഷക രഹിതവും അന്നജം കൊണ്ട് സമ്പുഷ്ടമായതും അല്ലെങ്കിൽ പഞ്ചസാര കൂടുതലുള്ളതുമായ ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടുന്നു. രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുന്ന വൈറ്റ് ഷുഗറും മൈദയും പോലുള്ള വൈറ്റ് ഫുഡുകളെല്ലാം ഒഴിവാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
വെറ്റ് ഫുഡിൽ ഭൂരിഭാഗവും പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് വേഗത്തിൽ വർധിപ്പിക്കുന്നു. പെട്ടെന്നുള്ള ഇൻസുലിന്റെ ഈ വർധനവിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഇടിയുന്നു. കുറച്ച് സമയത്തിനുള്ളിൽ വിശപ്പ് അനുഭവപ്പെടും. ഇത് അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കും. ആയുർവേദ വിദഗ്ധ ഡോ.ചൈതാലി ശരീര ഭാരത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന മൂന്ന് വൈറ്റ് ഫുഡുകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
വൈറ്റ് ഷുഗർ
സംസ്കരിച്ച പഞ്ചസാര ഒഴിവാക്കുക. ഇവ ഹൃദ്രോഗത്തിലേക്ക് നയിക്കും, അനാരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും, വിശപ്പ് നിയന്ത്രണത്തെ പ്രവർത്തനരഹിതമാക്കും. സ്വാഭാവിക പഞ്ചസാര അല്ലെങ്കിൽ ബ്രൗൺ ഷുഗറിലേക്ക് മാറുക. പഞ്ചസാരയ്ക്ക് പകരം കൽക്കണ്ടം കഴിക്കാം.
മൈദ മാവ്
മൈദ മാവിന് പകരം ആരോഗ്യകരമായ ഗോതമ്പ് മാവോ വ്യത്യസ്ത തിനകളോ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാം. വിലകുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പവുമായതിനാലാണ് ഭക്ഷ്യ ഫാക്ടറികൾ മൈദ ഉപയോഗിക്കുന്നത്. എന്നാൽ ഇവയുടെ ഉപഭോഗം ദഹനക്കേട്, മലബന്ധം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി സംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കും.
ബേക്കിങ് സോഡ
പിസ, ബ്രെഡ്, ബേക്കറി ഇനങ്ങൾ എന്നിവ തയ്യാറാക്കാൻ ബേക്കിങ് സോഡ ഉപയോഗിക്കുന്നു. ഈ ഭക്ഷണങ്ങളെല്ലാം ദഹനത്തെ ബുദ്ധിമുട്ടിലാക്കും. ഇത് വയർ വീർക്കുന്നതിലേക്ക് നയിക്കുന്നു. മാത്രമല്ല, സ്ഥിരമായ ഉപയോഗം നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ശരീര ഭാരം കൂട്ടുകയും ചെയ്യുന്നു. അതിനാൽ ഭാവിയിൽ രോഗങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ ബേക്കിങ് സോഡ ഉപയോഗിക്കുന്നത് നിർത്തുക.
വൈറ്റ് ഫുഡുകൾക്കുപകരം ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി കൂടുതൽ ആരോഗ്യകരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.