അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോർജ് നായകനിരയിലേക്ക് എത്തുന്നു. ഷാഫിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ബിബിന്‍ ആദ്യമായി നായകനാകുന്നത്. പ്രയാഗയാണ് ചിത്രത്തില്‍ ബിബിന്റെ നായിക.

പതിവു കോമഡി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഷാഫി ഒരുക്കുന്ന ചിത്രമാണിത്. ഒരു ചെറുപ്പക്കാരന്റെ കഥ, ജീവിതത്തോട് അടുത്തു നിൽക്കുന്ന സംഭവങ്ങളിലൂടെ പറയുകയാണ്. എന്നാല്‍ നര്‍മ്മം തീരെ ഉപേക്ഷിക്കുന്നുമില്ല. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അംഗവൈകല്യമുള്ള ശ്രീക്കുട്ടന്‍, അവന്റെ പരിമിതികളെ മറികടന്ന് അച്ഛനും അനുജത്തിയും അടങ്ങുന്ന കുടുംബത്തിനായി കഷ്ടപ്പെടുന്നു. ജോലി ചെയ്യുന്ന വർക്‌ഷോപ്പില്‍ നിന്നും ശ്രീക്കുട്ടന് കിട്ടുന്ന വരുമാനത്തിലാണ് ഇവരുടെ ജീവിതം. വികലാംഗനെങ്കിലും തന്റെ പരിമിതികളെ കണ്ട് ആരും അനുതപിക്കുന്നത് ശ്രീക്കുട്ടന് ഇഷ്ടമല്ല. ശ്രീക്കുട്ടനായാണ് ബിബിന്‍ ജോർജ് വേഷമിടുന്നത്. ബിബിന്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് ഒരു പഴയ ബോംബ് കഥ. അംഗവൈകല്യമുള്ളയാളെ നായകനാക്കി ഷാഫി ഒരുക്കുന്ന ചിത്രം പ്രണയവും നര്‍മ്മവും പ്രതികാരവും ചേര്‍ന്ന ജീവിതഗന്ധിയായ കഥയാണ് പറയുന്നത്. ബിബിന്റെ നായികയായി പ്രയാഗയെത്തുന്നു. ശ്രുതി എന്നാണ് കഥാപാത്രത്തിന്റെ പേര്. ശ്രീക്കുട്ടന്റെ സന്തതസഹചാരിയായി കൂട്ടുകാരന്‍ ഭവ്യനുമുണ്ട്. ഹരീഷ് കണാരനാണ് ഭവ്യനായെത്തുന്നത്. അച്ഛന്റെ വേഷത്തില്‍ ഇന്ദ്രന്‍സും, അനുജത്തിയായി പുതുമുഖം ശ്രീവിദ്യ നായരും വേഷമിടുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ അതിഥി താരമായെത്തുന്നു. ബോബന്‍ സാമുവേല്‍, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഹരിശ്രീ അശോകന്‍, സുനില്‍ സുഗത, സന്തോഷ് കീഴാറ്റൂര്‍, ബിജുക്കുട്ടന്‍, ഷഫീഖ്, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സാജന്‍ പള്ളുരുത്തി, സോഹന്‍ സീനുലാല്‍, ബൈജു എഴുപുന്ന, ജയ്‌സ് ജോസ്, ബിന്ദു തൃക്കാക്കര, ആരാധ്യ, അമേയ, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല എന്നിങ്ങനെ ഒരു നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.

കോതമംഗലത്തും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ക്യാമറാമാന്‍ വിനോദ് ഇല്ലമ്പിള്ളിയാണ്. ഷാഫി – വിനോദ് കൂട്ടുകെട്ടും ഇതാദ്യമായാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, ദൈവമേ കൈതൊഴാം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ.സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥയും തിരക്കഥയും ബിഞ്ചു ജോസഫും സുനിൽ കര്‍മ്മയും. സംഗീതമൊരുക്കുന്നത് അരുൺ രാജ്, പശ്ചാത്തല സംഗീതം ബിജിബാല്‍, ഗാനരചന ഹരിനാരായണനും ലിജേഷ് ദാസനും. എഡിറ്റര്‍ വി.സാജന്‍, ആര്‍ട്ട് ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ്, മേക്കപ്പ് പട്ടണം റഷീദ്, പട്ടണം ഷാ. വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് സാസ് ഹംസ, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍, കൊറിയോഗ്രാഫി ശ്രീജിത്ത്, ദിനേശ്. സംഘട്ടനം മാഫിയ ശശി, സിരുത്തായ് ഗണേഷ്. പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ