മ്യൂണിക്ക് : ബിയര്‍ ഇഷ്ട്ടമുള്ളയാളാണോ നിങ്ങള്‍? ദിവസങ്ങളോളം നിര്‍ത്താതെ ബിയര്‍ കുടിക്കാനുള്ള കപ്പാസിറ്റി ഉള്ളയാളാണ് എന്ന ആത്മവിശ്വാസമുണ്ടോ? ഉണ്ട്. എങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പങ്കെടുക്കേണ്ട ഉത്സവമാണ് ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന ഒക്ടോബര്‍ ഫെസ്റ്റ്.

തെക്കുകിഴക്കന്‍ ജര്‍മനിയിലെ ബവേരിയന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ് ഒക്ടോബര്‍ ഫെസ്റ്റ്. ബിയറുകളുടെ വൈനുകളുടെയും ഉത്സവം എന്നും അനെ വിശേഷിപ്പിക്കുന്നു. നൂറുകണക്കിനു വര്‍ഷങ്ങളുടെ ചരിത്രമുണ്ട് ഒക്ടോബര്‍ ഫെസ്റ്റിന്. പരമ്പരാഗത ജര്‍മന്‍ വേഷങ്ങളില്‍ റൈഫിള്‍ ഏന്തിയവരും, മാര്‍ച്ചിങ് ബാന്റും അണിനിരക്കുന്ന ഫെസ്റ്റ് നടക്കുന്നത് സെപ്റ്റംബര്‍ അവസാനവാരം മുതല്‍ ഒക്ടോബര്‍ വരെയുള്ള രണ്ടാഴ്ച്ചകളിലായാണ്. പതിനാറു ദിവസം നീളുന്ന ഈ ആഘോഷത്തിന്‍റെ വരവ് അറിയിക്കുന്നത് ഈ പരേഡാണ്. ജര്‍മനി മാത്രമല്ല. ജര്‍മന്‍ സംസ്കാരവുമായി ഏറെ ബന്ധം നില്‍ക്കുന്ന ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, വടക്കന്‍ ഇറ്റലി, തുടങ്ങി അനേകം യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും ആളുകള്‍ പരേഡില്‍ പങ്കെടുക്കുവാനായി മ്യൂണിച്ചിലേക്ക് എത്തിച്ചേരുന്നു.

ഓരോ ദിവസത്തേയും ഒക്ടോബര്‍ഫെസ്റ്റ് ആഘോഷം പരമ്പരാഗത സംഗീതത്തിന്‍റെ അകമ്പടിയോടെയാണ് ആരംഭിക്കുന്നത്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന ഫെസ്റ്റ് നൂറ്റിമൂന്ന് എക്കറിലായാണ് സംഘടിപ്പിക്കുന്നത്. മ്യൂണിച്ച് എന്ന മഹാനഗരം ലോകത്തിനോരുക്കുന്ന ഈ വിരുന്നില്‍ പങ്കുചേരാന്‍ പ്രതിവര്‍ഷം ഏഴു ദശലക്ഷത്തോളം പേര്‍ എത്തിച്ചേരുന്നുവെന്നാണ് കണക്കുകള്‍. വൈകീട്ട് ആറുമണിക്ക് ശേഷം പോപ്പും ഇലക്ട്രോണികും റോക്കും അടങ്ങുന്ന സംഗീതം ആസ്വദിക്കാനുള്ള ഇടം കൂടിയാണ് ഈ മഹാമേള. വിനോദ പരിപാടികളും, കുട്ടികളെ ആകര്‍ഷിക്കാനുള്ള സ്റ്റാളുകളും മറ്റു ചെറു വിപണനകേന്ദ്രങ്ങളും ഇതിനോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.

വേദിയോടനുബന്ധിച്ചു തന്നെയുള്ള ആറു ബ്രൂവറികളിലായാണ് ഒക്ടോബര്‍ഫെസ്റ്റിനുള്ള ബിയര്‍ ഉത്പാദിപ്പിക്കുന്നത്. ബിയറടി മാത്രമാണ് ഒക്ടോബര്‍ഫെസ്റ്റിലെ കാര്യപരിപാടി എന്ന് ധരിച്ചാല്‍ തെറ്റി. മറ്റു പല പൊതുപരിപാടികള്‍ക്കും വേദിയോരുക്കുന്നുണ്ട് ഒക്ടോബര്‍ ഫെസ്റ്റ്. ഇതേ വേദിയില്‍ തന്നെയാണ് ഏപ്രില്‍ – മേയ് മാസങ്ങളിലായി അണിയിച്ചൊരുക്കുന്ന വസന്തോത്സവവും വേനലിനെ വരവേറ്റുകൊണ്ടുള്ള ടോല്‍വൂഡ് ഫെസ്റ്റും ഒരുക്കുന്നത് ഇതേ സംഘാടകാരാണ്. ഇന്ത്യയടക്കം ലോകമെമ്പാടും ഇന്ന് സമാന്തരമായി ഒക്ടോബര്‍ഫെസ്റ്റ് നടക്കുന്നുണ്ട്.

ഒക്ടോബര്‍ഫെസ്റ്റിനു എത്തിച്ചേരുന്നവര്‍ക്ക് കഴിച്ചുകൂട്ടുവാനായി മരം കൊണ്ട് നിര്‍മിച്ച ടെന്റും ഒരുക്കുന്നുണ്ട് സംഘാടകര്‍. ഇനിയിപ്പൊ ബിയറടിച്ച് ഓഫാവുമെന്നു ഭയക്കേണ്ട.. സുരക്ഷിതമായി തന്നെ കഴിയുവാനുള്ള എല്ലാ സൗകാര്യങ്ങളും ഒരുക്കിയ ശേഷം തന്നെയാണ് മ്യൂണിക്ക് നിങ്ങളെ ബിയറടിക്കാന്‍ ക്ഷണിക്കുന്നത്..!

ഫൊട്ടോ കടപ്പാട്: എപി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook