പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. നാളെയാണ് തൃശൂർ പൂരം. എഴുന്നൂറോളം വാദ്യ കലാകാരന്മാരും നൂറോളം ഗജ വീരന്മാരും പൂരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. പൂരനഗരിയിലെങ്ങും വർണാഭമായ കാഴ്ചകളാണ്.

രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെത്തുന്നതോടെ ഘടകപൂരങ്ങളുടെ വരവ് ആരംഭിക്കും. 11ന് പഴയനടക്കാവിൽ മഠത്തിൽവരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30നു പെരുവനം കുട്ടൻ മാരാരുടെ ചെമ്പടമേളം. രണ്ടിന് വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.30നു നായ്ക്കനാൽ ജംക‍്ഷനിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം.

വൈകിട്ട് 5.30നു തെക്കേ ഗോപുരനടയിൽ കുടമാറ്റം. ഗജവീരന്മാരും ആലവട്ടവും വെഞ്ചാമരവും കുടമാറ്റത്തിന് പകിട്ടേകും. പുലർച്ചെ മൂന്നിന് പൂരം വെടിക്കെട്ട്. രണ്ടു മണിക്കൂറോളം വെടിക്കെട്ട് നീണ്ടുനിൽക്കും. ഇത്തവണ കർശന നിയന്ത്രണങ്ങളോടെയാണു വെടിക്കെട്ട് നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ