JimmyKamballur

പെരിയാർ ടൈഗർ റിസെർവിൽ 2004 ൽ നിക്കോൺ FM 10 ക്യാമറയും 70 -210 mm ലെൻസുമായിട്ടാണ് കാടുകയറ്റം തുടങ്ങുന്നത്. ആദ്യത്തെ യാത്രയിൽ തന്നെ ലെൻസിന്റെ പരിമിതികൾ മനസ്സിലായത് കൊണ്ട് പിന്നീടുള്ള യാത്രകളിൽ ലാൻഡ്‌സ്‌കേപ്പ് ചിത്രങ്ങളിൽ ആയി കൂടുതൽ ശ്രദ്ധ.

ടെലി ഫൊട്ടോ ലെൻസുകളുടെ ഉയർന്ന വില അത് വാങ്ങുന്നതിനുള്ള തടസം ആയി. ഫിലിം ക്യാമറയിൽ നിന്നും കാനൻ 350 ഡിയിലേക്ക് മാറി, ശേഷം കാനൻ 5 ഡിയിലേക്കും. കാനൻ 5 D മാർക്ക് III യിലേക്കും. 10 വർഷത്തിന് ശേഷം 2014 ൽ ആണ്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി സീരിയസ് ആയി എടുക്കാൻ തുടങ്ങിയത്. ആ വർഷമാണ് ടാമറോൺ കമ്പനി 150 -600 mm ലെൻസ് ബജറ്റ് റേറ്റിൽ ഇറക്കാൻ തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ ലെൻസ് തന്നെ സ്വന്തം ആക്കി. പിന്നീട് കേരളം, തമിഴ്നാട്, കർണാടക എവിടങ്ങളിലെല്ലാം യാത്രചെയ്തു.

ഒരു വർഷം കഴിഞ്ഞു 2015 ൽ കാനൻ 500 mm വാങ്ങി കുറച്ചു കൂടെ സീരിയസ് ആയി. ലെൻസ് എടുക്കുന്നതിനു മുൻപുള്ള 10 വർഷം ചിത്രങ്ങൾ ധാരാളമായി കണ്ടിരുന്നു. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി, എടുക്കുന്ന ഫൊട്ടോഗ്രഫറും സാഹചര്യങ്ങളും മാത്രമേ മാറുന്നുള്ളൂ. ഫൊട്ടോകൾ എല്ലാം തന്നെ ഒരേപോലിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ കാലത്തു ഫൊട്ടോഗ്രാഫറുടെ ഇന്റലിജൻസ് കൂടി ഉപയോഗിച്ചുള്ള പടങ്ങൾ എടുക്കുന്ന ഫൊട്ടോഗ്രാഫേഴ്സിന്റെ ചിത്രങ്ങൾ കൂടുതൽ ശ്രദ്ധിച്ചു പഠിക്കാൻ തുടങ്ങി

തുടക്കം നാച്ചുറൽ ഡോക്യുമെന്റ് ഷോട്ടുകളിൽ തന്നെ ആയിരുന്നു. ഇപ്പോഴും നാച്ചുറൽ ഡോക്യുമെന്റ് ഷോട്ടുകൾ എടുക്കുമെങ്കിലും, അവസരം കിട്ടുമ്പോൾ സിഗ്നേച്ചർ ഷോട്ടുകൾ എടുക്കാൻ ശ്രമിക്കാറുണ്ട്. എന്നെ സംബന്ധിച്ചു ഫൊട്ടോഗ്രഫി ഒരു തൊഴിലും കൂടി ആയതുകൊണ്ട് പൂർണമായും കല എന്ന രീതിയിൽ ജോലി ചെയ്യാൻ കഴിയില്ല.

ഫൊട്ടോഗ്രഫിയിൽ ശാസ്ത്രഭാഗവും സാങ്കേതിക ഉപകരണങ്ങളും ഉൾക്കൊള്ളുന്നു. ഒപ്പം ഫൊട്ടോഗ്രഫറുടെ കലാപരമായ ലക്ഷ്യങ്ങളും കാഴ്ചപ്പാടും, പ്രചോദനവും, ആശയങ്ങളും ഉപയോഗിക്കുന്നു. വിജയകരമായ ലോകനിലവാരമുള്ള ചിത്രങ്ങൾ ഉണ്ടാക്കാൻ ഈ രണ്ട് ഭാഗങ്ങളും പരിധിയില്ലാതെ സമന്വയിപ്പിക്കേണ്ടതുണ്ട്. ഇവ പരസ്പരം ആധിപത്യം പുലർത്തുന്നുണ്ടെങ്കിൽ അതിന്റെ ഫലമായി ഒരു ഫൊട്ടോഗ്രഫർ കലാപരമായ മൂല്യo ഇല്ലാത്ത സാങ്കേതിക ഫൊട്ടോഗ്രഫർ അല്ലെങ്കിൽ, സാങ്കേതിക മികവ് ഇല്ലാത്ത ഒരു കലാമൂല്യം മാത്രമുള്ള ഫൊട്ടോഗ്രഫർ ആയി മാറും. രണ്ടും ഒത്തു കൊണ്ട് പോകുക എന്നതാണ് വെല്ലുവിളി

ടെക്നോളജി മാറ്റിനിർത്തി കലാഭാഗം മാത്രമെടുത്താൽ, ഒരു പടം കാണുന്ന 100 ൽ 40 പേർക്കെങ്കിലും ആസ്വദിക്കാൻ പറ്റിയ സാങ്കേതിക തികവുള്ള, കലാപരമായ ചിത്രങ്ങൾ സൃഷ്ടിക്കുക എന്നാണ് ഒരു കലാകാരൻ എന്ന നിലയിൽ എന്റെ വ്യക്തിപരമായ ആഗ്രഹം. അതിനുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ട് നൂറിൽ തൊണ്ണൂറ് പേർ ഇഷ്ടപ്പെടുന്നത് ഉദാത്തമായ സൃഷ്ടി ആണെന്നും, നൂറിൽ 10 പേരുപോലും ഇഷ്ടപ്പെടാത്തത് മോശം ആണെന്നും അർത്ഥമില്ല. ആസ്വാദനം ഒരേ സമയം തന്നെ കലാപരമായ അറിവിന്റെയും, ആലോചനയുടെയും, സംസ്കാരത്തിന്റെയും ഉപോത്പന്നമാണ്.

ഒരു കാര്യത്തെക്കുറിച്ചു അഭിപ്രായം പറയുന്നത് സാമാന്യ ബുദ്ധിയുടെയോ, വസ്തുതാപരമായ തെളിവുകളുടെയോ അടിസ്ഥാനത്തിൽ ആകണമെന്ന് ഒരു നിയമവുമില്ല. അതു പറയാൻ പ്രത്യേകിച്ച് ഒരു യോഗ്യതയും ആവശ്യമില്ല. എന്നാൽ നിരൂപണം വസ്തുതാപരമായ തെളിവുകളുടെയും, സാങ്കേതികമായ അറിവിന്റെയും അടിസ്ഥാനത്തിൽ ആകണം. ഫൊട്ടോഗ്രഫി രംഗത്തെ നിരൂപകർ ശ്രദ്ധിക്കുന്ന, മൗലികതയുള്ള, നവമാധ്യമങ്ങളിലെ നിഷ്കളങ്ക ഇഷ്ടങ്ങൾക്കപ്പുറത്തുള്ള ചിത്രങ്ങൾക്കുള്ള ശ്രമത്തിലാണ്.

പ്രൊഫൈൽ
കാസർഗോഡ് കമ്പല്ലൂർ സ്വദേശി, ഇപ്പോൾ കോട്ടയത്തു, പ്രൊഫഷണൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫർ ആണ്. ഫൊട്ടോഗ്രഫിയിൽ ഗവ.ഡിപ്ലോമ നേടി. ശേഷം ഫൊട്ടോ ജേർണലിസവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook