ഫോട്ടോഗ്രാഫി ഒരു കലയാണ്‌, പോസ്‌റ്റ്പ്രൊഡക്ഷനും ഒരു കലയാണ്. അപ്പോൾ പ്രിന്റിങ്ങോ? അത് വേറൊരു കല എന്തിനേറെ ഡിസ്‌പ്ലൈ പോലും ഒരു കല ആണ്. ഇവയെല്ലാം ഒന്നിച്ചു ചേർത്തു ഒരു ഫോട്ടോഗ്രാഫി എക്സിബിഷൻ എറണാകുളം ദർബാർ ഹാളിൽ ഡിസംബർ 9-ാം തിയതി വരെ നടക്കുന്നു. BAF-PhotoMuse Club ൽ – 2016 വർഷത്തിൽ പോസ്റ്റ് ചെയ്യപ്പെട്ട നാല്പത്തി അയ്യായിരത്തിൽപരം ചിത്രങ്ങളിൽ നിന്ന് ദേശീയ – അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയരായ ഫോട്ടോഗ്രാഫർമാർ ഉൾപ്പെട്ട ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളാണ് അംഗങ്ങളുടേതായി പ്രദര്‍ശനത്തിനുള്ളത്. ഇത് കൂടാതെ, പ്രത്യേക ക്ഷണിതാക്കളുടെ വിഭാഗത്തിൽ ആറു വിദേശ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും, ഭാരതത്തിലെ മുതിർന്ന ഫോട്ടോഗ്രാഫർമാരിൽ പ്രമുഖരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൻസായി മാരയിലെ ഗ്രെയ്റ്റ് മൈഗ്രേഷനും കൊടുങ്ങല്ലൂർ ഭരണിയും തമ്മിൽ എന്ത് ബന്ധം ? അതുപോലും ഒരു രസച്ചരടിൽ ഒന്നിച്ചു ചേർത്തിരിക്കുന്നു. മുകളിൽ കൊടുത്ത ചിത്രങ്ങൾ തമ്മിൽ ഒരു ചരടിനാൽ ബന്ധിപ്പിച്ചേക്കുന്നത് കാണാം. അത് ഫോട്ടോ താങ്ങി നിർത്താനുള്ളത് ആല്ല. എങ്ങനെ കാണണം എന്ന ഒരു ഗൈഡ് ലൈൻസ് ആണ്. ഒപ്പം താഴെ ഒരു വിവരണവും ഉണ്ട്. ഏത് തീമിൽ ആണ് ഇവ ബന്ധപ്പെടുത്തി ഇരിക്കുന്നത് എന്ന വിവരണം ആണ്. വിവരണം വായിച്ചതിനു ശേഷം പടം കണ്ടാൽ കൂടുതൽ ആസ്വാദ്യകരം ആകും.

ചിത്രങ്ങളെ അന്താരാഷ്ട്ര മ്യൂസിയം നിലവാരത്തിൽ സിൽവർ ജെലാറ്റിൻ പ്രിന്റായോ, അതിനൂതനമായ ആർക്കൈവൽ പിഗ്‌മെന്റ് പ്രിന്റായോ മാത്രമാണ് പ്രദർശനത്തിനെടുക്കുന്നത്. ഈ പ്രത്യേകതയാണ് ‘സ്വതന്ത്ര ജന്മങ്ങള്‍- തുറന്ന ലക്ഷ്യങ്ങ’ളെ ഭാരതത്തിലെതന്നെ ഏറ്റവും വലുതും, പ്രൗഢവുമായ ആർക്കൈവൽ പ്രിന്റുകളുടെ പ്രദർശനമാക്കി മാറ്റുന്നത്.

ആർക്കൈവൽ പ്രിന്റ് മാത്രം പ്രദർശനത്തിനെടുക്കുന്നതുകൊണ്ടും, തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോകളുടെ പ്രത്യേകതകൾകൊണ്ടും, ദേശീയ-അന്തർദ്ദേശീയതലത്തിൽ പ്രസിദ്ധരായ ഫോട്ടോഗ്രാഫർമാരുടെ പങ്കാളിത്തം കൊണ്ടും കേരളത്തിന്റെ ഫോട്ടോഗ്രാഫി ചരിത്രത്തിലെ ഒരു സുവർണ്ണ അദ്ധ്യായമായിരിക്കും ‘സ്വതന്ത്ര ജന്മങ്ങള്‍-തുറന്ന ലക്ഷ്യങ്ങൾ’ .

പ്രത്യേക ശ്രദധയ്ക്ക്: തിങ്കൾ ഗാലറി അവധിയായിരിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook