ചെറിയ പെരുന്നാൾ ആഘോഷനിറവിൽ ഇസ്‌ലാം മതവിശ്വാസികൾ. ദൈവമാഹാത്​മ്യം വിളിച്ചോതിയുള്ള തക്​ബീർ ധ്വനികളാൽ പള്ളികൾ മുഖരിതമായി. അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ പെരുന്നാൾ സമ്മാനിക്കുന്നത്​.​ ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ വിശ്വാസികൾ വ്രതമനുഷ്‌ഠിക്കുന്നതിന് മതപരമായി വിലക്കുണ്ട്. അന്ന് ആഘോഷത്തിന്റെ ദിനമാണ്. ഫിത്ർ സകാത്ത് (റമദാൻ വ്രതം കഴിഞ്ഞാൽ വിശ്വാസികളിൽ നിർബന്ധമാക്കപ്പെട്ട ദാനം) ഇല്ലാത്തവന് ഭക്ഷണത്തിനുള്ള ധാന്യമാണ് സകാത്തായി നൽകേണ്ടത്. ഫിത്ർ സക്കാത്തിന്റെ അവകാശികൾ ആരൊക്കെയെന്നും കൃത്യമായി ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. അർഹരിലെത്തിയാലേ സകാത് സ്വീകരിക്കപ്പെടുകയുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്

പെരുന്നാളിന്റെ മറ്റൊരു പ്രധാന ആഘോഷവും ആരാധനയുമാണ് പെരുന്നാൾ നമസ്കാരം. ഫജർ നമസ്കാരത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം ആരംഭിക്കും. നമസ്കാരത്തിന് ശേഷം പള്ളിയിൽ ഇമാം നിർവഹിക്കുന്ന പ്രസംഗമാണ് ഖുതുബ. ഖുതുബ പ്രസംഗത്തിന് ശേഷം സൗഹൃദങ്ങളെയും കുടുബങ്ങളെയും ആലിംഗനം ചെയ്‌തും മധുരം നൽകിയും ആഘോഷത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. കുടുംബ വീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതാണ് പ്രധാനമായും പെരുന്നാളിന്റെ ഒരു രീതി. അതിഥികളെ സ്വീകരിക്കാൻ ആതിഥേയർ മധുരവും ഭക്ഷണവുമൊരുക്കി കാത്ത് നിൽക്കുന്നതും പതിവ് കാഴ്‌ചയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook