റിയാദ് : കലയും കഥയും കവിതയും കാഴ്ചയും കരവിരുതിന്റെ ചാരുതയും സന്ദർശകർക്ക് മുന്നിൽ കാഴ്ച വെച്ചാണ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ നഗരമായ ത്വായിഫിനോട് ചേർന്ന് കിടക്കുന്ന സൂഖ് ഉക്കാദ് മേള പുരോഗമിക്കുന്നത്. ജൂലൈ 12ന് ആരംഭിച്ച മേള പുരാതന അറേബ്യ പുനർജ്ജനിക്കുന്ന നാളുകൾ കൂടിയാണ്.
ഇതിനകം അഞ്ച് ലക്ഷത്തോളം സന്ദർശകരാണ് മേള കാണാനെത്തിയത്. വെള്ളിയാഴ്ച മാത്രം ഒന്നര ലക്ഷം പേരാണ് മേളയിലെ സന്ദർശകർ. സൗദി അറേബ്യയിൽ അവധിക്കാലമായതിനാൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെയുള്ള സന്ദർശകരാണ് ഉത്സവ നഗരിയിലേക്ക് ഒഴുകുന്നത്. സൗദി അറേബ്യയിലെ പ്രശസ്ത മ്യൂസിക് ബാൻഡുകൾ മേളയിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. മികച്ച ബാൻഡുകൾ തിരഞ്ഞെടുക്കാനുള്ള മത്സരം പുരോഗമിക്കുമ്പോൾ ഉത്സവ നഗരി അറബ് സംഗീതത്തിന്റെ പിടിയിലമരും.

മധുര സ്വരങ്ങൾ കാറ്റിലലിയുമ്പോൾ സംഗീത പ്രേമികളും സന്ദർശകരും ആർത്ത് വിളിച്ചും ആനന്ദം കൊണ്ടും മധുര സ്വരങ്ങളെ ആവാഹിച്ചും സായാഹ്നം ആസ്വദിക്കുന്നുണ്ട്. മറ്റ് പരമ്പരാഗത കലകളിലും മത്സരങ്ങൾ നടക്കുന്നുണ്ട്. കുട്ടികൾക്കായി പ്രസംഗ മത്സരം, കവിത ചൊല്ലൽ, ചിത്ര രചന മത്സരം തുടങ്ങി വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ഒട്ടനവധി പരിപാടികൾ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയം ഉൾപ്പടെ വിവിധ മന്ത്രാലയങ്ങളുടെ പവലിയനുകളിൽ ബോധവൽക്കരണവും പ്രദർശനവും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നും മേള കാണാൻ സന്ദർശകരുണ്ട്. സന്ദർശകരുടെ തിരക്ക് പരിഗണിച്ച് പോലീസ്,ഗതാഗത വിഭാഗം, നാഷണൽ ഗാർഡ്, തുടങ്ങി കനത്ത സുരക്ഷയിലാണ് മേള പുരോഗമിക്കുന്നത്. സൗദിയിൽ നിന്നും പുറത്ത് നിന്നുമായി 116 പത്രപ്രവർത്തകർ മേള റിപ്പോർട്ട് ചെയ്യാനായി നാഗരിയിലുണ്ട്. ഇതിന് പുറമെ ഓൺലൈൻ പത്രങ്ങളും മറ്റ് മീഡിയ സ്ഥാപങ്ങളുടെ പ്രതിനിധികളും മേള സോഷ്യൽ മീഡിയയിൽ ഉൾപ്പടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഈ മാസം 12ന് ആരംഭിച്ച മേള പത്ത് ദിവസം നീണ്ട് നിൽക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ