കൃഷി ഉപജീവനമാർഗമായി തിരഞ്ഞെടുത്ത പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്ക് പെരുമാട്ടി പഞ്ചായത്തിലെ വിളയോടിയിലെ ഒരു ഗ്രാമീണകർഷകൻ. തന്റെ നൈസർഗ്ഗിക തൃഷ്ണകളെ ശമിപ്പിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗം ഫൊട്ടോഗ്രഫിയും. തന്റെ നിരന്തരമായ യാത്രകളിൽ സന്തത സഹചാരിയായി കൊണ്ടുപോകുന്നതു ക്യാമറകളുമാണ്. എ.സി.ബാബുജയൻ എന്ന കർഷക ഫൊട്ടോഗ്രഫർ പ്രകൃതിയിലെ വർണങ്ങളിലും വരകളിലും ആകൃതികളിലും സൂക്ഷ്മാംശങ്ങളിലും സൗന്ദര്യം കണ്ടെത്തുന്നതിലും അവയെല്ലാം സാങ്കേതിക പൂർണതയോടെ ഒപ്പിയെടുക്കുന്നതിലും ആത്മസംതൃപ്തി അനുഭവിക്കുന്നു.

ഇന്ത്യയിലെ ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും വന്യജീവി സങ്കേതങ്ങളും സന്ദർശിച്ച് ഫോട്ടോകൾ എടുത്തിട്ടുള്ള അദ്ദേഹം പലവട്ടം ഗൾഫിലും യൂറോപ്പിലും വ്യാപകമായി നടത്തിയ സന്ദർശനങ്ങളുടെ ചിത്രരേഖകൾ ആയിരക്കണക്കാണ്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ഇമേജ് ഫൊട്ടോഗ്രഫിക് അസോസിയേഷന്റെ സ്ഥാപക അംഗവും നിരവധി വർഷങ്ങളായി അതിന്റെ പ്രസിഡന്റുമാണ്. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമഫലമായി കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി ഇമേജ് എല്ലാ വർഷവും ഫൊട്ടോപ്രദർശനവും എല്ലാ മാസവും മീറ്റിങ്ങും ഔട്ടിങ്ങും മുടങ്ങാതെ നടത്തി കേരളത്തിലെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന ക്യാമറ ക്ലബ്ബായി നിലനിൽക്കുന്നു.

വെളിച്ചത്തിന്റെ അപൂർവചാരുതയാർന്ന സന്നിവേശത്തിലൂടെയും ആകൃതികളുടെയും വർണങ്ങളുടെയും വിസ്മയാവഹമായ സമന്വയത്തിലൂടെയും മനസ്സിൽ തറഞ്ഞുകയറുന്ന ദൃശ്യങ്ങൾ മെനഞ്ഞെടുക്കുന്നതിൽ ബാബുജയനുള്ള കഴിവ് അപാരമാണ്. ക്യാമറ ലെൻസിലൂടെ തന്റെ ആറാമിന്ദ്രിയം തുറന്നുവെച്ച് തന്റെ നിരന്തരമായ സൗന്ദര്യ പര്യവേഷണ യാത്രകൾ തുടരുകയാണ് എഴുപതിലെത്തിനിൽക്കുന്ന ഈ ഛായാഗ്രഹണ കലാകാരൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook