പുതുമകളുള്ള ഉത്പന്നങ്ങളുമായി ഏറെ സംരംഭകര്‍ കടന്നുവരുന്ന ഈ കാലത്ത് ഉത്പന്നത്തില്‍ മാത്രമല്ല, അതിന്‍റെ വിപണനത്തിലും പരസ്യത്തിലും സമീപനത്തിലും അടക്കം തികച്ചും വ്യത്യസ്തമായ സങ്കല്‍പ്പങ്ങളെ മുന്നോട്ടുവച്ചു കൊണ്ട് ശ്രദ്ധേയമാവുകയാണ് പാലക്കാടുകാരനായ ഒരു വിദ്യാര്‍ഥി. സാമ്പ്രദായിക ഫാഷന്‍ സങ്കല്‍പ്പങ്ങളെ തകിടം മറിച്ച് കൊണ്ടു മുന്നേറുന്ന ബ്രാന്‍ഡിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് സിദ്ധാര്‍ഥ് നായര്‍ എന്ന നിയമവിദ്യാര്‍ഥിയാണ്. ഖാദി ബ്രാൻഡ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ‘ദേശിറ്റ്യൂഡ്’ എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകനാണ് ഈ ഇരുപത്തിയഞ്ചുകാരന്‍.

ഖാദി വിപ്ലവം
‘1947ന്‍റെ ആത്മാവിനെ ധരിക്കൂ ‘ എന്ന പരസ്യമന്ത്രത്തിലൂടെ ഖാദിയുടെ പ്രാധാന്യവും ചരിത്രവും ഓര്‍മിപ്പിക്കുന്ന ദേശിറ്റ്യൂഡ് ആരംഭിക്കുന്നത് 2014ലാണ്.

”ഏതാനും വര്‍ഷങ്ങളായി ഖാദി വസ്ത്രങ്ങള്‍ മാത്രമായിരുന്നു ഞാന്‍ ഉപയോഗിച്ച് പോന്നത്. പല സൗഹൃദ സംഭാഷണങ്ങളിലും ഞാന്‍ ഖാദിയെ കുറിച്ചുള്ള എന്‍റെ ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ എല്ലാരും തന്നെ ഖാദിയെ ഒട്ടും ഫാഷനബിളല്ലാത്ത ഒന്നായാണ് കണ്ടിരുന്നത്. ആയിടയ്ക്കാണ് ഖാദിയില്‍ ഡെനിമുള്ളതായി ഞാന്‍ തന്നെ അറിയുന്നത്. അതോടൊപ്പം തന്നെ എന്തുകൊണ്ട് ഖാദിയെ ഫാഷനബിളാക്കിക്കൊണ്ട് യുവാക്കളിലേക്ക് എത്തിച്ചുകൂടാ എന്ന ആശയവും എന്നിലേക്ക് വരികയായിരുന്നു.” സിദ്ധാർഥ് പറഞ്ഞു. മുംബൈ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ഖാദി ഡെനിമുകളുടെ പ്രധാന ഉത്പാദകര്‍. ആ അറിവിനെ ഇന്ധനമാക്കിക്കൊണ്ട് ഖാദി കൊണ്ട് പുതിയൊരു ചരിത്രം നെയ്യാന്‍ ഇറങ്ങിപുറപ്പെടുകയായിരുന്നു ഇരുപത്തിയഞ്ചുകാരനായ ഈ സംരംഭകന്‍.

ഉത്പാദനവും വിപണനവും
ഖാദി ഡെനിമുകളെ മുംബൈയില്‍ എത്തിക്കുകയെന്നതാണ് ആദ്യ പണി. മുംബൈയിലാണ് മികച്ച തയ്യല്‍ക്കാര്‍ ഉള്ളത്. “ആദ്യമാദ്യം നാട്ടില്‍ തന്നെ തയ്യല്‍ ചെയ്യിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജീന്‍സിന്‍റെ തയ്യലിലൊക്കെ പ്രാഗത്ഭ്യമുള്ള അധികംപേരെ നാട്ടില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഫാഷന് ഏറെ പ്രാധാന്യമുള്ള മുംബൈയില്‍ തന്നെ അത് ചെയ്യാം എന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.” സിദ്ധാര്‍ഥ് പറഞ്ഞു. ഉത്‌പാദനത്തില്‍ മാത്രമല്ല മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ വേറെയും പല നേട്ടങ്ങളുണ്ട് എന്ന അനുഭവമാണ് സിദ്ധാര്‍ഥ് പങ്കുവയ്ക്കുന്നത്. “മുംബൈ ആവുമ്പോഴേക്കും ഇന്ത്യയുടെ ഏതു ഭാഗത്തേക്കും സാധനങ്ങള്‍ കയറ്റിയയക്കുക എന്നത് വളരെ എളുപ്പമാണ്. കേരളത്തിലോ മറ്റും ആയിരുന്നെങ്കില്‍ ആളുകളിലേക്ക് ഉത്പന്നത്തെ എത്തുകയെന്നത് ഏറെ സമയം പിടിക്കുന്ന കാര്യമാണ്. “ സിദ്ധാര്‍ഥ് പറഞ്ഞു. ദേശിറ്റ്യൂഡിന്‍റെ ഉപയോക്താക്കളായുള്ള ബഹുഭൂരിപക്ഷം ആളുകളിലേക്കും ഉത്പന്നം എത്തുന്നത് ഇന്റര്‍നെറ്റ് മുഖേനയാണ്. ഖാദി ഡെനിമിന്‍റെതായുള്ള ജീന്‍സ്, ഷോര്‍ട്ട്, ജാക്കറ്റ്, വെയിസ്റ്റ് കോട്ട്,സ്കേര്‍ട്ട് എന്നിവയാണ് ദേശിറ്റ്യൂഡിന്‍റെ വെബ്സൈറ്റ് വഴി വാങ്ങാവുന്ന ഉത്പന്നങ്ങള്‍.

അതിരുകള്‍ അലിയുന്ന ഖാദിക്കാഴ്ചകള്‍
“വെബ്സൈറ്റ് ഒക്കെ ചെയ്യുമ്പോഴാണ് എങ്ങനെ ഫോട്ടോകള്‍ എടുക്കും എന്ന ആലോചന വരുന്നത്. ആദ്യമേ ഉണ്ടായിരുന്ന ഒരു തീരുമാനം. സാധാരണക്കാരായ ആള്‍ക്കാരെ തന്നെ മോഡലുകള്‍ ആക്കിയാല്‍ മതി എന്നായിരുന്നു. പതിവ് ഫാഷന്‍ ഫോട്ടോകളില്‍ നിന്നും വിഭിന്നമായി അധികം എഡിറ്റിങ് ഒന്നുമില്ലാതെ തന്നെ ഷൂട്ട്‌ ചെയ്യണം എന്ന് ഞാനും ഫോട്ടോഗ്രാഫറും തമ്മില്‍ ധാരണയാവുകയായിരുന്നു. തുണിയുടെ നിറങ്ങള്‍ അങ്ങനെ തന്നെ വരണം എന്നതു മാത്രമാണ് നിര്‍ബന്ധം.” സിദ്ധാര്‍ഥ് പറഞ്ഞു. എന്‍ഐഡിയില്‍ വിദ്യാഭ്യാസം കഴിഞ്ഞ ഫാഷന്‍ ഫൊട്ടോഗ്രാഫറായ അഞ്ജലി ഗോപനാണ്‌ ദേശിറ്റ്യൂഡിനായി ഫോട്ടോകള്‍ പകര്‍ത്തിയത്. ഫാഷന്‍ ഫൊട്ടോഗ്രഫിയില്‍ പതിവായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഒന്നും ഇല്ല എന്നത് ദേശിറ്റ്യൂഡിനെ പരീക്ഷണ സ്വഭാവമുള്ള അഞ്ജലിയുടെ ക്യാമറയ്ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാക്കി മാറ്റി. അഞ്ജലിയുടെ സുഹൃത്തുകളായ പലരുമായിരുന്നു ആദ്യഘട്ടത്തില്‍ ദേശിറ്റ്യൂഡിന്‍നു വേണ്ടി മോഡലുകളായത്.

പിന്നീടാണ് സാധാരണക്കാരില്‍ സാധാരണക്കാരായവരിലേക്കും ക്യാമറ തിരിയുകയെന്ന ആശയം രൂപപ്പെടുന്നത്. തൊഴിലുചെയ്യാനായി കേരളത്തിലെത്തിയ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളായി പിന്നീട് ദേശിറ്റ്യൂഡിന്‍റെ മോഡലുകള്‍. “വിവിധ പ്രദേശങ്ങളെ ഉള്‍ക്കൊള്ളിക്കുക എന്നത് ഞങ്ങള്‍ക്ക് ഒരു ആവശ്യമായി അനുഭവപ്പെട്ടിരുന്നു. ഏറെ സന്തോഷത്തോടെയാണ് പലരും അതില്‍ ഭാഗമായത്. ഇതുവരെ ആരും ആവശ്യപ്പെടാത്ത ഒരു കാര്യവുമായാണ് ആളുകളെ ഞങ്ങള്‍ സമീപിച്ചക്കുന്നത്. അവരില്‍ പലരും ജീവിതത്തില്‍ ആദ്യമായി പ്രഫഷണല്‍ ക്യാമറയ്ക്ക് മുന്നില്‍ വരുന്നവരായിരുന്നു. എല്ലാവരും തന്നെ മികച്ച മോഡലുകളായി” സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു. ‘1947ന്‍റെ ആത്മാവിനെ ധരിക്കൂ’ എന്ന പരസ്യമന്ത്രത്തെ സാധൂകരിക്കുന്നതാണ് അഞ്ജലി പകര്‍ത്തിയ ചിത്രങ്ങള്‍. അതിരുകള്‍ അലിയിക്കുന്ന ഖാദിക്കാഴ്ചകള്‍.

ലാഭേച്ഛ ലക്ഷ്യം വച്ചു മാത്രം മുന്നോട്ടു പോകുന്ന ഒന്നല്ല ദേശീറ്റ്യൂഡ് എന്നും സിദ്ധാര്‍ഥ് ഓര്‍മിപ്പിക്കുന്നു. വിറ്റുപോകുന്ന ഓരോ എണ്ണത്തിനും ചുരുങ്ങിയത് ഒരു തൈ നട്ടുപിടിപ്പിക്കുക എന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ സംരംഭകന്‍ ചെയ്തുപോരുന്ന ഒരു കാര്യം. “ബ്രാന്‍ഡിനെ പരിസ്ഥിതി സൗഹാര്‍ദപരമാക്കുക എന്നൊരു ഉദ്ദേശം എപ്പോഴുമുണ്ട്. ഇതുകൂടാതെ സ്ത്രീകളില്‍ ആര്‍ത്തവ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അനാഥാലയങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകലഉം കൊടുത്തു പോരുന്നു. ഇപ്പോള്‍ കിട്ടുന്ന ലാഭത്തിന്‍റെ പത്ത് ശതമാനം ഇത്തരം കാര്യങ്ങല്‍ക്കായാണ് വിനിയോഗിക്കുന്നത്. “ സിദ്ധാര്‍ഥ് പറഞ്ഞു.

ചരിത്രത്തില്‍ വേരൂന്നിയ, എന്നാല്‍ ഏറെ പുതുമകളുള്ളതുമായ ഒരു സംരംഭം എന്ന നിലയില്‍ തികച്ചും വിപ്ലവകരമായ മാറ്റങ്ങള്‍ തന്നെയാണ് ദേശിറ്റ്യൂഡ് ലക്ഷ്യം വെക്കുന്നത്. ലിംഗഭേദമില്ലാതെ ധരിക്കാവുന്ന വസ്ത്രങ്ങള്‍ ഇറക്കുവാനുള്ള തയ്യാറെടുപ്പിലാണ് ദേശിറ്റ്യൂഡ്. വൈകാതെ തന്നെ ഖാദിവസ്ത്രങ്ങള്‍ വിപണിയില്‍ ഏറെ ചലനങ്ങള്‍ ഉണ്ടാക്കും പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ഈ യുവസംരംഭകന്‍..

ഫൊട്ടോസ്: ദേശിറ്റ്യൂഡ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook