മൂന്നു ദശകങ്ങളിലേറെയായി, ഫൊട്ടോഗ്രഫി രംഗത്തെ സജീവ സാന്നിധ്യമാണ് ഹരിഹരന്‍ സുബ്രഹ്മണ്യന്‍. ദേശീയ തലത്തിലും അന്താരാഷ്‌ട്രതലത്തിലും അനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഹരിഹരനെടുത്ത ചിത്രങ്ങളും ഫൊട്ടോഗ്രഫിയെക്കുറിച്ചുള്ള ലേഖനങ്ങളും അന്താരാഷ്‌ട്ര കലാപ്രസിദ്ധീകരണങ്ങളില്‍ പ്രകാശിതമായിട്ടുണ്ട്. ഇന്ത്യയിലെ, ഫൊട്ടോഗ്രഫിയുടെ ആദ്യ മ്യൂസിയമായ ഫൊട്ടോമ്യൂസിന്റെ ആജീവാനന്ത അംഗവും, അര നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവരുന്ന പാലക്കാടുള്ള ഇമേജ് ഫൊട്ടോഗ്രഫി അസോസിയേഷന്‍റെ വൈസ് പ്രസിഡന്റും ആണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യയ്ക്കുള്ളിലും വിദേശത്തും നിരവധി പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. തിരുവണ്ണാമല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏകജാലകം ട്രസ്റ്റ് ഫോര്‍ ഫൊട്ടോഗ്രഫിയുടെ “പ്രോജക്ട് 365” എന്ന സംഘകാലതുറമുഖങ്ങളുടെ സാംസ്കാരിക അവശേഷിപ്പുകളുടെ ഡോക്യുമേന്റെഷന്‍ പ്രൊജക്റ്റിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാലക്കാട് താമസിക്കുന്ന ഇദ്ദേഹം , അവിടുത്തെ ജംക്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ സീനിയര്‍ ബുക്കിങ് ക്ലര്‍ക്കായി ജോലി ചെയ്യുന്നു.

രണ്ടു നൂറ്റാണ്ടുകളിലേറെയായി പുലികളി തൃശൂരില്‍ കൊണ്ടാടപ്പെടുന്നു. ഒരു ഫൊട്ടോഗ്രഫറെ സംബന്ധിച്ച് ഏറെ മനോഹരങ്ങളായ കളര്‍ ഫ്രെയിമുകള്‍ നല്‍കുന്ന ഒരു ആഘോഷത്തിമര്‍പ്പാണ് ഈ കലാരൂപം. എല്ലാ വര്‍ഷവും ഒരനുഷ്ടാനം പോലെ പുലികളിക്ക് പോവുകയും പുലികള്‍ കൂട്ടത്തോടെ നൃത്തം ചെയ്യുന്നതിന്‍റെ ഫ്രെയിമുകള്‍ വളരെ കൃത്യതയോടെ പകര്‍ത്തുന്ന ധാരാളം ഫൊട്ടോഗ്രഫര്‍മാരെ നമുക്ക് കാണാം. എന്നാല്‍, കേവലമായ ഈ വര്‍ണ്ണശഭളിമ മാത്രമാണോ ഈ കലാരൂപം നമുക്ക് നല്‍കുന്നത്?

hariharan, photographer, pulikali, thrissur

ഹരിഹരന്‍ സുബ്രഹ്മണ്യന്‍

മനുഷ്യനും, അവന്റെയുള്ളില്‍ എവിടെയോ, അവന്‍റെ പല മാനസികവും ശാരീരികവുമായ വ്യാപാരങ്ങള്‍ക്കും വിരുദ്ധമായി നിലകൊള്ളുന്ന “മൃഗവും” തമ്മിലുള്ള ദ്വന്ദത ഇനിയും തെളിവോടെ നമുക്ക് പ്രകടമാക്കിത്തരുന്ന വേറെയൊരു കലാരൂപം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ, മൃഗത്തിലേക്ക് “ഇകഴ്ത്തുന്ന” (പരിണാമസിദ്ധാന്തം പ്രത്യക്ഷത്തില്‍ നമുക്ക് അതാണല്ലോ പറഞ്ഞുതരുന്നത്) ചായക്കൂട്ടുകളും, മുഖമൂടികളും, നഖങ്ങളും ഉപയോഗിച്ചുള്ള അവന്‍റെ തന്നെ പരിശ്രമം, തത്വശാസ്ത്രപരമായി അവലോകനം ചെയ്യുമ്പോഴാണ് ഈ വെളിച്ചത്തിന്റെയും ഇരുളിന്‍റെയും ആന്തരിക ലോകം നമ്മുടെ മുന്‍പില്‍ ഏറെ കാലമായി, അപ്പോഴപ്പോഴായി ഉയരുന്ന ഒരു സംശയത്തിനു മാറ്റുകൂട്ടുന്നത്‌. തിന്മയിലൂന്നിയ, ഹിംസാത്മകമായ ഭീരുത്വത്തിന്റെ സ്വത്വത്തില്‍ നിന്നും മനുഷ്യന്‍ പുലിയുടെ ധീരവും, നൈതികവും, ജീവിതം തിമിര്‍പ്പോടെ ജീവിച്ചുതീര്‍ക്കുന്ന ഒരു നൃത്താഘോഷത്തിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ടോ ഈ പകര്‍ന്നാട്ടത്തിലൂടെ? അവനവന്‍ തീര്‍ത്ത തടവറയില്‍, ചെയ്യാത്ത കുറ്റങ്ങള്‍ക്ക് തടവിലാക്കപ്പെട്ട കാമനകള്‍, ഈ ഒരു ദിവസം, ഒരു പുലിജന്മരൂപാന്തരത്തിലൂടെ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ? പ്രകൃതിവിരുദ്ധതയുടെ കടിഞ്ഞാണില്‍ സ്വയം ബന്ധിക്കപ്പെട്ട ആധുനികമനുഷ്യന്‍റെ, താന്‍ പുറന്തള്ളപ്പെട്ട ആ നഷ്ടപറുദീസയില്‍ വീണ്ടും കയറിക്കൂടാനുള്ള വന്യമായ ഒരു മോഹത്തിന്റെ പ്രതിഫലനമാണോ നിശ്ചലതയില്‍ നിന്നും താളാത്മകമായ നൃത്തത്തിന്റെ ചലനാത്മകതയിലേക്ക് പരിണമിക്കുന്ന ഈ രൂപാന്തരം?

ഈ കലാരൂപത്തിന്റെ, അവതരണഘട്ടത്തിലെ ഓരോ മുഹൂര്‍ത്തവും നമ്മളില്‍ ഈ സന്ദേഹം ഉയർത്തിക്കൊണ്ടേയിരിക്കുന്നു. ആടിത്തിമര്‍ത്തു, എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തിതേടുന്ന മൃഗത്തെ ഇനിയും മുറുക്കെ കെട്ടിയിടുന്ന മനുഷ്യനാണോ ഞാന്‍? അതോ, എല്ലാ ദശാസന്ധികളിലും കെട്ടിയിടപ്പെടുന്ന എന്നില്‍ നിന്നുതന്നെ മുക്തി തേടുന്ന ഒരു മൃഗമാണോ ഞാന്‍?

നടനത്തിനുള്ള തയാറെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന പൊള്ളുന്ന തട്ടകങ്ങളില്‍ നിന്നും ഇതാ ഞാനെടുത്ത, മനുഷ്യനും മൃഗവും പേറുന്ന, ദ്വന്ദാത്മകതയുടെ അടയാളങ്ങള്‍ വെളിവാക്കുന്ന ചില ചിത്രങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook