പ്രളയദുരിതാശ്വാസത്തിനായിട്ടുള്ള മുഖ്യമന്ത്രിയുടെ നിധിയിലേയ്ക്ക് ധനം സമാഹരിക്കാനായുള്ള തീവ്രയജ്ഞത്തിലാണ് കേരളത്തിലെ ചിത്രകാരന്മാരുടെയും ശിൽപ്പികളുടെയും  കൂട്ടായ്മയായ  ‘കലാകാർ’ കേരളവും കേരള ലളിതകലാ അക്കാദമിയും.

ഇതിനായി ലളിതകലാ അക്കാദമിയുടെ  കൊച്ചി (എറണാകുളം)യിലെ ദർബാർ ഹാൾ ഗാലറിയിൽ ഒരു ക്യാമ്പ് നടക്കുന്നു. കേരളത്തിലെ ചിത്രകാരന്മാരും / കാരികളും ശിൽപ്പികളും  ആയിരം ചിത്രങ്ങൾ രചിക്കുകയും അവ കാണാനെത്തുന്ന ആളുകൾ സന്തോഷത്തോടെ ആ രചനകൾ വാങ്ങുകയും ചെയ്യുന്ന കാഴ്ച ക്യാമ്പിലെത്തുന്നവർക്ക് കാണാനാകും.അഞ്ച്  ദിവസങ്ങളിലായാണ് ക്യാംപ് നടക്കുന്നത്.

മൂന്ന് കാര്യങ്ങൾ നിങ്ങളെ അവിടെ കാത്തിരിക്കുന്നു

ഒന്ന്: കേരളത്തിലെ ചിത്രശില്പകലാരംഗത്തെ പ്രശസ്തരായ ഇത്രയുമധികം കലാകാരന്മാർ രചനയിലേർപ്പെട്ടിരിക്കുന്ന അപൂർവ്വമായ കാഴ്ച.

രണ്ട്: ഒരു ദുരവസ്ഥയെ അതിജീവിക്കാനുള്ള മനുഷ്യന്റെ ഒത്തൊരുമയുടെയും ഐക്യപ്പെടലിന്റെയും സർഗ്ഗാത്മകത തുടിക്കുന്ന നിമിഷങ്ങൾ.

മൂന്ന്: ഇതായിരിക്കും ഒരു പക്ഷെ ഈ കൂട്ടായ്മയുടെ എറ്റവും ശ്രേഷ്ഠവും ക്രിയാത്മകവുമായ വശം. ഇവിടെ നിന്നും നിങ്ങൾ ഒരു ചിത്രം വാങ്ങുമ്പോൾ കേരളത്തെ പുനഃസൃഷ്ടിക്കുകയെന്ന മഹായജ്ഞത്തിൽ നിങ്ങളും ഒരു പങ്കാളിയാവുകയാണ്. നിങ്ങൾ നൽകുന്ന പണം മുഴുവനായും കേരളത്തിന്റെ പുനർനിർമ്മാണത്തിനും പ്രളയദുരിതാശ്വാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും. കാരണം കലാകാരന്മാർ / കാരികളും പ്രതിഫലം ആഗ്രഹിക്കാതെയാണ് ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നത്. വാങ്ങപ്പെടുന്ന ചിത്രങ്ങൾ നിങ്ങളുടെ ജീവിതത്തിലും സമൂഹത്തിലാകെയും നവീനമായ ഒരു ദൃശ്യസംസ്കൃതിയ്ക്ക് കാരണവുമാകും.

വ്യക്തിപരമായ നേട്ടം പരിചിതവലയത്തിലുള്ള അനേകം കലാകാരന്മാരെ ഒരുമിച്ച് കാണാനായി എന്നതാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ചില കലാകാരന്മാരെ നേരിൽ കണ്ട് സൗഹൃദം പുതുക്കാനായി എന്നതും ചെറിയ ഒരു കാര്യമല്ല. ഒരുമിച്ച് പഠിച്ച ശേഷം,  നീണ്ട കാലയളവിന് ശേഷം പരസ്പരം കാണുന്നവരുമുണ്ടായിരുന്നു കൂട്ടത്തിൽ.

സർഗാത്മകതയുടെയും ഊഷ്മള സൗഹൃദങ്ങളുടെയും ചില നിമിഷങ്ങളുടെ ക്യാമ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook