നമ്മുടെ ഭക്ഷണ ശീലം ശരീര ആരോഗ്യത്തിൽ വളരെയധികം പങ്കുവഹിക്കുന്നുണ്ട്. ദോഷവശങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും, നമ്മളിൽ പലരും ഇപ്പോഴും അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നു അല്ലെങ്കിൽ ആരോഗ്യമുള്ളവ കഴിക്കുമ്പോൾ ചില തെറ്റുകൾ വരുത്തുന്നു. പഴങ്ങൾ കഴിക്കുമ്പോൾ പോലും ഈ തെറ്റുകൾ വരുത്താറുണ്ട്.
പഴങ്ങൾ കഴിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റുകളെക്കുറിച്ച് ഡോ.ഡിംപിൾ ജംഗ്‌ദ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
കനത്ത ഭക്ഷണത്തിന് ശേഷം ഒരിക്കലും പഴങ്ങൾ ഡെസർട്ടായി കഴിക്കരുത്
പഴങ്ങളുടെ ദഹനത്തിന് വെറും ഒരു മണിക്കൂർ മതിയാകും. അതുപോലെ, കട്ടിയുള്ള ഭക്ഷണത്തിന് ശേഷം പഴങ്ങൾ കഴിക്കുന്നത് ദഹിക്കാത്ത ഭക്ഷണത്തെ (ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ബീൻസ്, പച്ചക്കറികൾ, മാംസം) ചെറുകുടലിലേക്ക് തള്ളിവിടുകയും ദഹനക്കേട് വയറിളക്കം, ഗ്യാസ്, എന്നിവ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ ഭക്ഷണത്തിന് രണ്ടു മണിക്കൂറിനുശേഷം പഴങ്ങൾ കഴിക്കുക. പഴങ്ങളാണ് ആദ്യം കഴിക്കുന്നതെങ്കിൽ കനത്ത ഭക്ഷണം കഴിക്കാൻ ഒരു മണിക്കൂർ കാത്തിരിക്കുക.
”നിങ്ങൾ രാവിലെ 8 മണിക്കാണ് പഴങ്ങൾ കഴിക്കുന്നതെങ്കിൽ പ്രഭാതഭക്ഷണം രാവിലെ 9 മണിക്ക് കഴിക്കുക. ആദ്യം കട്ടിയുള്ള ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ, പ്രഭാതഭക്ഷണത്തിന് രണ്ട് മണിക്കൂർ കഴിഞ്ഞ് പഴങ്ങൾ കഴിക്കുക,” അവർ പറഞ്ഞു.
അത്താഴത്തിന് പഴങ്ങൾ കഴിക്കരുത്
പഴങ്ങളിൽ സജീവമായ ആസിഡുകളും മൈക്രോബയൽ എൻസൈമുകളും ഉണ്ട്. ഫ്യൂമാരിക് ആസിഡ്, ടാർടാറിക് ആസിഡ്, ഓക്സാലിക് ആസിഡ്, ക്രിട്ടിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ശരീരത്തെ ഉണർത്തുകയും ഉറങ്ങാൻ ആവശ്യമായ മെലറ്റോണിൻ ഉൽപാദനത്തെ തടസപ്പെടുത്തുകയും ചെയ്യും. അതിനാൽ സൂര്യാസ്തമയത്തിനുശേഷം പഴങ്ങൾ കഴിക്കരുത്. നാലു മണിക്ക് വൈകുന്നേരത്തെ ലഘുഭക്ഷണമായി പഴങ്ങൾ കഴിക്കുക.
ചില പഴങ്ങൾ ഒരുമിച്ച് കഴിക്കരുത്
ഒരിക്കലും ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത മൂന്ന് തരം പഴങ്ങളുണ്ട്
- ആപ്പിൾ, സരസഫലങ്ങൾ, ചെറി, പീർ
- പപ്പായ, മാമ്പഴം, പീച്ച്, അവക്കാഡോ
- ഓറഞ്ച്, നാരങ്ങ, ടാംഗറിൻ, ഗ്രേപ്ഫ്രൂട്സ്
പഴങ്ങൾ എപ്പോഴും രാവിലെയോ ഭക്ഷണ ഇടവേളകളിലോ കഴിക്കുന്നതാണ് ഉത്തമമെന്ന് ഡയറ്റീഷ്യൻ പവിത്ര എൻ.രാജ് പറഞ്ഞു. ”ഇതിലൂടെ പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യാനാകും. പഴങ്ങളിൽ വലിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ, പഴങ്ങളിൽ മൈക്രോ ന്യൂട്രിയന്റുകൾ ഉണ്ട്. ഭക്ഷണത്തോടൊപ്പം സംയോജിപ്പിച്ച് കഴിക്കുമ്പോൾ, പോഷകാഹാരം പൂർണമായി ആഗിരണം ചെയ്യപ്പെടണമെന്നില്ല,” പവിത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.