തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തി. സാധാരണയേക്കാള്‍ മൂന്ന് ദിവസം നേരത്തെയാണ് ഇത്തവണ കാലവര്‍ഷം എത്തിയത്. ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ കേരളത്തിന് നല്ല മഴയാണ് ലഭിച്ചത്. 298.4 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് 359.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ മഴ സംസ്ഥാനത്ത് ലഭിച്ചപ്പോള്‍, ലക്ഷദ്വീപിന് പ്രതീക്ഷിച്ചതിനേക്കാള്‍ 88 ശതമാനം കൂടുതല്‍ മഴ ലഭിച്ചതായി കണക്കുകള്‍ പറയുന്നു. ഭേദപ്പെട്ട രീതിയില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തവണ വേനല്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ 56 ശതമാനം കൂടുതല്‍ വേനല്‍ മഴ കോഴിക്കോടിന് ലഭിച്ചു.

കണ്ണൂര്‍, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്‌, കോട്ടയം, ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം കുറവ് കാലവര്‍ഷം ലഭിച്ച വയനാട്ടില്‍ ഇത്തവണ പ്രതീക്ഷിച്ചതിനേക്കാള്‍ 53 ശതമാനം കൂടുതല്‍ വേനല്‍ മഴ ലഭിച്ചു. തൃശ്ശൂരാണ് ഈ വര്‍ഷം ഏറ്റവും കുറവ് വേനല്‍ മഴ ലഭിച്ച ജില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ 18 ശതമാനം കുറവ് മഴയാണ് തൃശ്ശൂരിന് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook