കേരളത്തിലെ തന്നെ ഏറ്റവും വലിയ സംരക്ഷിത പ്രദേശമായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ നടത്തിയ ഉഭയ-ഉരഗ ജീവികളുടെ സര്‍വേയില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട നിരവധി ജീവികളെ കണ്ടെത്തി. ജൂലൈ 20 മുതല്‍ 23 വരെയായിരുന്നു ഉഭയ ജീവികളുടെയും, ഉരഗങ്ങളുടെയും ആദ്യഘട്ട സര്‍വേ നടത്തിയത്. പെരിയാര്‍ കടുവാ സങ്കേതത്തിലെ നിത്യ ഹരിത വനങ്ങളും, ഇല പൊഴിയും കാടുകളും, പുഴയോര കാടുകളും, ഉയരം കൂടിയ പുല്‍മേടുകളും, ഷോലകളും അടങ്ങുന്ന വ്യത്യസ്ത ആവാസ വ്യവസ്ഥകളില്‍ 21 ഇടങ്ങളിലായി പകലും രാത്രിയും ഒരേ സമയം നാലുപേരടങ്ങുന്ന ടീമുകള്‍ വീതമായി നടത്തിയ സര്‍വേയില്‍ 62 ഇനം ഉഭയജീവികളെയും 63 ഉരഗങ്ങളെയുമാണ് കണ്ടെത്തിയത്.

ലോക ഉഭയജീവി ഭൂപടത്തില്‍ ഇന്ത്യക്ക് മുന്തിയ പ്രാധാന്യം നേടിക്കൊടുക്കുന്ന തരത്തില്‍ ജീവിച്ചിരിക്കുന്ന ഫോസിലെന്നു വിശേഷിപ്പിക്കുന്ന പാതാള തവളയുടെ ആവാസവ്യവസ്ഥയും (Purple Frog-Nasikabatrachus sahyadrensis), ഐയുസിഎന്‍(IUCN) ചുവപ്പു പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള വംശനാശഭീഷണി നേരിടുന്ന(Critically Endangered) വിഭാഗത്തിപ്പെടുന്നതും മലമുകളിലെ അരുവികളില്‍ കാണുന്ന പച്ചചോല മരത്തവള(Star-eyed Tree Frog), വലിയ ചോലമരത്തവള (Large Ghat Tree Frog),13 മില്ലിമീറ്ററോളം വലുപ്പം വരുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ തവളകളിലൊന്നായ ആനമല രാത്തവള(Anamala Night Frog) അടുത്തിടെ കണ്ടെത്തിയ മഞ്ഞക്കണ്ണി ഈറ്റത്തവള (Yellow-eyed Bush Frog), തുടങ്ങി 16 ഇനം തവളകളെ മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളില്‍ വ്യത്യസ്തമായി പെരിയാര്‍ കടുവാ സങ്കേതത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

ഐ യു സി എന്‍ ചുവപ്പ് പട്ടികയില്‍ Endangered വിഭാഗത്തിലുള്ള കരയാമകളില്‍ അപൂര്‍വവും വെല്‍ഡ് ലൈഫ് ഷെഡ്യൂള്‍ ഒന്നിലുള്ളതുമായ ചൂരലാമ (Cochin Cane Turtile), ആനമല മലനിരകളില്‍ മാത്രം കാണുന്ന ആനമലയോന്ത് (Anamali Salea), നീല വാലന്‍ അരണ (Blue-tailed Skink), അപൂര്‍വ ഇനത്തില്‍പ്പെട്ട തെക്കന്‍ ചുരുട്ട(Travancore Kukri), ചോല മണ്ഡലി (Malabar pit Viper) തുടങ്ങി 63 ഇനം ഉരഗങ്ങളെ സര്‍വേയുടെ ഭാഗമായി കണ്ടെത്തി. 14 ഇനം ഉരഗങ്ങളെ ആദ്യമായാണ് സര്‍വേയില്‍ കണ്ടെത്തുന്നത്. കേരളത്തില്‍ 151 ഇനം ഉഭയജീവികള്‍ ഉള്ളതില്‍ 62 എണ്ണവും പെരിയാര്‍ കടുവാ സങ്കേതത്തില്‍ കാണുന്നുവെന്നത് സൂചിപ്പിക്കുന്നത് കടുവകള്‍ക്കും മറ്റു വലിയ ജീവികള്‍ക്കുമൊപ്പം ചെറു ജീവികള്‍ക്കും പെരിയാര്‍ കടുവാ സങ്കേതം സംരക്ഷണ പ്രദേശമാകുന്നുവെന്നതിനു തെളിവാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തവണത്തെ സര്‍വേയില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉഭയജീവികളുടെയും ഉരഗങ്ങളുടെയും ഡേറ്റാബാങ്ക് തയാറാക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും പെരിയാര്‍ കടുവാ സങ്കേതവും ചേർന്ന് നടത്തിയ സര്‍വ്വേയില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുളള​വർ പങ്കെടുത്തു. കൂട്, റ്റി.എന്‍.എച്ച് എസ്, എം.എൻ.എച്ച്.എസ്, വിംങ്‌സ് ഓഫ് നേച്ചര്‍, തുടങ്ങിയ സന്നദ്ധ സംഘടനകളില്‍ നിന്നും കേരള വനഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ വെല്‍ഡ് ലൈഫ് സ്റ്റഡീസ് പൂക്കോട് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും വനംവകുപ്പ് ഉദ്യോഗസ്ഥരും നാച്ചുറലിസ്റ്റുകളുമടക്കം നൂറ്റിയിരുപതോളം പേരാണ് സര്‍വേയിൽ പങ്കാളികളായത്.

പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി.കുമാര്‍ ഐഎഫ്എസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാാരായ ജ്യോതിഷ്, എന്‍.പി.സജീവന്‍, എം.ജി.വിനോദ്കുമാര്‍, സുരേഷ്, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് പ്രമോദ്, ഇക്കോളജിസ്റ്റുകളായ രമേഷ് ബാബു, പാട്രിക് ഡേവിഡ്, കേരള വനഗവേഷണ കേന്ദ്രത്തിലെ (കെ എഫ് ആർ ഐ) ഗവേഷകരായ സന്ദീപ് ദാസ്, രാജ്‌കുമാര്‍ എന്നിവരാണ് സര്‍വേയ്ക്കു നേതൃത്വം നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook