എന്നെ ഞാൻ അറിയുമ്പോൾ കാശി

കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ഫൊട്ടോഗ്രാഫറും , തികഞ്ഞ മനുഷ്യ സ്നേഹിയുമായ പീർ മുഹമ്മദ് അങ്കിളിനെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുന്നത്. ആ ഇടക്ക് തന്നെയാണ് അങ്കിൾ ഒരു കാശി യാത്ര നടത്തിയത്. വലിയ ഈശ്വരവിശ്വാസി ഒന്നും അല്ലാത്ത ഞാൻ അങ്കിൾ പറഞ്ഞു കേട്ട് അവിടെ പോകണമെന്നും അവിടത്തെ ജീവിതം ക്യാമറയിൽ പകർത്തണം എന്നും വല്ലാതെ ആഗ്രഹിച്ചിരുന്നു. ചെറിയ ആരോഗ്യ അസ്വസ്ഥതകൾ ഉള്ളതുകൊണ്ടും, ഫൊട്ടോഗ്രാഫിയിൽ പിച്ചവെച്ചു തുടങ്ങിയതേ ഉള്ളൂ എന്നത് കൊണ്ടും ആ ആഗ്രഹം വെറും ഒരു മോഹമായി അവശേഷിക്കും എന്ന് കരുതി. പക്ഷെ അങ്കിൾ പറഞ്ഞു, ” You will definitely visit Kashi, you will also photograph below the banyan tree at Manikarnika Ghat.”

മജീഷ്യൻ എന്നാണ് ഞാൻ അങ്കിളിനെ വിളിക്കുന്നത് ! അങ്ങിനെ മാജിക് അങ്കിൾ പറഞ്ഞത് യാഥാർഥ്യമായി. ഞാൻ അങ്കിളിന്റെ കൂടെ ഒക്ടോബർ 2014 ലിൽ കാശി നഗരം കാണാൻ ഇടയായി. അവിടെ, സന്തോഷ് പാണ്ഡെ എന്ന ഒരു ഫൊട്ടോഗ്രാഫർ സുഹൃത്തിന്റെ വീട്ടിൽ ആണ് ഞങ്ങൾ താമസിച്ചത്. തികച്ചും മാന്യനായ അദ്ദേഹം ഒരുവിധം എല്ലാ ഇടങ്ങളിലും ഞങ്ങളെ കൊണ്ടുപോയി കാണിച്ചു തന്നിരുന്നു. പാണ്ഡെജിയുടെ വീട്ടിലേക്കുള്ള വിഴിയോരത്ത് നിറയെ ചെറുകിട കച്ചവടക്കാർ ആണ്.

പീർ മുഹമ്മദും സന്തോഷ് പാണ്ഡെയും

ഞാൻ ഒരു പ്രൊഫഷണൽ ഫൊട്ടോഗ്രാഫർ അല്ല. അത്രക്കൊന്നും വിജ്ഞാനം എനിക്കില്ല. ഒരു ഹോബി. സന്തോഷങ്ങളും, ദുഃഖങ്ങളും ഓർക്കാനും മറക്കാനും ഒരു കൈവഴി, അത്ര മാത്രമേ കണക്കാക്കിയിട്ടുള്ളൂ. ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയ ഞാൻ സിംഗപ്പൂരിലെ ഒരു കമ്പനിയിൽ ജോലി നോക്കുന്നു. അച്ഛൻ സോമസുന്ദരൻ റിട്ടയേഡ് എൻജിനീയർ ആണ്. എന്റെ യാത്രകൾക്കു ഭയം മൂലം മൗനം പാലിക്കും എങ്കിലും, എന്നിലുള്ള അച്ഛന്റെ വിശ്വാസമാണ് എന്റെ ധൈര്യം. അമ്മ, ശാന്ത സോമസുന്ദരൻ റിട്ടയേഡ് ടീച്ചർ ആണ്. നല്ല ഒരു എഴുത്തുകാരി. ഒരു പക്ഷെ ആദ്യമായി ഞാൻ എഴുതുന്ന ഈ കുറിപ്പ് വായിച്ചു  ഏറ്റവും അധികം സന്തോഷിക്കുന്നതും അമ്മയായിരിക്കും. രണ്ടു സഹോദരങ്ങൾ ആണ് എനിക്കുളളത്. എന്റെ ഭര്‍ത്താവ് വിജയകുമാര്‍, സിംഗപ്പൂരിലെ ഒരു ഓഫ്‌ഷോർ കമ്പനിയിൽ എൻജിനീയർ ആയി ജോലി നോക്കുന്നു. മകൻ റോഷൻ വിജയ് എൻജിനീയറിങ് വിദ്യാർഥിയാണ്. സത്യം പറഞ്ഞാൽ ഇവർ രണ്ടു പേരുടെയും ഫൊട്ടോഗ്രാഫി ഭ്രമത്തിന്റെ പരിണിതഫലമാണ് എന്റെ ഫൊട്ടോഗ്രാഫി. ഇവരുടെ ഇടയിൽ പിടിച്ചു നിൽക്കാൻ വേണ്ടിയാണ് ഞാൻ ക്യാമറ കൈയിലെടുത്തത്.  എന്റെ ഏറ്റവും വലിയ നിരൂപകരും, ഗുണകാംക്ഷികളും ഇവർ തന്നെ.

കുടുംബ സുഹൃത്ത് ആയ പീർ അങ്കിളിന്റെയും കുടുംബത്തിന്റെയും കൂടെ ഇനിയും പല സ്‌ഥലങ്ങൾ പോകാനും, നല്ലവരായ മനുഷ്യരുടെ നല്ല കുറേ മുഹൂർത്തങ്ങളും, നല്ല കാഴ്ചകളും ഒപ്പി എടുക്കാൻ കഴിയും എന്ന ശുഭാപ്‌തി വിശ്വാസത്തോടെ…പ്രിയ സോമസുന്ദരൻ.

പ്രിയ സോമസുന്ദരനെക്കുറിച്ച്   പ്രമുഖ  ഫൊട്ടോഗ്രാഫർ ഹരിഹരന്‍ സുബ്രഹ്മണ്യന്‍

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളോളമായി ഞാന്‍ പ്രിയ സോമസുന്ദരൻ എന്ന ഫൊട്ടോഗ്രാഫറെടുക്കുന്ന ചിത്രങ്ങൾ സശ്രദ്ധം കാണാറുണ്ട്‌. കേരളത്തില്‍നിന്നു തന്നെയുള്ള മറ്റു വനിതാ ഫൊട്ടോഗ്രാഫര്‍മാരുടെ സൃഷ്ടികളുമായി ഇവരെടുക്കുന്ന ഫൊട്ടോഗ്രാഫുകള്‍ പുലര്‍ത്തുന്ന അന്തരം എന്നെ ഏറെ അതിശയിപ്പിച്ചിട്ടുണ്ട്‌. തന്‍റെ സങ്കേതത്തിന്റെ അപാരസാധ്യതകള്‍ മനസ്സിലാക്കുകയും, അവയിലൂടെ തന്‍റെ കലായാത്ര നടത്തുവാനും മാധ്യമത്തെ ഗൗരവമായി കണക്കാക്കുന്ന ഏതൊരു കലാകാരന്‍/കലാകാരിയും മുതിരും. അങ്ങനെയുള്ള പ്രിയയുടെ കലായാത്രകളാണ് അവരുടെ ഫൊട്ടോഗ്രാഫുകളെ ഒരു യാത്രയ്ക്കിടയില്‍ ഏതൊരു സഞ്ചാരിയും എടുക്കുന്ന പോസ്റ്റ്‌കാര്‍ഡ് ദൃശ്യങ്ങളില്‍ നിന്നും കലയുടെ ഇരിപ്പിടത്തിലേക്ക് പിടിച്ചിരുത്തുന്നത്.

ഫൊട്ടോഗ്രാഫിയില്‍ മുഴുകിയിട്ടുള്ള വനിതകള്‍ക്ക് സമൂഹം പലപ്പോഴും അവര്‍ അവരുടെ കർമം നിര്‍വ്വഹിക്കേണ്ട “ഇടങ്ങള്‍” കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. ആ “ഇടങ്ങള്‍” ഏറെ സന്തോഷത്തോടെ സ്വീകരിക്കുകയും, അവിടെ മാത്രം തങ്ങളുടെ സൃഷ്ടിപരതയെ ഒതുക്കിനിര്‍ത്തുന്ന ഒരു പ്രവണത ഇവരും പ്രകടിപ്പിക്കുന്നതായിട്ടാണ് പൊതുവെ കണ്ടുവരുന്നത്‌. ഇത് കൊണ്ടുതന്നെ കൈകാര്യം ചെയ്യുന്ന കലാരൂപത്തിന്റെ അടിസ്ഥാനങ്ങളില്‍ ഉണ്ടാകേണ്ട ഒരു പ്രാവീണ്യം പലപ്പോഴും ഇവര്‍ക്ക് കൈമോശം വന്നിട്ടുള്ളതായി കാണാം. ഒരു ടെലിസൂംലെന്‍സിന്റെ “ഹൈ ഏന്‍ഡ്” ഫോക്കല്‍ ലെങ്ങ്ത്ത് ഉപയോഗിച്ചു ഷൂട്ട്‌ ചെയ്യുമ്പോള്‍ കിട്ടുന്ന ഫ്രെയിമിലെ സ്വാഭാവികമായും “ഫെയ്‌ഡ് ഔട്ട്‌” ആയ പശ്ചാത്തലമാണ് അതിന്‍റെ മുഖ്യവിഷയത്തെ നമ്മുടെ ദൃഷ്ടിയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്. ഇതില്‍ മാത്രം ശ്രദ്ധ ചെലുത്തി ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക്‌ നഷ്ടമാകുന്നത് ചിത്രവിന്യാസത്തിന്റെ അമൂല്യങ്ങളായ പാഠഭേദങ്ങളായിരിക്കും. വ്യൂഫൈന്‍ഡറിലൂടെ കാണുന്ന ദൃശ്യത്തില്‍ ചിലതൊന്നും വേണ്ടാ എന്ന് ദൃഢമായി തീരുമാനിക്കേണ്ട ഫൊട്ടോഗ്രാഫറെ, നോര്‍മല്‍ ലെൻസോ വൈഡ്ആംഗിള്‍ ലെന്‍സോ ഉപയോഗിച്ചു ഫോട്ടോ എടുക്കുമ്പോള്‍, ഈ അനുഭവരാഹിത്യം പലപ്പോഴും ആ ഉദ്യമത്തില്‍ പരാജയപ്പെടുത്തുന്നത് കാണാം. വേണ്ടാത്തതിനെ ഇവിടെ നമുക്ക് ചിത്രത്തിന്‍റെ മൂര്‍ച്ച കുറഞ്ഞുപോകാതെ തന്നെ ഒഴിവാക്കേണ്ടിവരും.

വിന്യാസത്തിലും (Composition), പ്രകാശനത്തിലും (Exposure) പ്രിയ കാണിക്കുന്ന അതീവ ശ്രദ്ധ അവരുടെ ചിത്രങ്ങളെ സാങ്കേതികമായി ഏറെ ശക്തമാക്കുന്നു. എന്നാല്‍ സാങ്കേതികതികവ് ഒന്നുകൊണ്ട് മാത്രം ഒരു ചിത്രം ഒരു കലാസൃഷ്ടി ഒരിക്കലും ആവുന്നില്ല. ചിത്രത്തിന്‍റെ വിഷയം…. അത് മനുഷ്യനോ, പ്രകൃതിയിലെ മറ്റെന്തെങ്കിലും തന്നെയാകട്ടെ …. ചിത്രം കാണുന്നയാളോട് സംവേദനം ചെയ്യേണ്ടതായും ഉണ്ട്. രൂപഭംഗിയില്‍ മാത്രം തളയ്ക്കപ്പെടാന്‍ കഴിയുന്നതുമല്ല ഇതിനെ. ഈ രണ്ടു ഗുണങ്ങളും ചേര്‍ന്നു കല്‍പ്പിക്കുന്ന ഒരു കരുത്താണ് പലപ്പോഴും പ്രിയയുടെ ചിത്രങ്ങളെ സ്വതന്ത്രങ്ങളാക്കുന്നതും. തന്‍റെ കലായാത്ര പ്രിയയുടെ തന്നെ വാക്കുകളില്‍ നമുക്ക് വായിക്കാം. ഒരു കാശിയാത്രയ്ക്കിടയില്‍ താനെടുത്ത ചിത്രങ്ങളുടെ പശ്ചാത്തലവും അവര്‍ വിവരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ