തമിഴകത്തെ ഒരു ഇതിഹാസം കൂടി ചരിത്രത്തിലേയ്ക്ക്. സിനിമ, സാഹിത്യം, രാഷ്ട്രീയം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുത്തുവേൽ കരുണാനിധി എന്ന എം.കരുണാനിധി (94) ഓർമ്മകളിലേയ്ക്ക്.

പതിനാലാം വയസ്സിൽ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്ന കരുണാനിധി ശക്തമായ നിലപാടുകൾ കൊണ്ടും മൂർച്ചയേറിയ ഭാഷകൊണ്ടും തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി ഉയർന്നു. കല്ലക്കുടി സമരത്തെ തുടർന്ന് ജീവിതത്തിലും രാഷ്ട്രീയത്തിലും ഉണ്ടായ വഴിത്തിരിവ് തമിഴ്നാടിന്റെ രാഷ്ട്രീയ ദിശ തന്നെ മാറ്റിമറിക്കുന്നതായി.

അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയും പതിമൂന്ന് തവണ എംഎൽഎയുമായിരുന്നു അദ്ദേഹം. അരങ്ങൊഴിയുമ്പോൾ തമിഴ്‌നാട്ടിലെ തിരുവാരൂര്‍ മണ്ഡലത്തിന്‍റെ നിയമസഭാ പ്രതിനിധിയാണ് കരുണാനിധി. ഡിഎംകെ പ്രസിഡന്റ് ആയി അമ്പത് വർഷം തികച്ച കരുണാനിധി, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു പാർട്ടിയുടെ പ്രസിഡന്റായിരുന്ന വ്യക്തിയാണ്.

വാമൊഴിയും വരമൊഴിയും കൊണ്ട് ഇതുപോലെ ഒരു ജനതയെ കൈയ്യിലെടുത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ എഴുത്തുകാരനോ തമിഴ്നാട്ടില്‍ വേറെയില്ല എന്ന് തന്നെ പറയാം.

കത്തുകള്‍, കവിതകള്‍, തിരക്കഥകള്‍, ചരിത്രാഖ്യാനങ്ങള്‍, നാടകങ്ങള്‍, സംഭാഷണങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിങ്ങനെ സാഹിത്യത്തില്‍ അദ്ദേഹം കൈവയ്ക്കാത്ത വിഭാഗങ്ങള്‍ ഒന്നും തന്നെയില്ല. മികച്ച പ്രാസംഗികനും കൂടിയായ കരുണാനിധിയുടെ പ്രസംഗം കേള്‍ക്കാനായി മാത്രം മറ്റു ദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുമായിരുന്നുവത്രേ.

വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ചെന്നൈ ആൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു യുഗമാണ് കരുണാനിധിയുടെ വേർപാടോടെ അവസാനിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook