ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര നടന്നു. വെള്ളയമ്പലം കെൽട്രോൺ ജംഗ്ഷനിൽ നിന്നാണ് (മാനവീയം വീഥി) ഘോഷയാത്ര ആരംഭിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഘോഷയാത്രയ്ക്ക് കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറി.

രാജസ്ഥാനിൽനിന്നുള്ള ചക്രി നൃത്തം, മണിപ്പൂരിൽനിന്നുള്ള ലായിഹരൗബ നൃത്തം, പഞ്ചാബിന്റെ ബംഗ്ര നൃത്തം, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ് നൃത്തം കരഗം, കർണാടകയിലെ ഡോൽ കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവയാണ് കേരളീയ കലാരൂപങ്ങൾക്കൊപ്പം തിരുവനന്തപുരം നഗരത്തിൽ കലാവിരുന്നൊരുക്കിയത്.

ഇതിനൊപ്പം കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡും ഘോഷയാത്രയെ വർണാഭമാക്കി. പൂരക്കളി, വേലക്കളി, കേരള നടനം, മോഹനിയാട്ടം, അലാമികളി, ഒപ്പന, മാർഗംകളി, പൊയ്ക്കാൽ മയൂരനൃത്തം, മയിലാട്ടം, ഗരുഡൻപറവ, അർജുന നൃത്തം, ആഫ്രിക്കൻ നൃത്തം, പരിചമുട്ട് കളി തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടി. കേന്ദ്ര-സംസ്ഥാന സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ മേഖലയിൽ നിന്നുള്ള സ്ഥാപനങ്ങൾ തുടങ്ങിയവർ ചേർന്ന് 80 ഓളം നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയിൽ അവതരിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook