കൊച്ചിയിലെത്തിയ ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ സ്വീകരിച്ച് മമ്മൂട്ടി. പിആര്‍ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക്ക് ഉട്ടിനെ സ്വീകരിച്ചത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്താ ചിത്രമേളയില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് നിക്ക് ഉട്ടും ലോസാഞ്ചൽസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയും കേരളത്തിലെത്തിയത്.

വിയറ്റ്‌നാമിലെ ഭീകര അവസ്ഥ ലോകത്തെ അറിയിച്ച പ്രശസ്തമായ, നഗ്നയായി റോഡിലൂടെ ഓടി വരുന്ന പെണ്‍കുട്ടിയെ ഫോട്ടോ എടുത്തത് നിക്ക് ആയിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് യുദ്ധത്തിന്റെ ഭീകരത ഒറ്റ ക്ലിക്കില്‍ ലോകത്തിനു മുമ്പില്‍ തുറന്ന് കാട്ടിയതോടെയാണ് നിക്ക് ഉട്ട് ലോകത്തിനു മുമ്പില്‍ സമാധാനത്തിന്റെ പ്രചാരകനായത്. അസോസിയേറ്റഡ് പ്രസിനു വേണ്ടിയെടുത്ത ടെറര്‍ ഓഫ് വാര്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന് 1973 ല്‍ പുലിറ്റ്‌സ്യര്‍ പ്രൈസ് നേടിക്കൊടുത്തത്.

ഇരുപതാം വയസിലാണ് വിയറ്റ്നാം യുദ്ധത്തില്‍ നാപാം ബോംബ് ആക്രമണത്തില്‍ പൊളളലേറ്റ് നഗ്‌നയായി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയതെന്ന് നിക്ക് ഉട്ട് പറഞ്ഞു. സഹോദരന്റെ മരണത്തെ തുടര്‍ന്ന് ആകസ്മികമായാണ് താന്‍ അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറാകുന്നത്. നിരവധി അമേരിക്കന്‍ സൈനികര്‍ മരിച്ചു വീഴുന്നതിനും തന്റെ ക്യാമറ സാക്ഷിയായിട്ടുണ്ട്. ഈ ചിത്രത്തോടെയാണ് യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കന്‍ ഭരണകൂടം തീരുമാനിക്കുന്നത്. താന്‍ പകര്‍ത്തിയ വിയറ്റ്‌നാമിലെ പെണ്‍കുട്ടി ഇന്ന് യുനെസ്‌കോയുടെ അംബാസഡറും കൂടിയാണ്. യുദ്ധഭൂമിയില്‍ നിന്നു വാവിട്ടു കരഞ്ഞോടിയ പെണ്‍കുട്ടിയെ തന്റെ വാനില്‍ കയറ്റി രക്ഷപെടുത്തിയ അനുഭവവും നിക്ക് പങ്കുവച്ചു. കിം ഫുക് എന്ന ആ പെണ്‍കുട്ടി കനേഡിയന്‍ പൗരത്വമുള്ള മുത്തശ്ശിയാണെന്നും അവരോടൊപ്പം കേരളത്തില്‍ വീണ്ടുമെത്തുമെന്നും നിക്ക് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ